ഓഗസ്‌റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം
ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റത്തിന്‍റെ ഗംഭീര സ്വരമായിരുന്നു ‘ക്വിറ്റ് ഇന്ത്യ’. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്.ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു.ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ "ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു.ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടി പിറവിയെടുത്തു-"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസംതന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.
പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി.1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത്. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശ സ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു-'ക്വിറ്റ് ഇന്ത്യ’.
No comments:
Post a Comment