Monday, January 2, 2017

വായന

വായനയെ സംബ ന്ധിച്ചു സമയം ഇല്ല എന്ന് പറയുന്നവരോട് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞത് ഈ വിധം ആണ്.


                                           " സമയമില്ല..! എപ്പോഴും എവിടെയും കേള്‍ക്കുന്ന ഒരു പല്ലവിയാണല്ലോ ഇത്. അത് വായനയെ സംബന്ധിച്ചാണെങ്കില്‍ അതിത്തിരി ഉച്ചത്തിലുള്ള പല്ലവിയുമാണ്.  വായനയൊക്കെ എനിക്കിഷ്ടമാണ് പക്ഷേ ഈ ജോലിത്തിരക്ക് ഒക്കെ കഴിഞ്ഞിട്ട് അതിനൊക്കെ എവിടെയാ സമയം എന്നാണ് സ്ഥിരം സങ്കടം പറച്ചില്‍. ഇപ്പറയുന്ന തിരക്കുകള്‍ ഒക്കെയുണ്ടായിരുന്നിട്ടും ഇക്കഴിഞ്ഞ വര്‍ഷം എനിക്ക് 40 പുസ്തകങ്ങള്‍ വായിക്കുവാന്‍ കഴിഞ്ഞു. ഇക്കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ക്കിതെങ്ങനെ സാധിച്ചു എന്ന് പലരും ചോദിക്കുകയുണ്ടായി. അതുശരിയാണല്ലോ ഞാനതെങ്ങനെ സാധിച്ചു എന്നൊരു ചോദ്യം എനിക്കു തന്നെയും ഉണ്ടായി.

                                                       വായനയുടെ കണക്ക് അവിടെ നില്‍ക്കട്ടെ. കഴിഞ്ഞ വര്‍ഷത്തെ മറ്റ് ചില കണക്കുകള്‍ ഞാന്‍ ഒന്ന് പരിശോധിച്ചു നോക്കി. ഒരു ദിവസം കുറഞ്ഞത് ആറു മണിക്കൂര്‍ വച്ച് കൂട്ടി നോക്കിയാല്‍പ്പോലും 2190 മണിക്കൂര്‍ നേരം ഞാന്‍ കഴിഞ്ഞ വര്‍ഷം ഉറങ്ങിത്തീര്‍ത്തിട്ടുണ്ട്. അതായത് ഏകദേശം 91 ദിവസം! ഒരു ദിവസം ഞാന്‍ രണ്ടു മണിക്കൂര്‍ നേരം വാര്‍ത്ത, കോമഡി, താരനിശ, സീരിയല്‍ എന്നിവയുടെ പേരില്‍ ടീവിയ്ക്കു മുന്നില്‍ ചിലവിടുമെങ്കില്‍ കഴിഞ്ഞ വര്‍ഷം ഞാന്‍ കുറഞ്ഞത് 30 ദിവസങ്ങള്‍ ടി വിയ്ക്കു മുന്നില്‍ ചിലവിട്ടു കഴിഞ്ഞു. ദിവസം എട്ടു മണിക്കൂര്‍ വച്ച് ജോലി ചെയ്താല്‍ ഞാന്‍ വര്‍ഷത്തില്‍ 121 ദിവസങ്ങള്‍ ജോലി ചെയ്തുകഴിഞ്ഞു. യാത്രയ്ക്കു വേണ്ടി ഞാന്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ ചിലവിടേണ്ടി വന്നാല്‍ വര്‍ഷത്തില്‍ 15 ദിവസം മുഴുവന്‍ ഞാന്‍ യാത്രയിലായിരുന്നു. ഇങ്ങനെ കണക്കുകള്‍ എത്ര വേണമെങ്കിലും നല്കാം.

                                            ശരി, എങ്കില്‍ എന്റെ ഇഷ്ടവും സ്വപ്‌നവുമായ വായനയ്ക്കുവേണ്ടി വര്‍ഷത്തില്‍ എത്ര സമയം ഞാന്‍ ചിലവഴിച്ചു എന്ന് നോക്കാം. ഞാന്‍ കഴിഞ്ഞ വര്‍ഷം ആകെ വായിച്ച പുസ്തകങ്ങള്‍ 40. അതില്‍ 80 പേജു മുതല്‍ 400 പേജുവരെയുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ശരാശരി 250 പേജുകള്‍ ഓരോ പുസ്തകത്തിനും കണക്കുകൂട്ടാം. എത്ര അവധാനതയില്‍ വായിച്ചാലും ഒരു പേജു വായിക്കാന്‍ രണ്ടു മിനുറ്റിലധികം സമയം എടുക്കില്ല. എന്നുവച്ചാല്‍ ഒരു പുസ്തകം വായിച്ചു തീരാന്‍ വേണ്ട സമയം 500 മിനുറ്റ് അഥവാ ഏട്ടര മണിക്കൂര്‍. അങ്ങനെയാണെങ്കില്‍ നാല്പതു പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ട സമയം 340 മണിക്കൂര്‍ അഥവാ പതിനാല് ദിവസം..!!

                                              കഷ്ടം..! വര്‍ഷത്തില്‍ 91 ദിവസം ഉറങ്ങിയ ഞാന്‍, മുപ്പത് ദിവസങ്ങള്‍ ടി.വിയ്ക്കു മുന്നില്‍ ചിലവിട്ട ഞാന്‍, 121 ദിവസങ്ങള്‍ ജോലി ചെയ്ത ഞാന്‍, 15 ദിവസം യാത്ര ചെയ്ത ഞാന്‍ എന്റെ സ്വപ്‌നമായ വായനയ്ക്കുവേണ്ടി ചിലവിട്ടത് വെറും പതിനാല് ദിവസങ്ങള്‍. എന്നുവച്ചാല്‍ ഞാന്‍ ഒരു ദിവസം വായിച്ചത് ശരാശരി ഒരു മണിക്കൂറില്‍ താഴെ..!!


                                          വായന നമ്മുടെ സ്വപ്‌നമാണ് എങ്കില്‍ അതിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി തീര്‍ക്കാ!ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുവേണ്ടി സമയം കണ്ടെത്തുക ഒരു വലിയ പ്രശ്‌നമായി ഞാന്‍ കാണുന്നതേയില്ല. ദിവസവും ആഹാരം കഴിക്കാന്‍, ഉറങ്ങാന്‍, ദിനകൃത്യങ്ങള്‍ ചെയ്യുവാന്‍ ഒക്കെ സമയം കണ്ടെത്തുന്ന നമുക്ക് വായനയ്ക്കായി ഇത്തിരി സമയം കണ്ടെത്തുക ഒരു പ്രശ്‌നമാണെന്ന് തോന്നുന്നതേയില്ല. അതിനുവേണ്ടത് വായിക്കാനുള്ള മനസ് മാത്രം. എങ്കില്‍ നമുക്ക് വര്‍ഷത്തില്‍ നാല്പത് പുസ്തകങ്ങള്‍ അല്ല എണ്‍പതു പുസ്തകങ്ങള്‍ വരെ വായിച്ചു തീര്‍ക്കാന്‍ കഴിയും. നിശ്ചയം..! "

No comments:

Post a Comment

Related Posts Plugin for WordPress, Blogger...