Tuesday, June 20, 2017

വായനാ മത്സരത്തിന്‍റെ വിവിധ ദൃശ്യങ്ങള്‍..


വായനാദിനാചരണത്തോട് അനുബന്ധിച്ച് സ്കൂളില്‍ നടത്തിയ വായനാ മത്സരത്തിന്‍റെ വിവിധ ദൃശ്യങ്ങള്‍.........






Monday, June 19, 2017

വായനാദിനം

വായനാദിന ചിന്തകൾ

വായനാദിന ചിന്തകൾ:

പുസ്തകങ്ങളെപ്പറ്റി പ്രമുഖർ പറഞ്ഞത്:
★കുഞ്ഞുണ്ണി മാഷ്
■വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും.
★കുഞ്ഞുണ്ണി മാഷ്
■പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.
★കുഞ്ഞുണ്ണി മാഷ്
■എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്.
★ബെർതോൾഡ് ബ്രെഹ്ത്
■വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.
★ക്രിസ്റ്റ്ഫർ മോർളി
■പുസ്തകങ്ങൾ ഇല്ലാത്ത മുറി, ആത്മാവില്ലാത്ത ശരീരം പോലെയാണ്
★പ്രാങ്ക് സാപ്പ
■ഒരു നല്ല നോവൽ അതിലെ നായകനെക്കുറിച്ച് നമ്മോട് സത്യങ്ങൾ പറയുന്നു. കൊള്ളരുതാത്ത നോവലാകട്ടെ അതിന്റെ രചയിതാവിനെക്കുറിച്ചും.
★മാർക്ക് ട്വയ്ൻ
■നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.
★മാർക്ക്ട്വൈൻ
■ആരോഗ്യത്തെപറ്റിയുള്ള പുസ്തകങ്ങൽ വായിക്കുന്നത് സൂക്ഷിച്ചു വേണം. ഒരച്ചടിപിശക് മൂലം മരണപോലും സംഭവിച്ചേക്കാം.
★ഫ്രാൻസിസ് ബേക്കൺ
■ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയാണ്, ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതും
★ലൂയി ബോർജ്ജേ
■എഴുത്തുക്കാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നു. തരക്കേടില്ലാത്ത ഒരു അവതാരമാണത്.
★സാമുവൽ ബട്ലർ
■പുസ്തകങങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം സിദ്ധിക്കുന്നത്
★റൊബർട്ട്സൺ ഡേവിഡ്
■നല്ല ഒരു കെട്ടിടം പ്രഭാത വെളിച്ചത്തിലും നട്ടുച്ചയ്ക്കും , നിലാവെളിച്ചത്തിലും ആസ്വദിച്ച് കാണേണ്ടതാണ്. അത് പോലെയാണ് മഹത്തായ കൃതികളും. കൗമാരത്തിലും യുവത്വത്തിലും വാർദ്ധക്യത്തിലും അവ വായിച്ച് ആസ്വദിച്ചിരിക്കണം
★ജോസഫ് അഡിസൺ
■ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിനു വായന.
★ജോൺബർജർ
■ഒരു പുസ്തകത്തിന്റെ രണ്ട് പുറംചട്ടകൾ ഒരു മുറിയുടെ നാലുചുവരുകളും മേൽക്കൂരയുമാകുന്നു.നാം ആ പുസ്തകം വായിക്കുമ്പോൾ ആ മുറിയ്ക്കുള്ളിൽ ജീവിക്കുകയാണ്.
★എഡ്വേഡ് ലൈട്ടൺ
■അലസമായി വായിക്കുന്നത് വെറും ഒരു ഉലാത്തലാണ്. അത് കൊണ്ട് വ്യായാമം ലഭിക്കുന്നില്ല
★ജോൺ ചീവർ
■വായിക്കാനാരുമില്ലെങ്കിൽ എനിക്ക് എഴുതാൻ സാധ്യമല്ല. ഇത് ചുംബനം പോലെയാണ്, ഒറ്റയ്ക്ക് ചെയ്യാൻ സാധ്യമല്ല.
★എഡ്വേഡ് ഗിബൺ
■ചിന്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാകുന്നു വായന

മറ്റു ഭാഷാചൊല്ലുകൾ:

■അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ് [ഇംഗ്ലീഷ്]
■കെട്ടുകണക്കിനു പുസ്തകങ്ങൾ ഒരിക്കലും ഒരു നല്ല അധ്യാപകനു പകരമാവില്ല.
[ചൈനീസ്]
■നിങ്ങളുടെ പക്കലുള്ള പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങളുടെ പിൻ തലമുറക്കാർ അജ്ഞനന്മാരായി തീരും
[ചൈനീസ്]
■ഒരു പുസ്തകം തുറക്കുന്നത് എപ്പോഴും ലാഭമുണ്ടാക്കുകയേയുള്ളൂ
[ചൈനീസ്]
■വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്
[ഫ്രഞ്ച്]
■പുസ്തകം കടം കൊടുക്കുന്നവൻ വിഡ്ഢിയാണ്. മടക്കികൊടുക്കുന്നവനോ പമ്പര വിഡ്ഢിയും
[അറബി പഴമൊഴി]
(കടപ്പാട്: Encyclopedia of World Proverbs)

വായനാ ദിനാചരണം 2017

വായനാ ദിനാചരണം 2017

നെയ്യശ്ശേരി എസ് എൻ സി എംഎൽ പി സ്ക്കൂളിൽ വായനാ ദിനാചരണം നടത്തി  സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സീമാ ഭാസ്ക്കരൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ഹെഡ്മിസ്ട്രസ്സ് സ്വാഗതവും ദിവ്യാ ഗോപി നന്ദിയും രേഖ പ്പെടുത്തിയ യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ ബോബി ജോർജ് വായനാദിന സന്ദേശം നൽകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.




Friday, June 16, 2017

പകര്‍ച്ചപ്പനി ബോധവല്‍കരണവും പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും



കര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ന്‍റെ ആഭിമുഖ്യത്തില്‍ നെയ്യശ്ശേരി s n c m l p സ്കൂളില്‍ പകര്‍ച്ചപ്പനി ബോധവല്‍കരണവും പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി . എന്‍. സദാനന്ദന്‍ , കെ.ജെ തോമസ്‌ . എന്‍ ആര്‍ നാരായണന്‍ , വാര്‍ഡ്‌മെമ്പര്‍മാരായ നിസാമോള്‍ ഷാജി, ജോസ്മി സോജന്‍ , പി കെ ഹാജറ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബോബി സാര്‍ , കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ടോജോ പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു





Tuesday, June 13, 2017

റിയാന്‍റെ കിണര്‍

"റിയാന്‍റെ കിണര്‍"


         ഇതൊരു കഥയല്ല. കേട്ടു കഴിഞ്ഞാല്‍ ഒരുപക്ഷേ കഥ പോലെ തോന്നാം.

ഒരു കൊച്ചുബാലൻ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളർത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നാമെല്ലാം പലതരത്തില്‍ തിരക്കുകളില്‍
കുടുങ്ങി ജീവിച്ചുപോകുമ്പോള്‍ ലോകത്തിന്റെ ഒരു മൂലയിലിരുന്ന് റിയാന്‍ തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ത്യാഗത്തിന്റെ വിസ്മയകഥ...!
1998 ജനുവരി.
കാനഡയിലെ ഒണ്ടാറിയയ്ക്കടുത്ത് കെംപ്റ്റവില്ല ഹോളിക്രോസ് സ്കൂള്‍.
ഒന്നാംക്ലാസ്.
കൊച്ചു റിയാന്‍ കൗതുകത്തോടെ മുൻ സീറ്റിലിരുന്ന് മിസ്‌പ്രെസ്റ്റ് എന്ന ടീച്ചര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.

