Monday, January 2, 2017

വായന

വായനയെ സംബ ന്ധിച്ചു സമയം ഇല്ല എന്ന് പറയുന്നവരോട് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞത് ഈ വിധം ആണ്.


                                           " സമയമില്ല..! എപ്പോഴും എവിടെയും കേള്‍ക്കുന്ന ഒരു പല്ലവിയാണല്ലോ ഇത്. അത് വായനയെ സംബന്ധിച്ചാണെങ്കില്‍ അതിത്തിരി ഉച്ചത്തിലുള്ള പല്ലവിയുമാണ്.  വായനയൊക്കെ എനിക്കിഷ്ടമാണ് പക്ഷേ ഈ ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞിട്ട് അതിനൊക്കെ എവിടെയാ സമയം എന്നാണ് സ്ഥിരം സങ്കടം പറച്ചില്‍. ഇപ്പറയുന്ന തിരക്കുകള്‍ ഒക്കെയുണ്ടായിരുന്നിട്ടും ഇക്കഴിഞ്ഞ വര്‍ഷം എനിക്ക് 40 പുസ്തകങ്ങള്‍ വായിക്കുവാന്‍ കഴിഞ്ഞു. ഇക്കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ക്കിതെങ്ങനെ സാധിച്ചു എന്ന് പലരും ചോദിക്കുകയുണ്ടായി. അതുശരിയാണല്ലോ ഞാനതെങ്ങനെ സാധിച്ചു എന്നൊരു ചോദ്യം എനിക്കു തന്നെയും ഉണ്ടായി.

                                                       വായനയുടെ കണക്ക് അവിടെ നില്‍ക്കട്ടെ. കഴിഞ്ഞ വര്‍ഷത്തെ മറ്റ് ചില കണക്കുകള്‍ ഞാന്‍ ഒന്ന് പരിശോധിച്ചു നോക്കി. ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂര്‍ വച്ച് കൂട്ടി നോക്കിയാല്‍പ്പോലും 2190 മണിക്കൂര്‍ നേരം ഞാന്‍ കഴിഞ്ഞ വര്‍ഷം ഉറങ്ങിത്തീര്‍ത്തിട്ടുണ്ട്. അതായത് ഏകദേശം 91 ദിവസം! ഒരു ദിവസം ഞാന്‍ രണ്ടു മണിക്കൂര്‍ നേരം വാര്‍ത്ത, കോമഡി, താരനിശ, സീരിയല്‍ എന്നിവയുടെ പേരില്‍ ടീവിയ്ക്കു മുന്നില്‍ ചിലവിടുമെങ്കില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ കുറഞ്ഞത് 30 ദിവസങ്ങള്‍ ടി വിയ്ക്കു മുന്നില്‍ ചിലവിട്ടു കഴിഞ്ഞു. ദിവസം എട്ടു മണിക്കൂര്‍ വച്ച് ജോലി ചെയ്താല്‍ ഞാന്‍ വര്‍ഷത്തില്‍ 121 ദിവസങ്ങള്‍ ജോലി ചെയ്തുകഴിഞ്ഞു. യാത്രയ്ക്കു വേണ്ടി ഞാന്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ ചിലവിടേണ്ടി വന്നാല്‍ വര്‍ഷത്തില്‍ 15 ദിവസം മുഴുവന്‍ ഞാന്‍ യാത്രയിലായിരുന്നു. ഇങ്ങനെ കണക്കുകള്‍ എത്ര വേണമെങ്കിലും നല്കാം.

                                            ശരി, എങ്കില്‍ എന്റെ ഇഷ്ടവും സ്വപ്‌നവുമായ വായനയ്ക്കുവേണ്ടി വര്‍ഷത്തില്‍ എത്ര സമയം ഞാന്‍ ചിലവഴിച്ചു എന്ന് നോക്കാം. ഞാന്‍ കഴിഞ്ഞ വര്‍ഷം ആകെ വായിച്ച പുസ്തകങ്ങള്‍ 40. അതില്‍ 80 പേജു മുതല്‍ 400 പേജുവരെയുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ശരാശരി 250 പേജുകള്‍ ഓരോ പുസ്തകത്തിനും കണക്കുകൂട്ടാം. എത്ര അവധാനതയില്‍ വായിച്ചാലും ഒരു പേജു വായിക്കാന്‍ രണ്ടു മിനുറ്റിലധികം സമയം എടുക്കില്ല. എന്നുവച്ചാല്‍ ഒരു പുസ്തകം വായിച്ചു തീരാന്‍ വേണ്ട സമയം 500 മിനുറ്റ് അഥവാ ഏട്ടര മണിക്കൂര്‍. അങ്ങനെയാണെങ്കില്‍ നാല്പതു പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ട സമയം 340 മണിക്കൂര്‍ അഥവാ പതിനാല് ദിവസം..!!

                                              കഷ്ടം..! വര്‍ഷത്തില്‍ 91 ദിവസം ഉറങ്ങിയ ഞാന്‍, മുപ്പത് ദിവസങ്ങള്‍ ടി.വിയ്ക്കു മുന്നില്‍ ചിലവിട്ട ഞാന്‍, 121 ദിവസങ്ങള്‍ ജോലി ചെയ്ത ഞാന്‍, 15 ദിവസം യാത്ര ചെയ്ത ഞാന്‍ എന്റെ സ്വപ്‌നമായ വായനയ്ക്കുവേണ്ടി ചിലവിട്ടത് വെറും പതിനാല് ദിവസങ്ങള്‍. എന്നുവച്ചാല്‍ ഞാന്‍ ഒരു ദിവസം വായിച്ചത് ശരാശരി ഒരു മണിക്കൂറില്‍ താഴെ..!!


