ജൈവൈവിധ്യ ദിനാചരണത്തിന് 25 വയസ്സ്.
നമ്മുടെ കാഴ്ചയിൽ പോലും പെടാതെ ചവിട്ടയരക്കുന്ന കുഞ്ഞൻ ചെടി മുതൽ ആകാശത്തോളമെന്ന് തോന്നും വിധം പടർന്നു പന്തലിക്കുന്ന വൻമരങ്ങൾ വരെയും സൂക്ഷ്മജീവികൾ തൊട്ട് നിലത്തമിംഗലം വരെയുള്ള ജീവികളുടെയും ആകത്തുകയാണ് ലോകത്തിന്റെ ജൈവവൈവിധ്യം വാള്‍ട്ടര്‍ ജി റോസന്‍ എന്ന ശാസ്ത്രജ്ഞനാണ് മനുഷ്യന് ചുറ്റുമുള്ള പക്ഷിമൃഗാദികള്‍ക്കും, സസ്യലതാദികള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കുമെല്ലാം ചേര്‍ന്ന സമൂഹത്തെ ജൈവവൈവിധ്യം എന്ന വാക്കിനാല്‍ വിശേഷിപ്പിച്ചത്. ഭൂമിയില്‍ കരയിലും കടലിലും വസിക്കുന്ന വ്യത്യസ്തതയാര്‍ന്ന എല്ലാ ജീവസമൂഹങ്ങളും അവയുടെ ആവാസ വ്യവസ്ഥകളും ചേര്‍ന്നതാണ് ജൈവവൈവിധ്യം എന്നാണ് ഐക്യരാഷ്ട്രസഭ ഭൂമിയുടെ ഈ സൗഭാഗ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍വചനം.
ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്നത് മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട കടമയാണ്.മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ ഭൂമിയോട് നീതിപൂർവം പെരുമാറുന്നവയാണ്. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തുന്ന ഇടപെടലുകൾ ഭൂമിയിലെ ജൈവവൈവിധ്യശോഷണത്തിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നു .
ജൈവവൈവിധ്യത്തിന്റെ മൂല്യം ഉപയോഗത്തിൽ അധിഷ്ഠിതമായതെന്നും നിലനിൽപ്പു മൂല്യമെന്നും രണ്ട് തരത്തിൽ കണക്കാക്കാം ജൈവവൈവിധ്യത്തിന്റെ മൂല്യം കണക്കാക്കുമ്പോൾ ഇന്നത്തെ സാമ്പത്തിക മൂല്യം,നിലവിലുള്ള മൂല്യം,ഭാവിയിലുണ്ടാകുന്ന മൂല്യം എന്നിങ്ങനെ വിലയിരുത്താറുണ്ട്. ഭാവിയിലുള്ള മൂല്യം എന്തെന്ന് നമുക്ക് ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല ഇന്ന് നമ്മുടെ കാഴ്ചയിൽ മൂല്യമില്ലാത്ത ഒരു ജീവജാലത്തിന് ഭാവിയിൽ മൂല്യമുണ്ടാവാൻ ഇടയുണ്ട്. ജൈവവൈവിധ്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് മനുഷ്യൻ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏതാനും ദശകങ്ങളേ ആയിട്ടുള്ളൂ.. ലോകവ്യാപകമായി ഐക്യരാഷ്ട സംഘടന നേതൃത്വത്തിൽ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിന് വേണ്ടി ജൈവവൈവിധ്യ ദിനം ആചരിച്ചുവരുന്നു. 2000 വരെ ഡിസംബർ 29നാണ് ദിനാചരണം നടത്തിയിരുന്നത്.പിന്നീട് മെയ് 22ലേക്ക് മാറ്റി 2018 ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഇരുപത്തിയഞ്ചാം വർഷം കൂടിയാണ് ജൈവവൈവിധ്യ സംരക്ഷണത്തനുള്ള ഇരുപത്തിയഞ്ച് വർഷത്തെ പ്രവർത്തനങ്ങളാഘോഷിക്കുക എന്നതാണ് ഈ വർഷത്തെ പ്രചരണാശയം.