"കുട്ടികളേ...ലോകത്ത് കഷ്ടപ്പാടുകളനുഭവിക്കുന്ന എത്രയെത്ര ആളുകളുണ്ടെന്നറിയാമോ? പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍... നമ്മളൊക്കെ എത്ര പണം പലതിനുമായി ചെലവഴിക്കുന്നു. നമ്മുടെ ഒരു സെന്റ് നാണയമുണ്ടെങ്കില്‍ ആഫിക്കയിലെ കുട്ടികള്ക്ക് ഒരു പെൻസിൽ വാങ്ങാം. 25 സെന്റുകൊണ്ട് 175 വിറ്റാമിന്‍ ഗുളികകള്‍, 60 സെന്റു കൊണ്ട് ഒരു കുട്ടിക്കാവശ്യമായ രണ്ടു മാസത്തേക്കുള്ള മരുന്നുകള്‍ എന്നിവ വാങ്ങാം. 70 ഡോളര്‍ ഉണ്ടെങ്കില്‍ ഒരു കിണറുണ്ടാക്കാം"

ടീച്ചറിതു പറയുമ്പോള്‍ റിയാന്റെ കണ്ണുകള്‍ വികസിക്കുന്നുണ്ടായിരുന്നു. അവന്റെ മനസ്സില്‍ എന്തൊക്കെയോ ആലോചനകള്‍ ഉണ്ടാകുന്നുണ്ടായിരുന്നു. അവനെന്തൊക്കെയോ ടീച്ചറോടു ചോദിക്കാനുണ്ടായിരുന്നു.

ടീച്ചര്‍ വീണ്ടും തുടര്ന്നു :
"കുട്ടികളേ..ലോകത്തില്‍ ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നറിയാമോ? അത് ആവശ്യത്തിനു കുടിവെള്ളമില്ലാത്തതാണ്. ആഫ്രിക്കയില്‍ പലയിടങ്ങളിലും വെള്ളം കിട്ടാനേയില്ല. 20 കിലോമീറ്റർ അകലെ വരെ വെള്ളം തിരഞ്ഞുനടക്കണം. കിട്ടിയാൽ തന്നെ ദുർഗന്ധമുള്ള കലങ്ങിയ മലിനജലം. ഈ വെള്ളം കുടിക്കുന്നതുകൊണ്ട് ആളുകള്ക്കു രോഗമുണ്ടാവുന്നു. എത്ര കൊച്ചുകുട്ടികളാണ് അവിടെ നിത്യവും മരണമടയുന്നതെന്നറിയാമോ ?

ടീച്ചറുടെ വിവരണം റിയാന്റെ മനസ്സിനെ ഉലയ്ക്കുന്നതായിരുന്നു. എളുപ്പത്തില്‍ ഉരുകുന്ന ഹൃദയമായിരുന്നു അവന്റേത്.
റിയാന്റെ മനസ്സില്‍ വെള്ളം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉയർന്നു വന്നു. തന്റെ വീട്ടില്‍ നിത്യവും എത്ര വെള്ളമാണ് ധാരാളിത്തത്തോടെ ചെലവഴിക്കാറുള്ളത് എന്നും അവന്‍ ഓര്ത്തു.

ടാപ്പൊന്നു തിരിച്ചാല്‍ വേണ്ടത്ര വെള്ളം, പിന്നെ കുളിച്ചു തിമർക്കാൻ ചെറിയൊരു സ്വിമ്മിങ് പൂളും.
അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും 'റിലേ' എന്ന പ്രിയപ്പെട്ട വളർത്തു നായയും ഉള്പ്പെട്ട കുടുംബമാണ് അവന്റേത്.

അച്ഛന്‍ മാർക് ഹ്രെൽജാൾക്ക്, പോലീസോഫീസറാണ്. അമ്മ സൂസന്‍ ഹ്രെൽജാൾക്ക് ഗവണ്മെന്റ് കൺസൾട്ടന്റ്. ജോർഡാമന്‍ എന്ന ചേട്ടനും കീഗണ്‍ എന്ന അനിയനും. ഇരുനിലവീട്ടില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്.
എത്ര വെള്ളമാണ് നിത്യവും എല്ലാവരുംകൂടി പാഴാക്കിക്കളയുന്നത് ? റിയാന്‍ ആലോചിച്ചു.

അവന്‍ ടീച്ചറോട് ചോദിച്ചു:
"എന്താണ് ആഫ്രിക്കയില്‍ വെള്ളം കിട്ടാത്തത്?"

ആഫ്രിക്ക ഉഷ്ണമേഖലാരാജ്യമാണെന്നും ഭൂഗർഭ  ജലം കിട്ടണമെങ്കില്‍ അവിടെ ആഴത്തില്‍ കുഴൽക്കിണർ കുഴിക്കണമെന്നും അതിന് വലിയ ചെലവുവരുമെന്നും ടീച്ചര്‍ വിശദീകരിച്ചു. ആഫ്രിക്കയിലെ ജനങ്ങള്‍ ദരിദ്രരായതിനാല്‍ അവര്ക്ക് കിണര്‍ നിർമ്മിക്കാൻ കഴിയില്ലെന്നും ടീച്ചര്‍ പറഞ്ഞു.

റിയാന്റെ കുഞ്ഞുമനസ്സ് വേദനിച്ചു.
വെള്ളം കിട്ടാത്ത ആഫ്രിക്കക്കാർക്ക് എന്തു സഹായമാണ് ചെയ്യാന്‍ പറ്റുക?
സ്‌കൂളിൽ നിന്ന് തിരിച്ചുപോരുമ്പോള്‍ റിയാന്റെ മനസ്സു നിറയെ അതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
ഒരു കുഴൽക്കിണറിന് 70 ഡോളര്‍ ചെലവ് വരുമെന്നാണ് ടീച്ചര്‍ പറഞ്ഞത്.

അച്ഛനും അമ്മയും വൈകുന്നേരം വീട്ടില്‍ വന്നുകയറുമ്പോള്‍ നേരേ ചെന്ന് റിയാന്‍ ചോദിച്ചു:
"എനിക്ക് 70 ഡോളര്‍ തരുമോ?"

അച്ഛനും അമ്മയും അവന്റെ ചോദ്യം കേട്ട് അദ്ഭുതപ്പെട്ടു. ചോദിച്ച സംഖ്യയുടെ വലിപ്പം അറിയാനുള്ള പ്രായം അവനായിട്ടില്ല. എങ്കിലും കൗതുകം വിടാതെ തന്നെ അവര്‍ ചോദിച്ചു:
'എന്തിനാണ് നിനക്ക് ഇത്രയും പണം?'
'ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ്...!'
റിയാന്റെ ഉറച്ച മറുപടിയാണ്.
'ങേഹേ! അതു തരക്കേടില്ലല്ലോ...!'
അമ്മ സൂസന്‍ കൊച്ചുമകന്‍ കീഗണെയെടുത്ത് അകത്തേക്ക് കയറി.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍ റിയാന്‍ വീണ്ടും 70 ഡോളറിന്റെ ആവശ്യം ഉന്നയിച്ചു. അപ്പോഴാണ് സൂസനും മാർക്കും അവനിത്രയും ഗൗരവത്തിലാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കുന്നത്.

മക്കളെ അനുനയത്തില്‍ കൈകാര്യം ചെയ്യാന്‍ ആ അച്ഛനും അമ്മയ്ക്കും മിടുക്കുണ്ടായിരുന്നു. മക്കളെ അവരൊരിക്കലും നിരാശപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യാറില്ല. കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുക്കാനോ പ്രോത്സാഹിപ്പിക്കാനോ അവര്‍ ശ്രദ്ധിച്ചു.

അമ്മ റിയാനോടു പറഞ്ഞു:
'70 ഡോളര്‍ എന്നത് വലിയ സംഖ്യയാണ് മോനേ... അത്രയും തുക ഒറ്റയടിക്ക് നമുക്കെടുക്കാന്‍ കഴിയില്ല.'

അവന്‍ മറുപടി ഒന്നും പറഞ്ഞില്ല.
പക്ഷെ പിറ്റേന്ന് രാവിലെയും അവന്‍ വീണ്ടും അതേ കാര്യം ആവർത്തിച്ചു. അച്ഛനും അമ്മയും പ്രത്യേകിച്ചൊന്നും പ്രതികരിക്കാത്തതു കണ്ടപ്പോള്‍ അവന്റെ കുഞ്ഞുമുഖം വിവർണ്ണ‍മായി.
അവന്‍ പറഞ്ഞു:
'നിങ്ങള്ക്കത് പറഞ്ഞാല്‍ മനസ്സിലാവില്ല. നല്ല വെള്ളം കിട്ടാത്തതുകൊണ്ട് ആഫ്രിക്കയില്‍ കുട്ടികള്‍ മരിക്കുകയാണ്.'
റിയാന്റെ തൊണ്ടയിടറി. കണ്ണില്‍ വെള്ളം നിറഞ്ഞു.
സൂസന്‍ ഒളികണ്ണിട്ട് മാർക്കിനെ നോക്കി. പതുക്കെ അവനെ ചേർത്തു പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു:
'നീ ഇത്ര സീരിയസ്സായിട്ടാണ് 70 ഡോളറിന്റെ കാര്യം പറഞ്ഞത് അല്ലെ ? എങ്കിലൊരു കാര്യം ചെയ്യാം. നീ എന്തെങ്കിലും വീട്ടുജോലികള്‍ ചെയ്യ്. അതിന് കൂലി തരാം. അങ്ങനെ പണം സമ്പാദിക്ക്. അല്ലാതെ വെറുതെ തരില്ല.'