                                          വായന നമ്മുടെ സ്വപ്‌നമാണ് എങ്കില്‍ അതിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി തീര്‍ക്കാ!ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുവേണ്ടി സമയം കണ്ടെത്തുക ഒരു വലിയ പ്രശ്‌നമായി ഞാന്‍ കാണുന്നതേയില്ല. ദിവസവും ആഹാരം കഴിക്കാന്‍, ഉറങ്ങാന്‍, ദിനകൃത്യങ്ങള്‍ ചെയ്യുവാന്‍ ഒക്കെ സമയം കണ്ടെത്തുന്ന നമുക്ക് വായനയ്ക്കായി ഇത്തിരി സമയം കണ്ടെത്തുക ഒരു പ്രശ്‌നമാണെന്ന് തോന്നുന്നതേയില്ല. അതിനുവേണ്ടത് വായിക്കാനുള്ള മനസ് മാത്രം. എങ്കില്‍ നമുക്ക് വര്‍ഷത്തില്‍ നാല്പത് പുസ്തകങ്ങള്‍ അല്ല എണ്‍പതു പുസ്തകങ്ങള്‍ വരെ വായിച്ചു തീര്‍ക്കാന്‍ കഴിയും. നിശ്ചയം..! "

എന്തുകൊണ്ട് തോടുകൾ സംരക്ഷിക്കപ്പെടണം??

എന്തുകൊണ്ട് തോടുകൾ സംരക്ഷിക്കപ്പെടണം??


            തോട് എന്നത് കേവലം മഴവെള്ളം പുഴയിലേക്ക് ഒഴുക്കിക്കളയാനുള്ള ഒരു ചാലല്ല. തോടിനിരുവശത്തും സ്വാഭാവികമായി വളരുന്ന കൈതച്ചെടികൾ പണ്ടുണ്ടായിരുന്നു. ഇവ വെള്ളത്തിൽ ഉള്ള കാഡ്മിയം എന്ന ഘനലോഹത്തെ വലിച്ചെടുത്ത് വെള്ളത്തെ ശുദ്ധീകരിക്കുന്നു. കാഡ്മിയം നമ്മുടെ കിഡ്നിക്കു വിഷമാണ്. ചേര്, നീർകൂവ തുടങ്ങി നിരവധി സസ്യങ്ങൾ വെള്ളത്തിലെ വിഷങ്ങളെ നിർവീര്യമാക്കുന്നു. ഇങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന വെള്ളമാണ് നമ്മുടെ കിണറുകളിൽ എത്തേണ്ടത്. ഇതു കൂടാതെ കൈത മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയുന്നു. തായ് വേരുകൾ വരുന്ന ഈ ചെടി മത്സ്യങ്ങൾ, ഞണ്ട് തുടങ്ങിയ ജലജീവികൾക്ക് പെറ്റുപെരുകാനും വളരാനുമുള്ള വീടൊരുക്കുന്നു. വെള്ളത്തിന്റെ കുത്തൊഴുക്ക് കുറച്ച് സാവകാശത്തിലാക്കുന്നു.
തോട്ടിലെ മത്സ്യങ്ങൾ വെള്ളത്തിലെ ജൈവാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതുവഴി വെള്ളത്തിൽ അഴുക്കുകൾ കുറയുന്നു. വെള്ളത്തിൽ ജൈവവസ്തുക്കൾ അഴുകുമ്പോൾ വിഷവാതകങ്ങൾ ഉണ്ടാവുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. ഇത് വെള്ളത്തിൽ സ്വാഭാവികമായി ഉണ്ടാവേണ്ട സൂക്ഷ്മജീവികളെ മൊത്തമായി നശിപ്പിക്കും. കൊതുകു പോലുള്ള ജീവികൾ പെരുകും. കൊതുകിന്റെ ലാർവ്വയെ തിന്നുന്ന ചില മത്സ്യങ്ങൾ, തവളകൾ, തുമ്പികൾ തുടങ്ങിയവയുടെ ആവാസവുമാണ് തോട്. ഇവക്ക് വളരാൻ വെള്ളം ശുദ്ധമായിരിക്കണം. തോട്ടിൽ ഞവണി (ഞവുഞ്ഞി) പോലുള്ള തോടുള്ള ജീവികളെ കാണാം. ഇവയുടെ പുറംതോട് കാത്സ്യമാണ്. വെള്ളത്തിന്റെ PH നിലനിർത്താൻ ഇവ സഹായിക്കുന്നു. വെള്ളത്തിന്റെ pH ഏഴ് ആവണം അതാണ് കുടിക്കാൻ ഏറ്റവും യോഗ്യമായ വെള്ളം. തോടിനരികിലുള്ള പൊന്തക്കാടുകളിൽ നിരവധി പക്ഷികൾ തോടിനെ ആശ്രയിച്ച് ജീവിക്കുന്നു. ജലജീവികളെ ഭക്ഷിച്ച് അടുത്തുള്ള കൃഷിയിടങ്ങളിലൊക്കെ കാഷ്ഠിക്കുമ്പോൾ അതിലൂടെ മണ്ണിൽ സൂക്ഷ്മജീവികൾ വർദ്ധിക്കാനും ഫലഭൂയിഷ്ഠമാക്കാനും സഹായിക്കുന്നു. സസ്യങ്ങളുടെ വിത്തുകൾ വിതരണം ചെയ്ത് ഭൂമിയിൽ പച്ചപ്പ് നിലനിർത്തുന്നതിൽ പക്ഷികൾ പ്രധാന പങ്കുവഹിക്കുന്നു. ഇവിടെ വസിക്കുന്ന ചേര, മൂങ്ങ പോലുള്ളവ എലി പോലുള്ള ജീവികളെ നിയന്ത്രിക്കുന്നു.

