Thursday, May 4, 2017

മഴ_പറഞ്ഞത്

#മഴ_പറഞ്ഞത്.


പിണങ്ങിപ്പിരിഞ്ഞിട്ടില്ല ഞാൻ
പിറകോട്ടു മാറിയിട്ടേയുള്ളൂ
പറയാതെ പോയതല്ല കൂട്ടരെ
പണ്ടേ പറഞ്ഞതല്ലെ ഞാൻ .
ഇടിച്ചിടിച്ച് നിരപ്പാക്കിയ
കുന്നുകൾ മുളക്കട്ടെ വീണ്ടും
വെട്ടി വെട്ടി തരിശാക്കിയ
കാടു കിളിർക്കട്ടെ വീണ്ടും .
കൂടുകൂട്ടാൻ ഒരു മരപ്പൊത്ത്
ചേക്കയേറാൻ ഒരു മരച്ചില്ല,
ബാക്കി വെക്കുമോ നിങ്ങൾ
അന്നു ഞാനെത്തും നിശ്ചയം.
പെയ്തിറങ്ങാൻ ഒരിടവുമില്ല
പെയ്തു പോയാൽ പ്രാക്കു മാത്രം.
പറയാൻ ആയിരം കാര്യങ്ങളുണ്ട്
കേൾക്കാൻ ഒറ്റക്കാതുമില്ല.
ഒരു കിളിക്കുഞ്ഞിന്റെ സ്വപ്നമായി
ഒരു പൊടിമീനിന്റെ ശ്വാസമായി
ഒരു മാൻ കിടാവിന്റെ ദാഹമായി
ഒരു തുമ്പച്ചെടിയുടെ മോഹമായി.
ഒരു കൈത്തോടിന്റെ നാദമായി
ഒരു വയൽപ്പാട്ടിന്റെ ഈണമായി
ഇനിയെന്നു വരുവാൻ
എനിക്കാവുമെന്നോർത്ത്
ഇനിയുള്ള കാലം
തള്ളി നീക്കുന്നു ഞാൻ.
അവസാന ശ്വാസത്തിനടയാളമായി
ശ്രുതി പോയ പാട്ടുകൾ മാത്രമായി.
ശ്രുതി ചേർത്തു പാടുമോ
പാട്ടൊരെണ്ണം.
അതു കേട്ടു ഞാനൊന്നു
കരഞ്ഞിടട്ടെ.

Copy

No comments:

Post a Comment

Related Posts Plugin for WordPress, Blogger...