റിയാന്‍ സന്തോഷത്തോടെ സമ്മതിച്ചു. തുടക്കത്തില്‍ ആവേശം കാണിച്ച് ക്രമേണ താത്പര്യം കുറഞ്ഞ് ഈ കാര്യം അവന്‍ മറന്നുകൊള്ളും എന്നാണ് അച്ഛനും അമ്മയും വിചാരിച്ചത്.
ചില്ലുജനലുകള്‍ തുടച്ചും വീട്ടിനകം വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയും അവന്‍ ജോലി തുടങ്ങി. ജനല്‍ വൃത്തിയാക്കാന്‍ രണ്ടു ഡോളര്‍, പൊടി തട്ടാന്‍ ഒരു ഡോളര്‍... അച്ഛനും അമ്മയും കൃത്യമായി പ്രതിഫലം നല്കാന്‍ തുടങ്ങി. ഒരു ബിസ്‌കറ്റ് ടിന്നില്‍ കിട്ടിയ പണം മുഴുവന്‍ അവന്‍ നിക്ഷേപിച്ചു.
മഞ്ഞുവീഴ്ചയില്‍ പൊട്ടിവീണ ചെടിക്കമ്പുകള്‍ നീക്കം ചെയ്തും മുറ്റം വൃത്തിയാക്കിയും നിത്യവും രണ്ടു മണിക്കൂര്‍ റിയാന്‍ അധ്വാനിക്കുമ്പോള്‍ പലപ്പോഴും അവന്റെ സഹോദരങ്ങളായ ജോർഡാനും കീഗണും വീഡിയോ ഗെയിമില്‍ മുഴുകിയിരിക്കും.

രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം എല്ലാവരും കൂടി സിനിമയ്ക്കു പോവാന്‍ തീരുമാനിച്ചപ്പോള്‍ റിയാന്‍ ഒഴിഞ്ഞുമാറി. അവന്‍ പറഞ്ഞു:
'എനിക്ക് ഒരുപാട് ജോലിയുണ്ട്, ഞാനില്ല.'
എങ്ങനെയെങ്കിലും 70 ഡോളര്‍ തികയ്ക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.
അവന്റെ ഈ ഉദ്യമമറിഞ്ഞ മുത്തച്ഛന്‍ ഒരു ജോലി ഏല്പ്പി ച്ചു. കരകൗശലവസ്തുക്കള്‍ നിർമ്മിക്കാനാവശ്യമായ പൈൻമരക്കായകൾ തനിക്ക് എത്തിച്ചുതന്നാല്‍ പത്തു ഡോളര്‍ പ്രതിഫലം തരാം.
സന്തോഷത്തോടെ റിയാന്‍ ആ ചുമതലയുമേറ്റു.

പരീക്ഷയില്‍ മികച്ച മാര്ക്ക് നേടി പ്രോഗ്രസ് കാര്ഡുമായി റിയാന്‍ വന്നപ്പോള്‍ അച്ഛനും അമ്മയും അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതുമവൻ നിക്ഷേപത്തിലേക്കു ചേർത്തു. ബിസ്‌കറ്റ് ടിന്‍ നിറഞ്ഞുവരുന്നത് ആഹ്ലാദത്തോടെ അവന്‍ വീക്ഷിച്ചു. ഇടയ്ക്ക് അവന്‍ അതൊന്ന് എണ്ണിനോക്കി. 70 ഡോളര്‍ തികയാന്‍ ഇനിയും...

അവന്‍ കാര്യക്ഷമതയോടെ അധ്വാനിച്ചു. ഒരു തികഞ്ഞ തൊഴിലാളിയെപ്പോലെ നെറ്റിയില്‍ പൊടിഞ്ഞ വിയർപ്പു കണങ്ങള്‍ വടിച്ചുകളയുന്ന കൊച്ചു റിയാനെക്കണ്ട് മാർക്കിന്റെയും സൂസന്റെയും കണ്ണുകള്‍ നിറഞ്ഞു.

നാലു മാസംകൊണ്ട് റിയാന്റെ ബിസ്‌കറ്റ് ടിന്‍ നിറഞ്ഞു. റിയാന്‍ എണ്ണിനോക്കി. 70 ഡോളറും പിന്നെ അല്പ്പം ചില്ലറയും!
ആഫ്രിക്കയില്‍ ഒരു കിണര്‍ കുഴിക്കാനാണ് 70 ഡോളര്‍ റിയാന്‍ സമ്പാദിച്ചത്. എങ്ങനെയാണ് ആ പണം ആഫ്രിക്കയിലെത്തുക? എങ്ങനെ ആ പണംകൊണ്ട് കിണര്‍ നിർമ്മിക്കും ? റിയാന് സംശയമായി. റിയാന്റെ ആകാംക്ഷ അച്ഛനെയും അമ്മയെയും ബാധിച്ചു. അവരും ആലോചിച്ചു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ അവർക്കും അതിനെക്കുറിച്ച് ധാരണയില്ല.

അമ്മയുടെ സുഹൃത്താണ് ഒരു വഴി പറഞ്ഞുകൊടുത്തത്. 'വാട്ടർ ക്യാൻ' എന്നൊരു സംഘടനയുണ്ട്. ദരിദ്രരാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടന. അവർ വഴി ശ്രമിക്കാം.

ഒട്ടാവയിലെ വാട്ടർ ക്യാൻ ഓഫീസില്‍ ചെന്ന് അന്വേഷിക്കാന്‍ അവര്‍ തീരുമാനിച്ചു. അമ്മ സൂസനോടൊപ്പം ബിസ്‌കറ്റ് ടിന്നും കൈയില്‍ പിടിച്ച് റിയാനും യാത്രയായി. ഒരു മണിക്കൂറുണ്ട് ഒട്ടാവയിലേക്ക്.
അവിടെ ചെന്നപ്പോള്‍ വാട്ടർക്യാൻ പ്രതിനിധികള്‍ തിരക്കിലാണ്. ഉച്ച കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നറിഞ്ഞു. അതുവരെ അമ്മയുടെ ഓഫീസില്‍ ഇരിക്കാന്‍ തീരുമാനിച്ചു.
കാത്തിരിപ്പിന്റെ ഇടവേളയിലാണ് ഓഫീസില്‍ ഒരു മൂലയില്‍ നിറഞ്ഞു കിടക്കുന്ന വേസ്റ്റ് ബാസ്‌കറ്റ് റിയാന്‍ കാണുന്നത്. ഏതായാലും വെറുതേയിരിക്കുകയല്ലേ? അതു പുറത്തു കൊണ്ടുപോയി തട്ടിക്കളഞ്ഞ് വൃത്തിയാക്കാമെന്ന് റിയാന്‍ കരുതി. റിയാന്റെ പ്രവൃത്തി കണ്ട് ഓഫീസിലെ മേലുദ്യോഗസ്ഥന്‍ അമ്മയോട് ചോദിച്ചു:
'നിങ്ങളാണോ കുട്ടിയെ ഈ ശീലങ്ങള്‍ പഠിപ്പിച്ചത്?'
അവന്‍ ജോലി ചെയ്ത് പണം സമ്പാദിക്കുന്നതും അതുകൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അമ്മ വിവരിച്ചു. അദ്ദേഹം റിയാനെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. അഞ്ചു ഡോളര്‍ സമ്മാനം കൊടുത്തു. അതും അവന്‍ ബിസ്‌കറ്റ് ടിന്നിലേക്കിട്ടു.
ഉച്ച കഴിഞ്ഞ് വാട്ടർക്യാൻ ഓഫീസില്‍ എത്തി. നിരാശയുണ്ടാക്കുന്ന വിവരമാണ് കേട്ടത്. ഇത്രയും നാള്‍ അധ്വാനിച്ചു പണം സമ്പാദിച്ചതിന് ഫലം ഉണ്ടാവാന്‍ പോവുന്നു എന്ന് പ്രതീക്ഷിച്ച റിയാനോട് വാട്ടർക്യാൻ ഉദ്യോഗസ്ഥര്‍ പറഞ്ഞു:
'നീ ചെയ്തത് വലിയൊരു കാര്യംതന്നെ. പക്ഷേ... 70 ഡോളർ കൊണ്ട് കിണറിന്റെ ഒരു ഹാന്റ് പമ്പിനു മാത്രമേ തികയൂ. ഒരു കുഴൽക്കിണർ നിര്മിക്കണമെങ്കില്‍ ചുരുങ്ങിയത് 2000 ഡോളര്‍ എങ്കിലും വേണം. ഒരു കൊച്ചുകുട്ടിയെക്കൊണ്ട് അതിനു കഴിയില്ല!'