തോടിന്റെ വൃഷ്ടി പ്രദേശത്തുള്ള സസ്യജന്തുജാലങ്ങൾ ദ്രവിച്ച് ഉണ്ടാകുന്ന അവശിഷ്ടങ്ങൾ തോട്ടിലെ വെള്ളത്തിനൊപ്പം സമീപത്തുള്ള കൃഷിസ്ഥലങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. കുറേ ഭാഗം പുഴയിലും കടലിലും എത്തി മത്സ്യങ്ങൾക്ക് ഭക്ഷണമൊരുക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിലും തോട് പങ്കു വഹിക്കുന്നു. വർഷക്കാലത്ത് പുഴ കരകവിയുമ്പോൾ തോടുകളിലൂടെ പാടങ്ങളിലേക്ക് വെള്ളം കയറുന്നു. ഇതിലെ ജൈവാവശിഷ്ടങ്ങൾ അവിടെ അടിഞ്ഞ് വളക്കൂറുണ്ടാക്കുന്നതോടൊപ്പം ഒരു സേഫ്റ്റി വാൽവു പോലെ പ്രവർത്തിക്കുന്നു. രക്തം ശരീരത്തിലെ അഴുക്കുകൾ സ്വീകരിച്ച് ശുദ്ധീകരിച്ച് വീണ്ടും  ശരീരത്തിലേക്ക്  പോഷണങ്ങളും ഓക്സിജനും ചേർത്ത് ഒഴുക്കുന്നതിന് സമാനമാണ്   തോടുകളും പുഴകളും. ഇവ ജീവന്റെ, വെള്ളത്തിന്റെ മഹാപ്രവാഹമാണ്. ഭൂമിയുടെ ഞരമ്പുകളിൽ ജീവജലം നിറക്കുന്നത് ഇവയാണ്.ഈ ഒഴുക്ക് നിന്നാൽ, കരകൾ ഭിത്തി കെട്ടി തിരിച്ചാൽ ഈ ആവാസ വ്യവസ്ഥ തകരും. പിന്നീട് തോടല്ല അതൊരു അഴുക്ക് ചാലായി മാറും. അതു കൊണ്ട് തോട് സംരക്ഷണമെന്നത് ഒരു ആവാസ വ്യവസ്ഥയുടെ പുനർ സ്ഥാപനമാവണം.

അപരനാമങ്ങൾ

🅾അപരനാമങ്ങൾ
_________
🚫ഹരിതനഗരം....കോട്ടയം
🚫അക്ഷരനഗരം....കോട്ടയം
🚫പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം
🚫തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
🚫കേരളത്തിന്റെ കാശ്മീർ... മൂന്നാർ
🚫കിഴക്കിന്റെ കാശ്മീർ... മൂന്നാർ
🚫തേക്കടിയുടെ കവാടം... കുമളി
🚫മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌
🚫കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
🚫കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌
🚫കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌
🚫തടാകങ്ങളുടെ നാട്‌... കുട്ടനാട്‌
🚫കേരളത്തിന്റെ മൈസൂർ... മറയൂർ
🚫പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
🚫കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
🚫അറബിക്കടലിന്റെ റാണി.... കൊച്ചി
🚫പമ്പയുടെ ദാനം...കുട്ടനാട്‌
🚫കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
🚫കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
🚫വയനാടിന്റെ കവാടം....ലക്കിടി
🚫കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
🚫ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
🚫തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
🚫ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌
🚫സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌
🚫മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
🚫രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
🚫ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌
🚫ദക്ഷിണ ഭാഗീരതി.... പമ്പ
🚫കൊട്ടാരനഗരം.... തിരുവനന്തപുരം
🚫കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം
🚫ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി 
🚫കേര ഗ്രാമം.... കുമ്പളങ്ങി
🚫കേരളത്തിന്റെ മക്ക.... പൊന്നാനി.

ക്വിസ്

ക്വിസ്

1)പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
വള്ളത്തോൾ

2.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
പാട്ടബാക്കി

3. 'ദി ഗുഡ് എർത്ത്' എഴുതിയതാര്.?
പേൾ. എസ്. ബർക്ക്

4. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
ലിയനാർഡോ ഡാവിഞ്ചി

5. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .? ആസാം

6.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
ഗോവ

7.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
കൂടിയാട്ടം

8. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
നാലപ്പാട്ട് നാരായണ മേനോൻ

9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
മോനിഷ

10. 'കിഴവനും കടലും' എഴുതിയതാരാണ്.?
ഏണസ്റ്റ് ഹെമിംഗ് വേ

11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
മിനുക്ക്

12. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
മഹാരാഷ്ട്ര

13. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?
നെല്ല്

14. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്.?
വിക്റ്റർ ഹ്യൂഗോ

15. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?
12

16. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
അക്കിത്തം അച്യുതൻ നമ്പൂതിരി

17. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
ഷേക്സ്പിയർ

18. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
മോഹിനിയാട്ടം

19. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? 
1969

20. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .? 
ജി. ശങ്കരകുറുപ്പ്‌

21. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .? 
നന്ദലാൽ ബോസ്

22. കർണാടക സംഗീതത്തിന്റെ പിതാവ്.?
പുരന്തരദാസൻ

23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
കുമാരനാശാൻ

24.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
ജോനാഥൻ സ്വിഫ്റ്റ്

25. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി

26. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.? 
വള്ളത്തോൾ

27. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
1000

28. മലയാളത്തിലെ ആദ്യ മഹാ കാവ്യം ? 
രാമചന്ദ്രവിലാസം

29. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.? ഖുശ്വന്ത്‌ സിംഗ്

30. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ

31. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
വൈലോപ്പളളി

32. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.? 
ഖസാക്കിന്റെ ഇതിഹാസം

33. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
വള്ളത്തോൾ

34. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
വില്യം സിഡ്നി പോര്ട്ടർ

35. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
മദർ ഇന്ത്യ

36. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.? 
മുൽക്ക് രാജ് ആനന്ദ്

37. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? വയലിൻ

38. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?
താരാശങ്കർ ബന്ധോപാധ്യായ 

39. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി

40. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.? 
സാഹിത്യ ലോകം

41. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
ഗദ്ദിക

42. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്.?
ഇടശ്ശേരി ഗോവിന്ദൻ നായർ

43. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
റുഡ്യാർഡ് കിപ്ലിംഗ്

44. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .? 
മധ്യപ്രദേശ്

45. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.? 
ആലം ആര

46.'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.? 
എസ്. കെ.പൊറ്റക്കാട്

47.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.? 
സത്യാ ജിത്ത് റായ്

48. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?
ജെമിനി ഗണേശൻ

49. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' - ആരുടെ വരികളാണ്.?
ഇടശ്ശേരി

50. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.? 
നാലുകെട്ട്

51.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
ബെൻ കിംഗ്‌സലി

52.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
ഒ.എൻ.വി കുറുപ്പ്

53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.? 
പല്ലവി

54.'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.? 
മീരാ നായർ

55. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.? 
കുമാരനാശാൻ

56. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ .? 
കെ.സി.എസ്.പണിക്കർ

57.'അമ്പല മണി ' ആരുടെ രചനയാണ്.?
സുഗതകുമാരി

58.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി

59.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
മരണ സർട്ടിഫിക്കറ്റ്

60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.? 
ജി.ശങ്കരകുറുപ്പ്‌

61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
കുച്ചിപ്പുടി

62.'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്.?
തകഴി ശിവശങ്കര പിളള

63.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
തലയോട്

64. ' എ മൈനസ് ബി ' - എന്ന കൃതിയുടെ കര്ത്താവ് .?
കോവിലൻ

65. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.? 
ഉറൂബ്

66.' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.? ഫ്രാൻസിസ് ബെക്കൻ

67. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.? 
എം.കെ.സാനു

68. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.? 
എം.എഫ്. ഹുസൈൻ

69.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? അൺ ടു ദിസ്‌ ലാസ്റ്റ്

70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.? 
ചെറുശ്ശേരി

71.മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
പണ്ഡിറ്റ്‌ രവിശങ്കർ

72. ' കേരള വ്യാസൻ' ആരാണ്.? 
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
ജീവിതപ്പാത

74.ഭരതനാട്യം ഉത്ഭവിച്ച നാട് .? 
തമിഴ്നാട്

75. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌.?
കന്നഡ

76. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?
സി.വി.രാമന്പിളള

77.ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
വില്യം ഷേക്സ്പിയർ

78.ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
എഴുത്തച്ചൻ

79. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .? 
പ്രേമാമൃതം

 80. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ.?
വളളത്തോൾ

81. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.? 
തിരുവനന്തപുരം

82.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? മൂന്നാമതൊരാൾ

83. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .?
കഥക്

84. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
വിഷകന്യക

85.'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.? 
തകഴി ശിവശങ്കര പിളള

86.ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.? 
അഖിലൻ

87. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.?
1975

88. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.? 
റൂസ്സോ

89. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.? 
അമീർ ഖുസ്രു

90.കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.?
കുഞ്ചൻ നമ്പ്യാർ

91.'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്.? 
ഹോമർ

92. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?
മീനമാസത്തിലെ സൂര്യൻ

93.ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?
ബ്രാം സ്റ്റോക്കർ

94.പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?
തിക്കുറിശി സുകുമാരൻ നായർ

95.' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്.?
പ്ലേറ്റോ

96.' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?
കേരള വർമ്മ വലിയ കോയിതമ്പുരാൻ

97.'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്.? 
രവീന്ദ്ര നാഥ ടാഗോർ

98. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .? 
അടൂർ ഗോപാലകൃഷ്ണൻ

99. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
പതിറ്റുപ്പത്ത്

100. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ? 
പൂന്താനം

അപര ഗാന്ധിമാർ

അപര ഗാന്ധിമാർ♦♦
1⃣അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കിങ്
2⃣കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത
3⃣ മയ്യഴി ഗാന്ധി - ഐ.കെ കുമാരൻ മാസ്റ്റർ
4⃣ അഭിനവ ഗാന്ധി - അന്നാ ഹസാരേ
5⃣ ആധുനിക ഗാന്ധി - ബാബാ ആംതേ
6⃣ ബീഹാർ ഗാന്ധി - ഡോ.രാജേന്ദ്രപ്രസാദ്
7⃣ബർമീസ് ഗാന്ധി - അങ്സാൻ സൂക്കി
8⃣ ശ്രീലങ്കൻ ഗാന്ധി - എ.ടി.അരിയരത്ന
9⃣ബാൾക്കൻ ഗാന്ധി - ഇബ്രാഹിം റുഗേവ
🔟 ജപ്പാൻ ഗാന്ധി -കഗേവ
1⃣1⃣ അതിർത്തി ഗാന്ധി - ഖാൻ അബ്ദുൾ ഗാഫർ ഖാൻ
1⃣2⃣ ഘാന ഗാന്ധി - ക്വാമി എൻ ക്രൂമ
1⃣3⃣ ജർമ്മൻ ഗാന്ധി -ജറാൾഡ് ഫിഷർ
1⃣4⃣ ആഫ്രിക്കൻ ഗാന്ധി - കെന്നത്ത് കൗണ്ട
1⃣5⃣ കേരള ഗാന്ധി - കെ. കേളപ്പൻ
1⃣6⃣ കൊസാവോ ഗാന്ധി -ഇബ്രാഹിം റുഗേവ
1⃣7⃣ബർദോളി ഗാന്ധി - സർദാർ വല്ലഭായ് പട്ടേൽ
1⃣8⃣വേദാരണ്യം ഗാന്ധി - സി.രാജഗോപാലാചാരി
1⃣9⃣ലാറ്റിൻ അമേരിക്കൻ ഗാന്ധി - സൈമൺ ബൊളിവർ
2⃣0⃣ ഇന്തോനേഷ്യൻ ഗാന്ധി - അഹമ്മദ് സുകാർണോ
2⃣1⃣ ഡൽഹി ഗാന്ധി - നെയ്യാറ്റിൻകര കൃഷ്ണൻ നായർ
2⃣2⃣യങ് ഗാന്ധി - ഹരിലാൽഗാന്ധി
2⃣3⃣ യു.പി ഗാന്ധി - പുരുഷോത്തംദാസ് oണ്ഡൻ

കിണര്‍ റീചാര്‍ജ് എന്ത്, എങ്ങനെ?

കിണര്‍ റീചാര്‍ജ് എന്ത്, എങ്ങനെ?


വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം കേരളത്തില്‍ വ്യാപകമാവുകയാണ്. ഏറ്റവും കൂടുതല്‍ കിണര്‍സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും വേനല്‍ക്കാലത്ത് കിണര്‍ വറ്റുകയോ, വെള്ളം പരിമിതപ്പെടുകയോ ചെയ്യുന്ന അവസ്ഥ സാധാരണമാണ്. കേരളത്തിലെ ഭൂഗര്‍ഭജലവിതാനം പൊതുവെ താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍ കേരളം അതീവ ജാഗ്രത പാലിച്ചേപറ്റു. നമുക്ക് കാലവര്‍ഷക്കാലത്തും, തുലാമഴക്കാലത്തുമായി ധാരാളം മഴവെള്ളം കിട്ടുന്നുണ്ട്. ഇവയെ ശാസ്ത്രീമായി സംഭരിച്ച് വേനല്‍ക്കാല കുടിവെള്ളലഭ്യത ഉറപ്പുവരുത്തുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഇതില്‍ നമുക്ക് ഫലപ്രദമായി ചെയ്യാവുന്ന പ്രവൃത്തിയാണ് കിണര്‍ റീചാര്‍ജിങ്. പ്രത്യേകിച്ചും തുലാമഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളമെങ്കിലും നഷ്ടപ്പെടാതെ ശുദ്ധീകരിച്ച് കിണറില്‍ സംഭരിച്ചാല്‍ നാലുമാസത്തെ കുടിവെള്ളം ഉണ്ടാക്കിയെടുക്കാനാവും. 1000 ച. അടി വിസ്തൃതിയുള്ള ഒരു മേല്‍ക്കൂരയില്‍ ഒരുവര്‍ഷം ശരാശരി മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം മഴവെള്ളമായി പെയ്ത് വീഴുന്നു. തുലാമഴക്കാലത്ത് ഇതിന്റെ 20 ശതമാനം കിട്ടും. ഇത്രയൊന്നും സംഭരിക്കുന്നില്ലെങ്കില്‍പ്പോലും 5000 ലിറ്റര്‍ കപ്പാസിറ്റിയിലുള്ള ടാങ്കില്‍ ശേഖരിച്ചാല്‍ മാത്രം നാലു മാസം തുടര്‍ച്ചയായി ദിനംപ്രതി 40 ലിറ്റര്‍ വെള്ളം ലഭ്യമാക്കാന്‍കഴിയും. സാധ്യത എത്രയോ അധികമാണ്. റീചാര്‍ജ് ചെയ്യേണ്ടതെങ്ങനെയെന്നു നോക്കാം.

റീചാര്‍ജ് ചെയ്യേണ്ട വിധം

മേല്‍ക്കൂരയില്‍ പെയ്തുവീഴുന്ന മഴവെള്ളത്തെ പിവിസി പൈപ്പിന്റെ പാത്തിയിലൂടെ ഒഴുക്കി ഒരു പൈപ്പില്‍ക്കൂടി താഴെക്ക് എത്തിക്കുക. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന ഒരു "അരിപ്പ ടാങ്ക്' സ്ഥാപിക്കണം. വീപ്പയൊ ഇഷ്ടികകൊണ്ട് കെട്ടിയ കുഴിയോ ആയാല്‍ മതി. ഇതിന്റെ ഏറ്റവും അടിയില്‍ ഏതാണ്ട് 20 സെ.മീ. കനത്തില്‍ ചരല്‍ക്കല്ല് വിരിക്കുക. അതിനുമുകളില്‍ 10 സെ. മീ. കനത്തില്‍ മണല്‍ വിരിക്കുക. അതിനു മുകളില്‍ ചിരട്ട കരിച്ച കരിയോ മരക്കരിയോ 10 സെ. മീ. കനത്തില്‍ വിരിക്കുക. ഇതിനുമുകളില്‍ 10 സെ. മീ. കനത്തില്‍ ചരല്‍വിരിക്കുക. ടാങ്കിന്റെ ഏറ്റവും അടിഭാഗത്ത് ഒരു പിവിസി പൈപ്പ് ഘടിപ്പിച്ച് കുടിവെള്ള കിണറിലേക്ക് ഇറക്കിക്കൊടുക്കുക. മേല്‍ക്കൂര മഴവെള്ളം ആദ്യം അരിപ്പയിലേക്കും അവിടെവച്ച് ശുദ്ധീകരിക്കുകയും തുടര്‍ന്ന് കിണറിലേക്കു പതിച്ച് കിണറില്‍ സംഭരിക്കുകയും ചെയ്യുന്നു. ഏറ്റവും ലളിതമായ സംവിധാനത്തിലൂടെ നമുക്ക് അമൂല്യമായ ഈ വെള്ളത്തെ കൂടുതല്‍ സംഭരിച്ച് ഉപയോഗിക്കാന്‍കഴിയും.
കിണറില്‍ വെള്ളം കുറയുന്ന കുടുംബങ്ങളെല്ലാം കിണര്‍ ചാര്‍ജ് സംവിധാനംl പ്രായോഗികമാക്കുകയാണെങ്കില്‍ ഇത് വലിയ നേട്ടമാകും.

പഠനവൈകല്യം തിരിച്ചറിയാം

പഠനവൈകല്യം തിരിച്ചറിയാം ( Learning Disability)

