Monday, January 2, 2017

എന്തുകൊണ്ട് തോടുകൾ സംരക്ഷിക്കപ്പെടണം??

എന്തുകൊണ്ട് തോടുകൾ സംരക്ഷിക്കപ്പെടണം??


            തോട് എന്നത് കേവലം മഴവെള്ളം പുഴയിലേക്ക് ഒഴുക്കിക്കളയാനുള്ള ഒരു ചാലല്ല. തോടിനിരുവശത്തും സ്വാഭാവികമായി വളരുന്ന കൈതച്ചെടികൾ പണ്ടുണ്ടായിരുന്നു. ഇവ വെള്ളത്തിൽ ഉള്ള കാഡ്മിയം എന്ന ഘനലോഹത്തെ വലിച്ചെടുത്ത് വെള്ളത്തെ ശുദ്ധീകരിക്കുന്നു. കാഡ്മിയം നമ്മുടെ കിഡ്നിക്കു വിഷമാണ്. ചേര്, നീർകൂവ തുടങ്ങി നിരവധി സസ്യങ്ങൾ വെള്ളത്തിലെ വിഷങ്ങളെ നിർവീര്യമാക്കുന്നു. ഇങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന വെള്ളമാണ് നമ്മുടെ കിണറുകളിൽ എത്തേണ്ടത്. ഇതു കൂടാതെ കൈത മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയുന്നു. തായ് വേരുകൾ വരുന്ന ഈ ചെടി മത്സ്യങ്ങൾ, ഞണ്ട് തുടങ്ങിയ ജലജീവികൾക്ക് പെറ്റുപെരുകാനും വളരാനുമുള്ള വീടൊരുക്കുന്നു. വെള്ളത്തിന്റെ കുത്തൊഴുക്ക് കുറച്ച് സാവകാശത്തിലാക്കുന്നു.
തോട്ടിലെ മത്സ്യങ്ങൾ വെള്ളത്തിലെ ജൈവാവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതുവഴി വെള്ളത്തിൽ അഴുക്കുകൾ കുറയുന്നു. വെള്ളത്തിൽ ജൈവവസ്തുക്കൾ അഴുകുമ്പോൾ വിഷവാതകങ്ങൾ ഉണ്ടാവുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. ഇത് വെള്ളത്തിൽ സ്വാഭാവികമായി ഉണ്ടാവേണ്ട സൂക്ഷ്മജീവികളെ മൊത്തമായി നശിപ്പിക്കും. കൊതുകു പോലുള്ള ജീവികൾ പെരുകും. കൊതുകിന്റെ ലാർവ്വയെ തിന്നുന്ന ചില മത്സ്യങ്ങൾ, തവളകൾ, തുമ്പികൾ തുടങ്ങിയവയുടെ ആവാസവുമാണ് തോട്. ഇവക്ക് വളരാൻ വെള്ളം ശുദ്ധമായിരിക്കണം. തോട്ടിൽ ഞവണി (ഞവുഞ്ഞി) പോലുള്ള തോടുള്ള ജീവികളെ കാണാം. ഇവയുടെ പുറംതോട് കാത്സ്യമാണ്. വെള്ളത്തിന്റെ PH നിലനിർത്താൻ ഇവ സഹായിക്കുന്നു. വെള്ളത്തിന്റെ pH ഏഴ് ആവണം അതാണ് കുടിക്കാൻ ഏറ്റവും യോഗ്യമായ വെള്ളം. തോടിനരികിലുള്ള പൊന്തക്കാടുകളിൽ നിരവധി പക്ഷികൾ തോടിനെ ആശ്രയിച്ച് ജീവിക്കുന്നു. ജലജീവികളെ ഭക്ഷിച്ച് അടുത്തുള്ള കൃഷിയിടങ്ങളിലൊക്കെ കാഷ്ഠിക്കുമ്പോൾ അതിലൂടെ മണ്ണിൽ സൂക്ഷ്മജീവികൾ വർദ്ധിക്കാനും ഫലഭൂയിഷ്ഠമാക്കാനും സഹായിക്കുന്നു. സസ്യങ്ങളുടെ വിത്തുകൾ വിതരണം ചെയ്ത് ഭൂമിയിൽ പച്ചപ്പ് നിലനിർത്തുന്നതിൽ പക്ഷികൾ പ്രധാന പങ്കുവഹിക്കുന്നു. ഇവിടെ വസിക്കുന്ന ചേര, മൂങ്ങ പോലുള്ളവ എലി പോലുള്ള ജീവികളെ നിയന്ത്രിക്കുന്നു.

തോടിന്റെ വൃഷ്ടി പ്രദേശത്തുള്ള സസ്യജന്തുജാലങ്ങൾ ദ്രവിച്ച് ഉണ്ടാകുന്ന അവശിഷ്ടങ്ങൾ തോട്ടിലെ വെള്ളത്തിനൊപ്പം സമീപത്തുള്ള കൃഷിസ്ഥലങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. കുറേ ഭാഗം പുഴയിലും കടലിലും എത്തി മത്സ്യങ്ങൾക്ക് ഭക്ഷണമൊരുക്കുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തിലും തോട് പങ്കു വഹിക്കുന്നു. വർഷക്കാലത്ത് പുഴ കരകവിയുമ്പോൾ തോടുകളിലൂടെ പാടങ്ങളിലേക്ക് വെള്ളം കയറുന്നു. ഇതിലെ ജൈവാവശിഷ്ടങ്ങൾ അവിടെ അടിഞ്ഞ് വളക്കൂറുണ്ടാക്കുന്നതോടൊപ്പം ഒരു സേഫ്റ്റി വാൽവു പോലെ പ്രവർത്തിക്കുന്നു. രക്തം ശരീരത്തിലെ അഴുക്കുകൾ സ്വീകരിച്ച് ശുദ്ധീകരിച്ച് വീണ്ടും  ശരീരത്തിലേക്ക്  പോഷണങ്ങളും ഓക്സിജനും ചേർത്ത് ഒഴുക്കുന്നതിന് സമാനമാണ്   തോടുകളും പുഴകളും. ഇവ ജീവന്റെ, വെള്ളത്തിന്റെ മഹാപ്രവാഹമാണ്. ഭൂമിയുടെ ഞരമ്പുകളിൽ ജീവജലം നിറക്കുന്നത് ഇവയാണ്.ഈ ഒഴുക്ക് നിന്നാൽ, കരകൾ ഭിത്തി കെട്ടി തിരിച്ചാൽ ഈ ആവാസ വ്യവസ്ഥ തകരും. പിന്നീട് തോടല്ല അതൊരു അഴുക്ക് ചാലായി മാറും. അതു കൊണ്ട് തോട് സംരക്ഷണമെന്നത് ഒരു ആവാസ വ്യവസ്ഥയുടെ പുനർ സ്ഥാപനമാവണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...