റിയാന്‍ പറഞ്ഞു
'സാരമില്ല. ഞാന്‍ ഇനിയും ജോലി ചെയ്യാം. കുറച്ചുകൂടി സമയം എടുക്കും എന്നല്ലേയുള്ളൂ.'

തിരിച്ചു മടങ്ങുമ്പോള്‍ ബിസ്‌കറ്റ് ടിന്ന് മടിയില്‍ വെച്ച് റിയാന്‍ ആലോചനയില്‍ മുഴുകി. സൂസനും ആലോചനയിലായിരുന്നു. മടുപ്പു വന്ന് റിയാന്‍ ആഗ്രഹം ഉപേക്ഷിച്ചുകൊള്ളും എന്നവര്‍ കരുതി. എന്നാല്‍ 2000 ഡോളര്‍ എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയിലായിരുന്നു റിയാന്‍.
റിയാന്റെ മോഹം എത്തിപ്പെടാനാവാത്തത്ര അകലത്തിലായല്ലോ എന്നോർത്ത് മാർക്കും സൂസനും വിഷമിച്ചു.

റിയാന്‍ നിഷ്‌കളങ്കമായി പതിവുജോലികള്‍ മടുപ്പുകൂടാതെ ചെയ്തുകൊണ്ടിരുന്നു.
'റിയാന്‍ നിരാശപ്പെട്ട് പിന്മാറുമോ?'
മാർക്ക് ഒരിക്കല്‍ സൂസനോട് ചോദിച്ചു. സൂസന്‍ പറഞ്ഞു:
'തിരിച്ചുപോരാന്‍ കഴിയാത്തവിധം റിയാന്‍ മുന്നേറിക്കഴിഞ്ഞു. അവന്‍ നമ്മെ അതിശയിപ്പിക്കും, തീർച്ച.

ആയിടെയാണ് സൂസന്‍, ആഫ്രിക്കയിലെ കിണർ നിർമ്മാണത്തിനായി 2000 ഡോളര്‍ തികയ്ക്കാൻ റിയാന്‍ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ബന്ധുവിന് ഇ-മെയില്‍ അയച്ചത്. അയാളൊരു ജേണലിസ്റ്റായിരുന്നു. ഒരു പ്രാദേശിക പത്രത്തില്‍ ഇതേക്കുറിച്ച് അദ്ദേഹം വാർത്ത നൽകി.

'പരിവർത്തനം സൃഷ്ടിക്കാന്‍ റിയാന്റെ കിണര്‍'
ഈ തലക്കെട്ടില്‍ വാർത്ത പ്രസിദ്ധീകരിച്ചു.
വാര്ത്തകയ്ക്ക് നല്ല പ്രതികരണമുണ്ടായി. റിയാന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ പിന്തുകണയുമായി നിരവധി പേര്‍ മുന്നോട്ടു വന്നു. തൊണ്ണൂറു കഴിഞ്ഞ മാർഗ്ഗരറ്റ് മുത്തശ്ശി 25 ഡോളറിന്റെ ചെക്ക് റിയാന് അയച്ചുകൊടുത്തു. അതായിരുന്നു ആദ്യത്തെ സംഭാവന. തുടർന്ന് സംഭാവനകളുടെയും പിന്തുണകളുടെയും പ്രവാഹമായിരുന്നു.
ചെക്ക് എങ്ങനെയാണ് പണമാക്കി മാറ്റുന്നത് എന്നറിയാനുള്ള പ്രായംപോലും റിയാന് ആയിട്ടില്ല. എങ്കിലും ആ ഏഴുവയസ്സുകാരന്റെ വിലാസത്തില്‍, വാർത്ത വായിച്ച് നിരവധി കത്തുകളും ചെക്കുകളും വന്നു.
പത്രവാർത്തക്ക് പിറകേ ടി വി ചാനലിലും റിയാനെക്കുറിച്ച് വാർത്ത വന്നു.
റിയാന്റെ കിണര്‍ എന്ന സ്വപ്‌നത്തിനു പിന്തുണ വ്യാപിക്കുകയായിരുന്നു.
ടിവി വാർത്ത കണ്ട് അഞ്ചുവയസ്സുള്ള മെയിലര്‍ എന്ന ബാലന്‍ അമ്മയോടു പറഞ്ഞു:
'ഞാനും എന്തെങ്കിലും ജോലി ചെയ്യുകയാണ്. എനിക്ക് റിയാനെ സഹായിക്കണം!'
ടിവി വാർത്ത പലരെയും സ്വാധീനിച്ചു. കിഴക്കന്‍ ഒണ്ടാറിയോവിലെ കുഴൽക്കിണർ കമ്പനിയുടമ വാള്ട്ടര്‍ വാർത്ത കണ്ട ഉടനെ റിയാന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.
'കുടുംബസമേതം കമ്പനിയിലേക്ക് വരിക. ഞാനും സഹായിക്കാം.'
വാള്ട്ടർ പറഞ്ഞു.

റിയാന്‍ കുടുംബത്തോടൊപ്പം വാള്ട്ടറിന്റെ ക്ഷണം സ്വീകരിച്ച് കമ്പനി സന്ദർശിച്ചു. വാള്ട്ടര്‍ റിയാനെ കൊണ്ടുനടന്ന് കമ്പനിയിലെ യന്ത്രങ്ങളെല്ലാം പരിചയപ്പെടുത്തി. അവര്‍ രണ്ടുപേരും പെട്ടെന്ന് സുഹൃത്തുക്കളായി.

'60 വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നിട്ടും എത്ര പെട്ടെന്നാണ് ഞങ്ങള്‍ കൂട്ടുകാരായത്!'
വാള്ട്ടര്‍ പറഞ്ഞു.
അദ്ദേഹം നല്ലൊരു തുക ചെക്കായി നല്കി. വാള്ട്ടര്‍ കമ്പനി ഈ സംഭാവന നല്കിയത് പത്രവാർത്തയായി.

അതെ! റിയാന്റെ ശ്രമങ്ങളുടെ കൊച്ചുവലയങ്ങള്‍ അവനറിയാതെ വിപുലമാവുകയായിരുന്നു.
ആഫ്രിക്കയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ കുഴൽക്കിണർ‍ നിർമ്മിക്കാൻ ഒരു ബാലന്‍ നടത്തുന്ന പരിശ്രമത്തിന്റെ കഥകള്‍ നാടെങ്ങും പരക്കുകയാണ്. ഏഴുവയസ്സുകാരന്‍ റിയാനെ പല സംഘടനകളും പരിപാടികള്ക്ക് ക്ഷണിച്ചുതുടങ്ങി. സ്‌കൂളിലെ നാണംകുണുങ്ങിയായ കുട്ടി വലിയ ആളുകള്ക്കു മുമ്പില്‍ സങ്കോചമില്ലാതെ സംസാരിക്കുന്നത് ടിവി വാര്ത്തകളില്‍ കണ്ട അദ്ധ്യാപകരും സഹപാഠികളും അത്ഭുതപ്പെട്ടു.

ഗ്രാമങ്ങളില്‍ ചെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന ആളുകളെക്കുറിച്ച് റിയാന്‍ വിവരിച്ചു. അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കി. സ്‌കൂളുകളിലും പള്ളികളിലും ക്ലബ്ബുകളിലും.... എല്ലായിടത്തും റിയാന്‍ തന്റെ സന്ദേശവുമായെത്തി.