         ചെറിയ കുട്ടികളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് Learning difficulty. എന്നാൽ കുട്ടികളിൽ ഇതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങുമ്പോൾ അതിനെ തിരിച്ചറിഞ്ഞു അവർക്ക് വ്യക്തമായ രീതിയിൽ പിന്തുണ നൽകാൻ കഴിയാത്തതാണ് വലിയ പ്രശനം.ചെറിയ പ്രായത്തിലും ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോഴും കുട്ടികൾക്ക് പഠിക്കാൻ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാറുണ്ട്.എന്നാൽ അതിനെയെല്ലാം അവരുടെ ബുദ്ധിയില്ലായ്മയായിട്ടാണ് പലരും കണക്കാക്കുന്നത്.ഓരോ കുട്ടിയും പഠനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പല രീതിയിലാണ്.അതിനെ കണ്ടെത്തി അവർക്ക് പ്രചോദനം നൽകുന്നതിന് ഏതു തരത്തിലുള്ള പഠനവൈകല്യം (Learning Disability)  ആണ് അവർക്കുള്ളത് എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.
       പഠനവൈകല്യം ഉള്ള പല കുട്ടികളും emotionally abuse ആവാറുണ്ട്. കുട്ടികളിൽനിന്ന് അവരുടെ ചെറിയ പ്രായത്തിൽ അമിതമായി പലതും പ്രതീക്ഷിക്കുന്ന രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ പഠനത്തിന്റെ കഴിവ് എത്രയാണ് എന്ന് മനസ്സിലാക്കുന്നില്ല. രക്ഷിതാക്കൾ മാത്രമല്ല സ്കൂളിലെ അധ്യാപകരും കുട്ടികളുടെ പഠനപ്രായത്തിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്. ചെറിയ പ്രായത്തിൽ കുട്ടികളിൽ പഠനവൈകല്യം ഉണ്ടാവാറുണ്ട്. അത് ഏതു രീതിയിലാണ് അവരെ ബാധിക്കുന്നതെന്നു മനസ്സിലാക്കുകയാണ് വേണ്ടത്.
                  തലച്ചോറിനെ ബാധിക്കുന്ന ഒരുതരം പ്രശ്നമാണ് learning disability അഥവാ പഠനവൈകല്യം. എല്ലാവര്ക്കും ഒരേ വഴിയിലൂടെ തന്നെ പ്രശ്നങ്ങളെ പരിഹരിക്കണോ നോക്കിക്കാണാനോ സാധിക്കണമെന്നില്ല. പഠനവൈകല്യം ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ല.ഓരോ വ്യക്തികളിലും learning difficulty ഉണ്ടാവുന്നത് പല രൂപത്തിലാണ്.പഠനമേഖലയിലും ജോലിസ്ഥലത്തും നിത്യജീവിതത്തിലെ ബന്ധങ്ങൾക്കിടയിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് നല്ല സപ്പോർട്ട് കൊടുക്കുകയാണ് വേണ്ടത്. എന്നാൽ ഇവരെ ജീവിതത്തിൽ വിജയത്തിലേക്ക് കൊണ്ടുവരാൻ ഒരു പരിധി വരെ സാധിക്കും.Learning Disability ചികിത്സിച്ചു മാറ്റാനാവില്ല.
              സ്കൂള്‍ എന്നതുപോലെ തന്നെ വീട്, സമൂഹം എന്നിവയും പഠനത്തെ  സ്വാധീനിക്കുന്ന ഘടകങ്ങളാണ്.  സന്തോഷകരമായ സ്കൂള്‍ അന്തരീക്ഷം, നല്ല അധ്യാപകര്‍,, കുടുംബത്തിന്‍റെ അന്തരീക്ഷം ഇവയെല്ലാം പഠനത്തെ സഹായിക്കുമ്പോള്‍, തകര്‍ന്ന കുടുംബബന്ധങ്ങള്‍, പിതാവിന്‍റെ അമിത മദ്യപാനം, വീട്ടിലെ പഠിക്കാനുള്ള അസൌകര്യം തുടങ്ങിയവ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.  പേടി, നിരാശ, വിഷാദം തുടങ്ങിയവയും കുട്ടിയുടെ പഠനത്തെ സാരമായി ബാധിക്കുന്നു.
           എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ, സാമാന്യമോ, അതില്‍ കൂടുതാലോ ബുദ്ധി വൈഭവമുള്ള കുട്ടികളില്‍ പഠനത്തിന് ആവശ്യമായ ഭാഷ, എഴുത്ത്, വായന, കണക്ക് എന്നിവയില്‍ കഴിവ് ആര്‍ജിക്കുന്നതിലും അവ പ്രായോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ടിനെയാണ് പഠനവൈകല്യം  (Learning disability)  എന്നു പറയുന്നത്.
              ഇത് ബുദ്ധികുറവല്ല. മറിച്ച് ഒളിഞ്ഞു കിടക്കുന്ന ഒരു വൈകല്യമാണ്.  തലച്ചോറിന്‍റെ ഘടനയില്‍ ഉണ്ടാകുന്ന ചില പ്രത്യേകതകളാണ് പഠന വൈകല്യത്തിനു കാരണം. ഓരോരുത്തരിലും വ്യത്യസ്തമായി കണ്ടുവരുന്ന learning difficulty യുടെ സ്വഭാവത്തിനനുസരിച്ച് ഇതിനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
പഠനവൈകല്യത്തെ പ്രധാനമായും മൂന്നായി തിരിക്കാം:

വായനാ വൈകല്യം (Dyslexia)
അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഡിസ്ലെക്സിയ. ഉച്ചരിക്കേണ്ട രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കാതിരിക്കുക, എഴുതിയ വാക്ക് എന്താണെന്ന് മനസ്സിലാക്കാതെ മനസ്സില്‍ തോന്നിയത് പറയുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.

രചനാ വൈകല്യം (Dysgraphia)

അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ഒരു വാചകമുണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാത്ത അവസ്ഥയാണ് ഡിസ്ഗ്രാഫിയ. അക്ഷരങ്ങള്‍ തലതിരിച്ച് എഴുതുകയും ആവശ്യമില്ലാത്ത അകലം വാക്കുകള്‍ക്ക് നല്‍കുകയും ചെയ്യുക. നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.

ഗണിതശാസ്ത്ര വൈകല്യം ( Dyscalculia )
.........................................................................

സംഖ്യകളെ കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനും പറഞ്ഞാല്‍ അവ എങ്ങനെ ചെയ്യണമെന്നുള്ളത് വൈകല്യമുള്ള കുട്ടികള്‍ക്ക് മനസ്സിലാകാതാവുന്നു. കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍ 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

1. ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടിക്ക് വീട്ടിൽ വന്ന് പറയാൻ കഴിയുന്നുണ്ടാവും. പക്ഷേ, എഴുതാൻ എഴുതാൻ പറഞ്ഞാൽ കുട്ടി ആകെ കുഴഞ്ഞു പോകുന്നു....

2. വാക്കുകളുടെ സ്പെല്ലിങ് എഴുതുമ്പോൾ തെറ്റിച്ചെഴുതുക. വല്ലപ്പോഴും ഒരു വാക്ക് തെറ്റിച്ചഴുതുന്നതല്ല, മറിച്ച് സ്ഥിരമായി മിക്കവാറും എല്ലാ സ്പെല്ലിങ്ങും തെറ്റിച്ചു തന്നെ എഴുതുകയാവും ഉണ്ടാവുക. ഒരു വാക്കിൽ തന്നെ പല അക്ഷരങ്ങളും വിട്ടു പോവുകയും ചെയ്യും....