ജൈവവൈവിധ്യത്തെ പല തലങ്ങളായി വേര്‍തിരിച്ചിട്ടുണ്ടെങ്കിലും പൊതുവേ സ്വീകരിക്കുന്നത് താഴെ പറയുംവിധം മൂന്ന് തലങ്ങളാണ്. ജനിതക വൈവിധ്യം ജീവജാതി വൈവിധ്യം , ആവാസ വ്യവസ്ഥാ വൈവിധ്യം എന്നിവയാണവ. ഭൂമുഖത്തുള്ള വ്യത്യസ്ത ജീവജാതികളുടെ വൈവിധ്യത്തെയാണ് ജീവജാതി വൈവിധ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മൃഗങ്ങള്‍, പക്ഷികള്‍, സൂക്ഷ്മ ജീവികള്‍, സസ്യങ്ങള്‍ എന്നിങ്ങനെയുള്ള ജീവജാതി വൈവിധ്യം ആവാസ വ്യവസ്ഥയുടെ സുസ്ഥിരമായ നിലനില്‍പ്പിന് അനിവാര്യമാണ്. ഓരോ ജീവിയും ചുറ്റുപാടുമുള്ള മറ്റ് ജീവികളുമായും പരിസ്ഥിതിയിലെ അജീവിയ ഘടകങ്ങളുമായും പ്രതിപ്രവര്‍ത്തിച്ചുകൊണ്ടുമാണ് ജീവിക്കുന്നത്. ജീവികള്‍ ഇത്തരത്തില്‍ അധിവസിക്കുന്ന സ്ഥലങ്ങളാണ് ആവാസ വ്യവസ്ഥകള്‍. കടല്‍, കുളം, തോട്ടങ്ങള്‍, കൃഷിഭൂമി എന്നിങ്ങനെയുള്ള വിഭിന്നങ്ങളായ ആവാസ വ്യവസ്ഥകള്‍, വ്യത്യസ്ത ജീവസമൂഹങ്ങളുടെ നിലനില്‍പിന് അനിവാര്യമാണ്. മൂവാണ്ടന്‍, കിളിച്ചുണ്ടന്‍, അല്‍ഫോണ്‍സ് എന്നിങ്ങനെ വിവിധയിനങ്ങളെ നമുക്കറിയാമല്ലോ. ഇവയെല്ലാം മാവ് എന്ന ജീവജാതിയുടെ ജനിതക വൈവിധ്യത്തിന് ഉദാഹരണങ്ങളാണ്. ജനിതകപരമായ വൈവിധ്യങ്ങള്‍ കാരണം ഒരു ജീവി/ സസ്യം അതിന്റെ തന്നെ വര്‍ഗത്തില്‍പെട്ട മറ്റൊരു ജീവിയില്‍ / സസ്യത്തില്‍ നിന്ന് വ്യത്യാസം പുലര്‍ത്തുന്നതിനെയാണ് ജനിതകവൈവിധ്യം സൂചിപ്പിക്കുന്നത്.
ആരോഗ്യകരമായ ജൈവവൈവിധ്യവും പരിസ്ഥിതിയും മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ് സമീപകാലത്ത് വിലയിരുത്തിയ 24 ജൈവവൈവിധ്യ സേവനങ്ങളിൽ 15 എണ്ണവും കുറയുന്നു.ശുദ്ധജലം ,കടൽമത്സ്യങ്ങളുടെ ഉത്പാദനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.എന്നാലും മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള കടന്നാക്രമണം തുടരുന്നു. കുഷി ഭൂമിയുടെ അളവ് കുറയുന്നു.കാട് കൈയ്യറുന്നു. തീരദേശത്തെയും കടലിനേയും കടന്നാക്രമിക്കുന്നു. പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെ യുമൊക്കെ ശരിയായ കാവലാൾമാർ മനുഷ്യരാണെന്ന് തിരിച്ചറിവ് ഇനിയുമേറെ പേർക്ക് ഉണ്ടായിട്ടില്ല. പ്രകൃതിക്ക് അനുസൃതമായി ജീവിച്ച പ്രകൃതിയിൽനിന്ന് അറിവുകൾ സ്വായത്തമാക്കി മനുഷ്യനന്മയ്ക്ക് ഉപയോഗപ്പെടുത്തുക എന്നത് വരുംതലമുറയോട് നമുക്ക് ചെയ്യാവുന്ന നീതിപൂർവമായ പ്രവർത്തനമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള താദാത്മ്യം അനുനിമിഷം കൈമോശം വന്നുകൊണ്ടിരിക്കുന്നു ഒരു കാലത്ത് ജീവിക്കുന്ന മനുഷ്യരെന്ന നിലയിൽ ,തുടച്ചുമാറ്റി കൊണ്ടിരിക്കുന്ന ജൈവവൈവിധ്യത്തെ സംരക്ഷിക്കുക എന്നത് നാംഏറ്റെടുത്തേ മതിയാവൂ.
ജൈവ വൈവിധ്യ ഉദ്യാനങ്ങൾ കേരളത്തിന്റെ സന്ദേശം
ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്ന കാലത്ത് ലോകത്തിന് കേരളം നൽകുന്ന സന്ദേശമാണ് സ്കൂളുകളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾ .. വിദ്യാലയങ്ങളിലും വിദ്യാലയ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിലും പച്ചപ്പിന്റെ പOന പരീക്ഷണശാല ആരംഭിക്കുക എന്നത് സാധ്യതയും ഒപ്പം കടുത്ത വെല്ലുവിളിയും ഉയർത്തുന്നുണ്ട്. പ്രകൃതിക്കുവേണ്ടി പഠിക്കുവാൻ കുട്ടികളെ വഴിയൊരുക്കാൻ സഹായിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന് വ്യത്യസ്തമായ നടത്തിപ്പ് മാതൃകകൾ ഇതിനകം മുൻപേ നടന്ന അധ്യാപക സുഹൃത്തുക്കൾ കാട്ടിത്തന്നിട്ടുണ്ട്. സ്ഥലപരിമിതി മുറിച്ചു കടക്കുന്നതിനുള്ള സാധ്യതകൾ വിദ്യാലയങ്ങൾക്ക് അനുഭവേദ്യമാകേണ്ടതുണ്ട്.പ0നത്തിന്റെ ഭാഗമായി വികസിപ്പിക്കുന്ന പഠനത്തിനു വേണ്ടി ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത ജൈവ വൈവിധ്യത്താൽ വിദ്യാലയങ്ങൾ സമ്പന്നമാകട്ടെ!
രാജേഷ്.എസ്.വള്ളിക്കോട്