മാസങ്ങള്ക്കു ള്ളില്‍ 2000 ഡോളര്‍ റിയാന്‍ സമാഹരിച്ചു. വാട്ടര്‍ക്യാൻ എന്ന സ്ഥാപനത്തെ അവര്‍ വീണ്ടും സമീപിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളില്‍ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഒരു സംഘടനയുണ്ട്- (CFAR) കനേഡിയന്‍ ഫിസിഷ്യൻസ് ഫോര്‍ എയ്ഡ് ആന്ഡ് റിലീഫ്. ഈ സംഘടനവഴിയാണ് വാട്ടർക്യാൻ കിണർ നിർമ്മാണവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ഈ സംഘടനയുടെ പ്രതിനിധി ഗിസ്സോ ഷിബ്രു എന്നയാളെ വാട്ടർക്യാൻകാർ റിയാനു പരിചയപ്പെടുത്തിക്കൊടുത്തു. കുഴൽക്കിണർ നിർമ്മിക്കുന്ന കാര്യങ്ങള്‍ ഷിബ്രുവുമായി ചര്ച്ച്ചെയ്യുമ്പോള്‍ റിയാന്‍ ചോദിച്ചു:
'ഈ കുഴൽക്കിണർ ഒരു സ്‌കൂളിനടുത്ത് കുഴിക്കാമോ? അങ്ങനെയാണെങ്കില്‍ കുട്ടികള്ക്ക് വെള്ളം കുടിക്കാമല്ലോ.'

റിയാന്റെ നിഷ്‌കളങ്കമായ ഈ ആവശ്യം ഷിബ്രു അംഗീകരിച്ചു. മാപ്പ് നിവര്ത്തി ഷിബ്രു കാണിച്ചുകൊടുത്തു.
'ദാ... ഇവിടെ വടക്കന്‍ ഉഗാണ്ടയിലെ അഗവിയോയിലെ അംഗോളോ പ്രൈമറി സ്‌കൂളിനടുത്തായിരിക്കും നിന്റെ കുഴൽക്കിണർ'

റിയാന്റെ മുഖം സന്തോഷംകൊണ്ട് തുടുത്തു. അംഗോളോ പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ നിരനിരയായി കുഴൽക്കിണറിൽ നിന്ന് വെള്ളം കുടിക്കുന്ന രംഗം റിയാന്‍ മനസ്സില്‍ കണ്ടു.

'എത്ര ദിവസംകൊണ്ട് അംഗോളോ സ്‌കൂളിലെ കുട്ടികള്ക്ക് വെള്ളം കിട്ടും?'
റിയാന് ആകാംക്ഷ തടുക്കാന്‍ കഴിഞ്ഞില്ല.

ഷിബ്രു പറഞ്ഞു:
'റിയാന്‍... അതാണ് പ്രശ്‌നം! ഭൂമി തുരന്ന് കുഴല്ക്കിസണര്‍ നിർമ്മിക്കാൻ ഏറെ പണിയുണ്ട്. 20 ഓളം ആളുകള്‍ വളരെ ഏറെ കഷ്ടപ്പെട്ടാലും പതുക്കെ മാത്രമേ കിണർ നിർമ്മാണം നടക്കൂ. മാസങ്ങള്‍ പിടിക്കും. അതല്ലെങ്കില്‍ വലിയ ട്രക്കുകളില്‍ ഘടിപ്പിക്കുന്ന പുതിയതരം ഡ്രില്ലിങ് യന്ത്രങ്ങള്‍ വേണം. എങ്കില്‍ സംഗതി എളുപ്പമാവും. അത് നമ്മുടെ കൈയിലില്ല!'

'അതിനെത്ര വരും?'
ആത്മവിശ്വാസത്തോടെയാണ് റിയാന്‍ ചോദിച്ചത്. എത്രയായാലും താനത് ഉണ്ടാക്കും എന്ന ഉറച്ച വിശ്വാസം അവന്റെ വാക്കുകളിലുണ്ടായിരുന്നു.

'25000 ഡോളര്‍ വരും!'
ഷിബ്രു പറഞ്ഞുതീരും മുമ്പേ റിയാന്‍ പറഞ്ഞു:
'ഞാനത് ഉണ്ടാക്കാം.'

റിയാന്റെ അച്ഛനും അമ്മയും അമ്പരന്നു!  25000 ഡോളര്‍! 2000 ഡോളര്‍ സമാഹരിക്കാൻ തന്നെ എത്ര പാടുപെട്ടതാണ്.അതൊന്നും ഓര്ക്കാതെയാണ് റിയാന്‍ താനിത് ഉണ്ടാക്കും എന്ന് പറയുന്നത്!

'ആഫ്രിക്കയിലെ എല്ലാവർക്കും ശുദ്ധജലം കിട്ടണം! ഞാനതിന് പരിശ്രമിക്കും!'
റിയാന്റെ ഉറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മാര്ക്കും സൂസനും എതിർത്തൊന്നും പറഞ്ഞില്ല.
വീട്ടിൽ വെച്ച് സൂസന്‍ മാർക്കിനോട് പറഞ്ഞു:

'ഇന്നുമുതല്‍ നമ്മളും റിയാന്റെ പദ്ധതിക്കുവേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.'
മാർക്ക്  തലകുലുക്കി സമ്മതിച്ചു.

സൂസന്‍ സിറ്റിസണ്‍ പത്രത്തിന്റെ എഡിറ്റര്ക്ക് ഒരു കത്തെഴുതി. റിയാന്റെ പദ്ധതിയെക്കുറിച്ചും അത് വിപുലമായി മാറുന്നതിനെക്കുറിച്ചും വിശദീകരിച്ചു.
കത്തിനു പ്രതികരണമുണ്ടായി. ഫോട്ടോസഹിതം റിയാനെക്കുറിച്ചുള്ള വാർത്ത ആ പത്രത്തില്‍ വന്നു. തുടർന്ന് 'ഒട്ടാവ ടിവി'യില്‍ റിയാന്റെ അഭിമുഖം സംപ്രേഷണം ചെയ്തു.
റിയാന്റെ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി പിന്തുണയുടെ പ്രവാഹം വീണ്ടുമുണ്ടായി. ചെറുതും വലുതുമായ തുകകളുടെ ചെക്കുകള്‍ റിയാന്റെ വിലാസത്തില്‍ എത്തി. റിയാന്‍ നന്ദി അറിയിച്ചുകൊണ്ട് അവര്ക്കെല്ലാം കത്തുകളെഴുതി.
റിയാന്റെ രണ്ടാംക്ലാസിലെ സഹപാഠികളും ആ സ്വപ്‌നസാക്ഷാത്ക്കാരത്തെ സഹായിക്കാനായി രംഗത്തെത്തി. ലീന്‍ ദില്ലബാഗ് എന്ന അധ്യാപിക കുട്ടികളുടെ പ്രവര്ത്തരനങ്ങള്ക്കു ചുക്കാൻ പിടിച്ചു.
 ലീന്‍ സഹപ്രവര്ത്ത്കരോട് പറഞ്ഞു:
'മറ്റുള്ളവര്ക്ക്ട പ്രചോദനം പകരുന്ന ഈ കൊച്ചുകുട്ടി ഒരു വിസ്മയം തന്നെ!'
ടീച്ചര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു.
'ഒരു കൊച്ചുകുട്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു. എങ്കില്‍ നിങ്ങളുടെ കുട്ടികള്ക്കും ഇങ്ങനെ എല്ലാം പ്രവര്ത്തിചക്കാന്‍ കഴിയും. എല്ലാവരും ശ്രമിച്ചാല്‍ ആഫ്രിക്കയില്‍ ഇനിയും കിണറുകള്‍ ഉണ്ടാക്കാം.'
രക്ഷിതാക്കള്‍ തങ്ങളുടെ പിന്തുണ അറിയിച്ചു.
ക്ലാസിലെ വെള്ളമെടുക്കുന്ന പാത്രം അധ്യാപിക മേശപ്പുറത്തു വെച്ചു. കുട്ടികളെല്ലാം ആ പാത്രത്തില്‍ പണം നിക്ഷേപിച്ചുതുടങ്ങി.
അങ്ങനെ ഒരു ഡ്രില്ലിങ്‌യന്ത്രം വാങ്ങുകയും ആഫ്രിക്കന്മ്ണ്ണില്‍ കുഴല്കിത ണര്‍ നിര്മിക്കുകയും ചെയ്യുക എന്ന റിയാന്റെ സ്വപ്‌നം പൂര്ത്തീ്കരണത്തിന്റെ വക്കില്‍ എത്തിനിന്നു.