3. സ്പെല്ലിങ് എഴുതുമ്പോൾ അക്ഷരങ്ങള്‍ പരസ്പരം സ്ഥാനം തെറ്റിച്ചാവും എഴുതുക. ഉദാഹരണമായി ടോപ്പ് എന്നു പറഞ്ഞാൽ പോട്ട് എന്നാവും എഴുതി വരുമ്പോൾ. മലയാളത്തിലാണെങ്കില്‍ ട്ടയും ണ്ടയും പരസ്പരം മാറി പോവും...

4. അക്കങ്ങൾ പലപ്പോഴും മറിച്ചാവും എഴുതുക. 15 ന് പകരം 51 എന്നാവും എഴുതിക്കഴിയുമ്പോൾ....

5. വായിക്കുമ്പോൾ കുട്ടി മനപ്പൂർവമല്ലാതെ വാക്കുകളോ ചിലപ്പോൾ വരി തന്നെയോ വിട്ടുകളയുന്നു...

6. അക്ഷരങ്ങൾ നിറുത്തി നിറുത്തി വായിക്കുക. സ്ഫുടതയില്ലാത്തതോ വേഗത കുറഞ്ഞതോ ആയ വായനയാവും ഇവരുടേത്. പക്ഷേ, സംസാരിക്കുമ്പോള്‍ തടസ്സങ്ങൾ ഉണ്ടാവണമെന്നില്ല....

7. ഒരു വാക്കിന്റെ തുട‌ക്കം കാണുമ്പോഴേ ബാക്കി ഊഹിച്ചെടുത്ത് വായിക്കുക. ഉദാഹരണത്തിന് ഡബ്ല്യു എന്നു കാണുമ്പോഴേ വേഗത്തിൽ വാട്ട്എന്ന് വായിച്ചു കഴിഞ്ഞിരിക്കും....

8. ഗണിതപ്പട്ടിക പഠിക്കാൻ പ്രയാസമായിരിക്കും. നല്ല ബുദ്ധിയുളള കുട്ടിയാണെങ്കിലും പരീക്ഷയ്ക്ക് മാർക്ക് തീരെ കുറവായിരിക്കും....
മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും അടയാളങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നുണ്ടെങ്കിൽ അവൻ/അവൾ Learning Disability ഉള്ളവരാണെന്നു മനസ്സിലാക്കാം.

         കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും
          കാര്യമെന്തെന്ന് അറിയാതെ മാതാപിതാക്കളും അധ്യാപകരും കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് കുട്ടികളില്‍ ഗുരുതരമായ മാനസികപ്രശ്നങ്ങള്‍ സൃഷ്ടിക്കും.  ഇവര്‍ക്ക് സമൂഹത്തോടുതന്നെ അമര്‍ഷം തോന്നി സാമൂഹിക വിരുദ്ധരായി വളരാനും ഇടയുണ്ട്. ശ്രദ്ദിക്കുക പഠനവൈകല്യമുള്ള കുട്ടികളെ മറ്റു കുട്ടികളെ പോലെ പഠിപ്പിക്കുന്നതിനും മറ്റും ശാഠ്യം പിടിക്കുന്നത് കാലില്ലാത്ത ഒരുവനെ നടക്കാൻ നിർബന്ധിക്കുന്ന പോലെയാണ്.

          ലോകപ്രശസ്തരായ പലരും ഇത്തരം വൈകല്യങ്ങള്‍ ഉള്ളവരായിരുന്നു.  പ്രശസ്ത  ശാസ്ത്രജ്ഞനായിരുന്ന തോമസ് ആല്‍വാ എഡിസന്  അക്ഷരമാല ഹൃദിസ്ഥമാക്കാന്‍ മരണം വരെ കഴിഞ്ഞിട്ടില്ല. ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആല്‍ബര്‍ട്ട്  ഐന്‍സ്റ്റീന്‍, ചിത്രകാരന്‍ ലിയനാഡോ ദാവിഞ്ചി, നോബല്‍സമ്മാന ജേതാവും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ബില്‍ഗേറ്റ്സ് തുടങ്ങിവരെല്ലാം ഈ വൈകല്യം മറികടന്ന് ജീവിതവിജയം നേടിയവരാണ്.

ശുക്രന്‍

ശുക്ര ലോകത്തെ കുറിച്ച്.അൽപം വിശേഷം

1. ഏതാണ്ട് ഭൂമിയുടെ അതേ വലിപ്പം
2. ഏററവും അധികം അപര നാമങ്ങൾ ഉള്ള ഗ്രഹം
പ്രഭാത നക്ഷത്രം ,പ്രദോഷ നക്ഷത്രം, വെള്ളിമീൻ, വെള്ളിനക്ഷത്രം,പെരുമീൻ, എട്ടര പൊട്ടൻ, ചെകുത്താൻ ഗ്രഹം, നിഗൂഡ ഗ്രഹം, എന്നെല്ലാം,,,

3 .ആഴ്ച്ചയിലെ വെള്ളി ഈ വെള്ളി പോലെ തിളങ്ങുന്നവനാണ്
4. വർഷത്തേക്കാൾ വലിയ ദിവസമുള്ള ഗ്രഹം
Venus Year 225 Earthdays 
VenuടDay 248 Earth Days 
5 , പകൽ താപനില 480°C
6. അന്തരീക്ഷമർദ്ദം ഭൂമിയുടെ        90 ഇരട്ടി
7.സൗരയൂഥത്തിലെ പ്രഷർകുക്കർ
8. പടിഞ്ഞാറ് സുര്യോദയം ഉള്ള ഗ്രഹം
9. അമ്ല മഴ മാത്രം പെയ്യാൻ കാരണമായ അന്തരീക്ഷ മേഘങ്ങൾ
10. സാന്ദ്രത കൂടിയ അന്തരീക്ഷം കാരണം തലക്കു മുകളിലെ ആകാശകാഴ്ച്ച വളരെ വിസ്താരം കുറഞ്ഞത് (കിണറിൽ നിന്ന് ആകാശം കാണുന്ന പോലെ )

ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം

ഒരു ലക്ഷം കുട്ടികളെ ഉള്‍പ്പെടുത്തി ഐടി @ സ്കൂളിന്റെ 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' ഈ വര്‍ഷം മുതല്‍

