''മാഷേ... ഭാര്യ ഗര്‍ഭിണിയായി. കുറെ കഴിഞ്ഞിട്ട് മതിയെന്ന് ഞങ്ങൾ നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളി..മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായി....."
എനിക്ക് എന്നും ഉപദേശം തന്നിരുന്ന മാഷോട് ഞാൻ കാര്യം പറഞ്ഞു.
മാഷ് കുറേനേരം എന്നെത്തന്നെ നോക്കി......
ഞാൻ സൂചിപ്പിച്ചു:
"ഇത് ആറാം മാസമാണ്. എനിക്ക് എന്തായാലും ലീവ് പറ്റില്ല. അപ്പോൾ അവള്‍ ഒറ്റയ്ക്ക്?''
മാഷ് പരിഹാരം പറഞ്ഞുതുടങ്ങി:
"സുധാകരാ...പേടിക്കണ്ട; ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ അഡ്മിറ്റാക്കാം. പ്രസവാനന്തര ചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും........അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ.... "
മാഷോട് നന്ദിയും യാത്രയും ഒരുമിച്ചു പറഞ്ഞു ഞാൻ തിരിഞ്ഞുനടന്നു...
>>>>>>>>>>
മാസങ്ങൾക്കു ശേഷം.....ഞാൻ മാഷിനെ അന്വേഷിച്ചിറങ്ങി....
''മാഷേ....കുട്ടിക്ക് നാലു മാസമായി....ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ ജോലിക്കയറ്റം കിട്ടി"
മാഷിന് കാര്യം മനസിലായി.
മാഷ് പരിഹാരം പറഞ്ഞു:
"മൂന്ന് വയസ്സുവരെ കുട്ടിയെ നോക്കുന്ന പാക്കേജുണ്ട്. രാവിലെ വരും വൈകീട്ടു പോകും....ഫുള്‍ടൈം വേണമെന്നുണ്ടെങ്കില്‍ പാക്കേജിന്റെ സ്വഭാവം മാറും.....ഫോൺ നമ്പർ എഴുതിക്കോളൂ"
സന്തോഷമായി; ഞാൻ പോന്നു.
>>>>>>>>
മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ഞാൻ വീണ്ടും ചെന്നു.
"മാഷേ, കുട്ടിക്ക് നാലു വയസ്സാകുന്നു. ഞങ്ങളുടെ ജോലി ഒന്നുകൂടി ടൈറ്റായിവരുന്നു. കുഞ്ഞിന്റെ വിദ്യാഭ്യാസം....!?"
മാഷ് ചെറുചിരിയോടെ പറഞ്ഞു:
''ഇത്തിരി വലിയ പാക്കേജാണ്. ഡേകെയര്‍ മുതൽ.. നല്ല ഡിഗ്രിയെടുത്ത് കൈയില്‍ തരും. കുട്ടിയെ മാസത്തിലൊരിക്കല്‍ വേണമെങ്കില്‍ ചെന്നുകാണാം...."
എന്തു നല്ല മാഷ്!! അഡ്രസ്സും വാങ്ങി ഞാനിറങ്ങി.....
>>>>>>>>>>>
വര്‍ഷങ്ങള്‍ പലതു പിന്നിട്ടു....
മാഷിനെ അന്വേഷിച്ച് ഒരു യുവാവ് വന്നു....
മാഷിന്റെ കാഴ്ച്ചക്ക് മങ്ങലേറ്റിട്ടുണ്ട്. ഓർമ്മശേഷിയും കുറവ്. കേട്ട് സാമ്യമുള്ള ശബ്ദമായതിനാൽ മാഷ് തിരിച്ചറിഞ്ഞു.
"സുധാകരന്റെ മോൻ.....ല്ലേ...?"
"അതേ.....പപ്പ മാഷിനെക്കുറിച്ച് പറയാറുണ്ട്...."
മകൻ ബാക്കി കാര്യം പറഞ്ഞു:
"പപ്പയ്ക്കും മമ്മിക്കും വല്ലാത്ത ഓർമ്മക്കുറവ്, ഓവർ സംസാരം. കുട്ടികളുടെതു പോലെ പിടിവാശി, വയസ്സ് ഒത്തിരിയായില്ലേ...."
മകൻ തുടർന്നു.
"എനിക്ക് തീരെ സമയമില്ല. വൈഫിനാണെങ്കിൽ ജോലിയും...പിന്നെ അവൾ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തുപോകുന്ന പ്രകൃതവുമല്ല.."
മാഷിന് കാര്യം ബോധ്യമായി.
മാഷ് പരിഹാരം പറഞ്ഞുതുടങ്ങി:
"...നല്ല പരിചരണത്തോടെ നോക്കുന്ന ഒരു പാക്കേജുണ്ട്. മരിച്ചാല്‍ അതാത് മതപ്രകാരം സംസ്‌കരിക്കുകയും ചെയ്യും. സാധാരണ വൃദ്ധസധനമല്ല..."
മകൻ സന്തോഷത്തോടെ അഡ്രസ്സെഴുതിയെടുത്തു.... നംബർ തെറ്റാതിരിക്കാൻ ഒന്നുകൂടി വായിച്ചുകേൾപ്പിച്ചു....
മാഷിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്നുവീണു...
മാഷ് ആലോചിച്ചു, നാം എന്താണോ കൊടുക്കുന്നത്; അതു തന്നെ തിരിച്ചു കിട്ടുന്നു.
ആശയം നല്ലതെന്ന് തോന്നി.. നിങ്ങളിലേക്ക് പങ്കുവെക്കുന്നു...
No comments:
Post a Comment