ജൂലായ് 27, 2000
വടക്കേ ഉഗാണ്ടയിലെ അംഗോളോഗ്രാമം ഉത്സവാന്തരീക്ഷത്തില്‍. അംഗോളോ പ്രൈമറി സ്‌കൂളിലേക്കുള്ള വഴികള്‍ തോരണങ്ങള്കൊാണ്ട് അലങ്കരിച്ചിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ കുട്ടികളും വിവിധപ്രായക്കാരായ ഗ്രാമീണരും നിരന്നുനില്ക്കുന്നു.
പ്രഭാതമാണെങ്കിലും വെയിലിനു ചൂടുണ്ട്.
ഒരു ഗ്രാമം കാത്തിരുന്ന മഹത്തായ ചടങ്ങ് നടക്കുകയാണ്. അവര്ക്ക് ഏറ്റവും വിലപ്പെട്ട സമ്പത്തായ കുടിവെള്ളം ലഭ്യമാക്കുന്ന കുഴല്ക്കി്ണറിന്റെ ഔപചാരികമായ ഉദ്ഘാടനമാണ് ആ ചടങ്ങ്. ഉദ്ഘാടകന്‍ അവര്ക്ക് അമൂല്യമായ ആ സമ്മാനം നല്കിയ കാനഡയിലെ റിയാന്‍ എന്ന കൊച്ചുമിടുക്കന്‍!
അതാ വരുന്നു അതിഥി! ഒരു ജീപ്പില്‍. കാക്കിനിക്കറും ഓറഞ്ചു നിറമുള്ള ബനിയനുമിട്ട് വെളുത്തുമെലിഞ്ഞ റിയാന്‍!
രക്ഷിതാക്കളുടെ കൂടെയിരിക്കുന്ന അതിഥിയെ കണ്ടപ്പോള്‍ റോഡിനിരുവശവും നില്ക്കുന്ന ആളുകള്‍ കൈവീശി ആര്ത്തു വിളിച്ചു.
'റിയാന്‍...റിയാന്‍!'
ജീപ്പിലിരുന്ന് ആഹ്ലാദത്തോടെ കൈവീശുമ്പോള്‍ റിയാന്‍ അച്ഛനോടും അമ്മയോടും അതിശയത്തോടെ പറഞ്ഞു:
'അവര്ക്കെ ല്ലാം എന്റെ പേരറിയാം!'
'ഇവര്ക്കു മാത്രമല്ല. ഇവിടെ ഒരു 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവര്ക്കും നിന്റെ പേരറിയാം.'
കൂടെ ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ഷിബ്രു പറഞ്ഞു.
സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ജീപ്പ് പ്രവേശിക്കുമ്പോള്‍ അകലേനിന്നുതന്നെ അവര്‍ അതു കണ്ടു! പൂക്കള്കൊണ്ട് അലങ്കൃതമായ കുഴല്ക്കി ണര്‍! അതിന്റെ ഉയരത്തിലുള്ള പ്ലാറ്റ്‌ഫോമിന്റെ കോണ്ക്രീ റ്റ് തറയില്‍ ഇംഗ്ലീഷില്‍ കൊത്തിവെച്ചത് അവര്‍ വായിച്ചു:
formed by Ryan Hreljac
For community of Angolo primary School
(റിയാന്റെ കിണര്‍, അംഗോളോ പ്രൈമറി സ്‌കൂള്‍ സമൂഹത്തിനുവേണ്ടി റിയാന്‍ ഹ്രെല്ജാുക് നിര്മിിച്ചത്.)
കൈയടിച്ച് ആര്ത്തു വിളിക്കുന്ന ആള്ക്കൂപട്ടത്തിനു നടുവിലേക്ക് റിയാനും സംഘവും ഇറങ്ങി. ഒരു രാജകുമാരനെ വരവേല്ക്കുംവിധം മകനെ ആളുകള്‍ സ്വീകരിക്കുന്നതു കണ്ട് അമ്മ സൂസന്റെ കവിളിലൂടെ കണ്ണീരൊഴുകി.
=============
റിയാന്‍ ഹ്രെല്‍ജാക്ക് അവിടെ നിര്‍ത്തിയില്ല. ലോകമെങ്ങും അവന്‍ പ്രചോദനമായി. റിയാന്‍ വെല്‍ ഫൗണ്ടേഷന്‍ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. അവരിതുവരെ കുഴിച്ചത് എഴുന്നൂറിലധികം കിണറുകള്‍. ആഫ്രിക്കയിലെയും ഹെയ്തിയിലെയും ഏഴരലക്ഷംപേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ഇതുമൂലം സാധിച്ചു.

റിയാന്റെ ഈ ജീവിതകഥ കുട്ടികളെ മാത്രമല്ല, ഏതു പ്രായക്കാരെയും കുറെക്കൂടി നല്ലവരാക്കി മാറ്റാന്‍ സഹായിക്കും.
എല്ലാ കാലുഷ്യങ്ങള്ക്കി്ടയിലും മനുഷ്യത്വത്തിന്റെ ഈ മനോജ്ഞ ഗീതത്തിന് ഇത്തിരി ചെവികൊടുക്കുക. തീര്ച്ചായായും നമ്മുടെ മനസ്സില്‍ നന്മയും വിശ്രാന്തിയും സ്‌നേഹവുമെല്ലാം നിറഞ്ഞുവരും. ഭൂഗോളം ഇത്തിരിക്കൂടി ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായിത്തീരും, തീർച്ച.
==============

(റിയാന്റെ കിണര്‍ എന്ന👍👍👍👍👍👍 പുസ്തകത്തില്‍ നിന്ന്)

വയനാട് ജില്ലയുടെ ചരിത്രം

വയനാട് ജില്ലയുടെ ചരിത്രം


                  കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി 1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്.

കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി.

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട് വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.

പേരിനു പിന്നിൽ

പേരിന്റെ ഉറവിടത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്.

• കാടുകളുടെ നാട് എന്നർത്ഥത്തിൽ വനനാട്

• മായക്ഷേത്ര എന്നാണ്‌ സംസ്കൃതത്തിൽ ഇതിന്റെ പേർ എന്ന് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്റ്റ്രേഷനിൽ പറയുന്നു. അത് മലയാളത്തിൽ  മയനാടാവുകയും പിന്നീട് വാമൊഴിയിൽ വയനാടാവുകയും ചെയ്തു എന്നാണ്‌ ചിലർ കരുതുന്നത്.

• വയൽ നാട്, വനനാട്, വഴിനാട് എന്നീ പേരുകളും വയനാടിന്റെ മൂലനാമമായി ഉദ്ധരിച്ചുകാണുന്നുണ്ട്.
ചരിത്രം

പ്രാക്തന കാലം

വയനാട്ടിലെ എടക്കൽ ഗുഹക്കടുത്തുള്ള കുപ്പക്കൊല്ലി, ആയിരംകൊല്ലി, എന്നിവിടങ്ങളിൽ നിന്ന് ചെറുശിലായുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യർ വെള്ളാരം കല്ല് കൊണ്ട് നിർമ്മിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഈ തെളിവ് മൂലം അയ്യായിരം വർഷം മുൻപ് വരെ ഈ പ്രദേശത്ത് സംഘടിതമായ മനുഷ്യവാസമുണ്ടായിരുന്നതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
നവീന ശിലായുഗ സംസ്കാരത്തിന്റെ നിരവധി തെളിവുകൾ വയനാടൻ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. സുൽത്താൻ ‍ബത്തേരിക്കും അമ്പലവയലിനും ഇടയ്ക്കുള്ള അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകളിൽ നിന്നും അതിപുരാതനമായ ചുവർചിത്രങ്ങളും, ശിലാലിഖിതങ്ങളും ചരിത്രഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്. എടക്കൽ എന്ന സ്ഥലത്തുള്ള ഗുഹാ ചിത്രങ്ങൾ രചിക്കപ്പെട്ടത് ചെറുശിലായുഗ കാലഘട്ടത്തിലാണ്‌ എന്നാണ്‌ ചരിത്രകാരനഅയ ഡോ.രാജേന്ദ്രൻ കരുതുന്നത്.