       തിരുവനന്തപുരം• ഐസിടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താല്‍പര്യവുമുള്ള കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐടി @ സ്കൂള്‍ പ്രോജക്‌ട് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ മാതൃകയില്‍ ഒരു സ്ഥിരം സംവിധാനമായി ഇതിനെ മാറ്റുന്നതിന്റെ വിശദാംശങ്ങള്‍ ഐടി @ സ്കൂള്‍ പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടങ്ങളെ' ശാക്തീകരിക്കുകയും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുമെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
       ഐസിടി സങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുക, സംഘപഠനത്തിന്റെയും സഹവര്‍ത്തിത പഠനത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ക്കു പ്രദാനം ചെയ്യുക, വിദ്യാലയത്തിലെ ഐസിടി അധിഷ്ഠിത പഠനത്തിന്റെ മികവു കൂട്ടാനും സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചു വിദ്യാര്‍ഥികളെ ബോധവാന്മാരാക്കു കയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക, വിവിധ ഭാഷാ കംപ്യൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുക, പഠന പ്രോജക്‌ട് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള താല്‍പ്പര്യം വളര്‍ത്തിയെടുത്തുക തുടങ്ങിയവയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' ലക്ഷ്യമിടുന്നത്.
            ഇതനുസരിച്ചു ഓരോ സ്കൂളിലെയും ഐടി ക്ലബിലെ കുട്ടികളെ അനിമേഷന്‍ ആന്‍ഡ് മള്‍ട്ടീമീഡിയ, ഹാര്‍ഡ്വെയര്‍, ഇലക്‌ട്രോണിക്സ്, ഭാഷാ കംപ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിങ്ങനെ അഞ്ചു മേഖലകള്‍ തിരിച്ചു വിദഗ്ധ പരിശീലനം നല്‍കും. ഐടി @ സ്കൂള്‍ പ്രോജക്‌ട് ഇതു തുടര്‍ച്ചയായി മോണിറ്റര്‍ ചെയ്യും. കുട്ടിക്കൂട്ടായ്മയുടെ സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ പിടിഎ പ്രസിഡന്റ് ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറും ആയ സമിതി ഏകീകരിപ്പിക്കും. സ്കൂളിലെ ഐടി കോര്‍ഡിനേറ്റര്‍മാര്‍ ഇവയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. ക്ലാസ് സമയം നഷ്ടപ്പെടുത്താതെയാകും കുട്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനം.
ഒരു ലക്ഷം വിദ്യാര്‍ഥികളെ ഈ വര്‍ഷം തന്നെ 'ഹായ് സ്കൂള്‍ കളിക്കൂട്ടത്തിന്റെ' ഭാഗമാകുന്നതോടൊപ്പം ഇവരെ ഉപയോഗിച്ചു ക്രമേണ മറ്റു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം ബോധവല്‍ക്കരണവും പരിശീലനങ്ങളും നല്‍കാനും ഐടി @ സ്കൂള്‍ സംവിധാനം ഒരുക്കുമെന്ന് ഐടി @ സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി നെറ്റ്വര്‍ക്ക് ആയി ഇതു മാറും. അടുത്ത അധ്യയന വര്‍ഷം അംഗങ്ങളുടെ എണ്ണം ചുരുങ്ങിയതു രണ്ടു ലക്ഷമാക്കി ഉയര്‍ത്തും.
നിലവില്‍ ഇന്റര്‍നെറ്റ് സുരക്ഷിതത്വ പ്രവര്‍ത്തനങ്ങളില്‍ ഗൂഗിള്‍, ഇലക്‌ട്രോണിക്സില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ വിവിധ ഏജന്‍സികള്‍ പങ്കാളിത്തം ഉറപ്പു തന്നിട്ടുണ്ട്. ഇതു വിപുലപ്പെടുത്തുകയും സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകളും (സിഎസ്‌ആര്‍) കുട്ടികള്‍ക്ക് ഹാര്‍ഡ്വെയര്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ ഫണ്ടും ലഭ്യമാക്കാന്‍ ഐടി @ സ്കൂള്‍ പദ്ധതികള്‍ സമര്‍പ്പിക്കും.
2010-11ല്‍ സ്കൂള്‍ സ്റ്റുഡന്റ് ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഐടി@സ്കൂള്‍ പ്രോജക്‌ട് വിപുലമായ പരിശീലനപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്നതു സ്കൂളുകളിലെ ഹാര്‍ഡ്വെയര്‍ പരിപാലനം, ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മാണം തുടങ്ങിയ ഐടി വളര്‍ച്ചയിലെ നിര്‍ണായക ചുവടുവയ്പുകളായിരുന്നുവെങ്കിലും പിന്നീട് ആ സംവിധാനം തുടര്‍ന്നില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട് ഡിപിഐയുടെ സര്‍ക്കുലര്‍ ഉള്‍പ്പടെയുള്ള വിശദമായ റിപ്പോര്‍ട്ട് www.itschool.gov.inല്‍ നല്‍കിയിട്ടുണ്ട്. ഓരോ സ്കൂളില്‍നിന്നും കുറഞ്ഞത് 20 കുട്ടികളെങ്കിലും പദ്ധതിയില്‍ അംഗങ്ങളായി ഉണ്ടായിരിക്കണം. പരമാവധി അംഗങ്ങളുടെ എണ്ണം ഹൈസ്കൂള്‍ വിഭാഗം കുട്ടികളുടെ എണ്ണത്തിന്റെ 12%. പദ്ധതിയില്‍ അംഗത്വം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ ഐടി @ സ്കൂള്‍ വെബ്സൈറ്റിലെ Training Management System - ല്‍ 2017 ജനുവരി 24നകം നല്‍കേണ്ടതാണ്. ഒന്നാം ഘട്ട പരിശീലനം 2017 മാര്‍ച്ച്‌ 31 ന് മുന്‍പു പൂര്‍ത്തിയാക്കും. വിശദമായ പരിശീലനം അവധിക്കാലത്തു നടത്തും
Related Posts Plugin for WordPress, Blogger...