കോഴിക്കോട് സർ‌വ്വകലാശാലയിലെ ഡോ രാഘവ വാര്യർ കുപ്പക്കൊല്ലിയിൽ നടത്തിയ ഉദ്ഖനനത്തിൽ വിവിധതരം മൺപാത്രങ്ങളും (കറുപ്പും ചുവപ്പും മൺ പാത്രങ്ങൾ, ചാരനിറമുള്ള കോപ്പകൾ (Black and Red Pottery and Painted greyware) ലഭിച്ചിട്ടുണ്ട്. ഇവ സ്വസ്തികാകൃതിയിലുള്ള കല്ലറകളിൽ നിന്നാണ്‌ കണ്ടെടുത്തത്. ഇവ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുള്ള മറ്റു ശിലായുഗസ്മാരകങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമണ്‌ എന്നാണ്‌ ഡോ. രാജേന്ദ്രൻ കരുതുന്നത്. ദക്ഷിണേന്ത്യയിലെ മഹാശിലയുഗസംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ മെഡീറ്ററേനിയൻ വർഗ്ഗത്തിൽ പെട്ടവരാണെന്നും അവർ ക്രി.മു. 500 ലാണ്‌ ദക്ഷീണേന്ത്യയിലെത്തിയതെന്നും പ്രശസ്ത നരവംശശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് വോൺ ഫൂറെർഹൈമെൻഡ്ഡോഫ് സിദ്ധാന്തിക്കുന്നുണ്ട്. വയാനാട്ടിൽ നിന്നും ലഭിച്ച മൺ പാത്രങ്ങളുടെ നിർമ്മാണരീതിക്ക് വടക്കു-പടിഞ്ഞാറൻ പ്രദേശങ്ങളിലുത്ഭവിച്ച രീതിയുമായി കടുത്ത സാമ്യമുണ്ട്.ബലൂചിസ്ഥാനിലേയും സൈന്ധവമേഖലകളിലേയും ഹരപ്പൻ സംസ്കാരത്തിനു മുൻപുള്ള മൺപാത്രനിർമ്മാണവുമായി അവക്ക് ബന്ധമുണ്ട്.

എടക്കൽ ശിലാ ലിഖിതങ്ങൾ


സുൽത്താൻ ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയിൽ കേരളത്തിൽ നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന നൽകുന്നു. വയനാട്ടിൽ ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകവും ഇതാണ്‌. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്നർത്ഥത്തിൽ; ഈ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലത്തെ എടക്കൽ എന്നാണ്‌ അറിയപ്പെടുന്നത്.

1896 ൽ ഗുഹയുടെ തറയിൽ അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോൾ നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാർ ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആർ.സി. ടെമ്പിൾ (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂൾറ്റ്ഷ്(1896) കോളിൻ മെക്കൻസി എന്നിവർ എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരിൽപ്പെടുന്നു.


1890-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും 1901-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കൽ ഗുഹാ ചിതങ്ങൾ
നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ചരിവിലും, ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരത്തിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്‌.
ക്രിസ്തുവിനു മുമ്പ്‌ മൂന്നാം നൂറ്റാണ്ടാണ്‌ എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ്‌ ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയും; പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു.


ശിലാലിഖിതങ്ങളിലുള്ള പാലി ഭാഷയിൽ എഴുതപ്പെട്ട "ശാക്യമുനേ ഒവരകോ ബഹുദാനം" എന്ന വരികൾബുദ്ധമതം വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം ബുദ്ധന്റെഒവരകൾ(ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും ബുദ്ധമതത്തിന്റെപ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.
എടക്കൽ ചിത്രങ്ങളുടെ രചനയെ തുടർന്ന് അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.

മദ്ധ്യ-സംഘകാലങ്ങൾ

മദ്ധ്യകാലത്തേതെന്നു കരുതാവുന്ന വീരക്കല്ലുകലൂം ശിലയിൽ തീർത്ത ക്ഷേത്രങ്ങളും വയനാടൻ കാടുകളിൽ നിരവധിയുണ്ട്. സുൽത്താൻ ബത്തേരിക്കടുത്ത കർണാടക വനങ്ങളോടു തൊട്ടു കിടക്കുന്ന മുത്തങ്ങ എന്ന സ്ഥലത്തെ എടത്തറ, രാം‌പള്ളി, കോളൂർ എന്നിവിടങ്ങളിലാണ്‌ ഇത്തരം ശിലാപ്രതിമകൾ കാണപ്പെടുന്നത്. ദ്രാവിഡവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പ്രചാരമുണ്ടായിരുന്ന സംഘകാലത്തു തന്നെയായിരുന്നിരിക്കണം വീരക്കല്ലുകളുടെയും മറ്റു ആരാധനാവിഗ്രഹങ്ങളുടേയും കാലം എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.
പൂക്കോട് തടാകം

സംഘകാലത്ത് ഏഴിമല നന്ദന്റെ കീഴിലായിരുന്നു വയനാട്. സുഗന്ധദ്രവ്യങ്ങളുടേയും ഉത്തുകളുടേയും പ്രധാനവാണിജ്യകേന്ദ്രമായിരുന്നു വയനാട്. ക്രി.വ. 930 കളിൽ വയനാട് ഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായരുന്നു എന്നാണ്‌ റൈസ് അഭിപ്രായപ്പെടുന്നത്. അക്കാലങ്ങളിൽ വേടർ ഗോത്രത്തിന്റെ കൈവശമായിരുന്നു ഈ പ്രദേശങ്ങൾ. ഗംഗരാജാവായ രാച്ചമല്ലയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ബടുക യും ഈ പ്രദേശം ഭരിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പത്താം നൂറ്റാണ്ടിനും പന്ത്രണാം നൂറ്റാണ്ടിനും ഇടക്കായി കദംബർ ഗംഗരെ തോല്പിച്ച് വയനാട് സ്വന്തമാക്കി. കദംബർ അക്കാലത്ത് വടക്കൻ കാനറയിലെ ബനവാസിയായിരുന്നു ആസ്ഥാനമാക്കിയിരുന്നത്. വയനാടിനെ അക്കാലത്ത് വീരവയനാട്, ചാഗിവയനാട് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു. 1104 മുതൽ 1147 വരെ മൈസൂർ ഭരിച്ചിരുന്ന ഹോയ്‍സാല രാജാവായിരുന്ന ദ്വവരസമുദ്രൻ വയനാട് പിടിച്ചടിക്കി, തോടകളേയും മറ്റും പലായനം ചെയ്യിച്ചു എന്ന് മൈസൂർ ലിഖിതങ്ങളിൽ നിന്ന് കാണാം. 1300 ല് ദില്ലിയ്യിലെ മുസ്ലീം സുൽത്താന്മാർ ഹൊയ്സസലരെ അട്ടിമറിച്ചതോടെ ഹൊയ്‍സാല്ലരുടെ മന്ത്രിയായ പെരുമാള ദേവ ദന്നനായകന്റെ മകൻ മാധവ ദന്നനായക നീലഗിരിയുടെ സുബേദാർ എന്ന സ്ഥാനത്തിരുന്നുകൊണ്ട് വയനാട് ഭരിച്ചു പോന്നു.
ദില്ലി സുൽത്താന്മാരെ തോല്പിച്ച് വിജയനഗര സാമ്രാജ്യം സൃഷച്ച ഹിന്ദു രാജാക്കന്മാരുടെ ഊഴമായിരുന്നു അടുത്തത്. 1527 ലെ കൃഷ്ണദേവരായരുടെഒരു ശാസനത്തിൽ വയനാട്ടിലെ മസനഹള്ളി എന്ന സ്ഥലം ഒരു പ്രമുഖനും അയാളുടെ മക്കൾക്കും അനുഭവിക്കാനായി എഴുതിക്കൊടുക്കുന്നുണ്ട്.
1565-ൽ വിജയനഗരസാമ്രാജ്യം ശിഥിലമാകുകയും തളിക്കോട്ട യുദ്ധത്തിൽ ദില്ലിയിലെ സുൽത്താന്മാർ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തതോടെ വിജയനഗരത്തിന്റെ സാമന്തരാജാക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഭ്യന്തരക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വയനാട് ഇതിൽ ഉൾപ്പെട്ടിരുന്നു. 1610-ൽ രാജ ഉഡയാർ കലാപം സൃഷ്ടിച്ച സൈന്യാധിപനെ തുരത്തിയതോടെ വയനാട് വീണ്ടും മൈസൂർ രാജാക്കന്മാർക്കുകീഴിലായി.
പിന്നീട് കോട്ടയം രാജാവ് തിരുനെല്ലികോട്ടയിലെ വേടർക്കരശനെ പരാജയപ്പെടുത്തി, വയനാടിനെ കോട്ടയത്തോട് കൂട്ടിച്ചേർത്തുവെങ്കിലും വയനാട്ടിലെ അതിശൈത്യവും മഞ്ഞും, മലമ്പനിയും കാരണം കോട്ടയം പടയാളികൾ വയനാടിനെ ക്രമേണ കൈയൊഴിച്ചുപോവുകയാണുണ്ടായത്. നാഥനില്ലാത്ത അവസ്ഥയിൽ കോട്ടയം രാജാവ് 600 നായർ കുടു:ബങ്ങളെ വയനാട്ടിൽ കുടിയിരുത്തുകയും വയനാട്ടിനെ 60 നാടുകളായി വിഭജിച്ച് ഭരണാധികാരം നായർ പ്രമാണിമാർക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്തു. ഈ അറുപതുനാടുകളിൽ എട്ടും പത്തും നാടുകൾ ചേർന്ന് ആറുസ്വരൂപങ്ങളായി തീർന്നു. കുപ്പത്തോട് നായന്മാർക്ക് ആധിപത്യമുള്ള വയനാട് സ്വരൂപം, കല്പറ്റ നായന്മാരുടെ മേധാവിത്വമുള്ള എടന്നനസ് കൂറ് സ്വരൂപം, എടച്ചന നായന്മാരുടെ എള്ളകുച്ചി സ്വരൂപം എന്നിവ ഇതിൽ പ്രധാനപ്പെട്ടവയായിരുന്നു. ഹൈദരാലി തന്റെ ഭരണകാലത്ത്, വയനാട് ആക്രമിച്ച് കീഴടക്കി, പക്ഷെ ടിപ്പുവിന്റെ ഭരണകാലത്ത് വയനാട് കോട്ടയം രാജവംശം തിരിച്ചു പിടിച്ചു. പക്ഷെ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാർപ്രദേശം മുഴുവനും ബ്രിട്ടീഷുകാർക്ക് കൈമാറുകയാണുണ്ടായത്.
ലോകത്തിലെ മികച്ച താമസ സൗകര്യത്തിനു വയനാടിന് 9 റാങ്ക് ആണ് നൽകിയിട്ടുള്ളത ്

വായനാദിന ക്വിസ്

വായനാദിന ക്വിസ്

*ചോദ്യങ്ങള്‍*
1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ?
2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ?
3. എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ്?
4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്ഘ കാവ്യം ?
5. " വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്‍?
6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ?
7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്ത്താ വ് ആരാണ്?
8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ?
9. എം.ടി. വാസുദേവന്‍ നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ?
10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ?
11. "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്ത്താവാര് ?
12. "കോവിലന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ആര് ?
13. "കുറത്തി" എന്ന കവിതയുടെ കര്ത്താ വാര് ?
14. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ?
15. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ?
16. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന്‍ ആരാണ് ?
17. ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ?
18. "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്ത്താ വാരാണ് ?
19. നടന്‍ ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ?
20. സി. വി രാമന്‍ പിള്ള രചിച്ച സാമൂഹിക നോവല്‍ ഏതാണ് ?
21. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ?
22. "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ?
23. "അമ്മ" എന്ന റഷ്യന്‍ നോവല്‍ എഴുതിയത് ആരാണ് ?
24. "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ?
25. "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ?
26. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്നറിയപ്പെടുന്നത്  ആരാണ് ?
27. "ആനവാരി രാമന്‍ നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന്‍ ആരാണ് ?
28. "Gandhi" സിനിമയില്‍ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന്‍ ആരായിരുന്നു ?
29. ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ?
30. ഏ. കെ ഗോപലന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര്‍ ചേര്ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത് ?     

Answers

1. ജീവിതപാത
2. എസ്. കെ പൊറ്റക്കാട്
3. അറബിപ്പൊന്ന്
4. ഉജ്ജയിനി
5. അക്കിത്തം അച്യുതൻ നമ്പൂതിരി
6. നാഷണൽ ബുക്ക്സ്റ്റാൾ
7. വൈലോപ്പിളളി
8. മിതവാദി
9. 1958
10. നഷ്ടബോധങ്ങളില്ലാതെ
11. ശ്രീരാമൻ
12. അയ്യപ്പൻ
13. കടമ്മനിട്ട
14. കെ.ടി. മുഹമ്മദ്
15. ഗുജറാത്തി
16. അടൂർ ഗോപാലകൃഷ്ണൻ
17. മഹാഭാരതം
18. ദന്തി
19. കൊടിയേറ്റം
20. പ്രേമാമൃതം
21. ഇന്ദുലേഖ
22. ചെറുതുരുത്തി
23. മാക്‌സിം ഗോർക്കി
24. ഓടക്കുഴൽ
25. സുഗതകുമാരി
26. വൈലോപ്പിളളി
27. വൈക്കം മുഹമ്മദ് ബഷീർ
28. Ben Kingsley
29. പമ്പയാറ്
30. പട്ടിണി ജാഥ

Monday, June 12, 2017

വിളക്ക്

 വിളക്ക്
അന്തി മയങ്ങിക്കഴിഞ്ഞാലുടന്‍ തന്നെ
പൊന്തിപ്പരക്കുന്നു കൂരിരെട്ടെങ്ങുമേ
കണ്ണടച്ചാലും തുറന്നാലുമൂഴിയും
വിണ്ണുമൊപ്പം തന്നെ എല്ലാം കരിനിറം
രാവിനെ പട്ടാപ്പകല്‍ പോലെയാക്കുവാ
നീവിളക്കെത്ര തുടങ്ങുന്നതെപ്പൊഴും                        
"ദീപം കൊളുത്തിയാൽ
കൈകാൽ കഴുകണ-
മാപത്തു നീങ്ങുവാൻ
നാമം ജപിക്കണം
പിന്നെ ക്രമത്താൽ
പഠിക്കേണ്ട പാഠങ്ങ-
ളൊന്നൊഴിയാതെ
പഠിച്ചു തീർത്തീടണം
ഇച്ചൊന്നവണ്ണം
നടക്കും കിടാങ്ങൾക്കു
നിശ്ചയം ശ്രേയസ്സു
മേൻമേൽ വളർന്നിടും "

     - ഉള്ളൂർ

(" വിളക്ക് " എന്ന കവിതയിൽ നിന്ന്)

Friday, June 9, 2017

പനോപകരണ വിതരണം നടത്തി

പനോപകരണ വിതരണം നടത്തി
നെയ്യശ്ശേരി SNMLP School -ൽ നെയ്യശ്ശേരി മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തിൽ പനോപകരണ വിതരണം നടത്തി . സ്റ്റാഫ് സെക്രട്ടറി സി.എം സുബൈർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് PK ഹാജറ നന്ദി രേഖപ്പെടുത്തി . നെയ്യശ്ശേരി മുഹിയുദ്ധീൻ ജു: മ മസ്ജിദ് ഇമാം ഇ.എസ് സുലൈമാൻ ദാരിമി വിതരണ ഉദ്ഘാടനം നടത്തി .ജമാ അത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് ബഷീർ കൊല്ലമ്മാട്ടേൽ സെക്രട്ടറി അനസ് , അനീഷ് ഇനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.




Thursday, June 8, 2017

പരിസ്ഥിതി ദിനം 2017

      പരിസ്ഥിതി ദിനം

        എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നത്.  പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. കാർബൺ ന്യൂട്രാലിറ്റികൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.






Wednesday, June 7, 2017

പ്രവേശനോത്സവം 2017

 പ്രവേശനോത്സവം 2017
നെയ്യശ്ശേരി എസ്.എന്‍.സി.എം. എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. വാര്‍ഡ് മെമ്പര്‍ നിസാമോള്‍ ഷാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വി.എന്‍. രാജപ്പന്‍, സെക്രട്ടറി വിജയന്‍ താഴാനി, എന്‍.ആര്‍. നാരായണന്‍, പി.ടി.എ. പ്രസിഡന്റ് ബോബി ജോര്‍ജ്, എം.പി.ടി.എ. പ്രസിഡന്റ് സിനി ബിനു, ഹെഡ്മിസ്ട്രസ്സ് പി.കെ. ഹാജിറ, സെക്രട്ടറി പി.എം. സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

















Related Posts Plugin for WordPress, Blogger...