Monday, May 8, 2017

അടക്കിനിര്‍ത്തലല്ല അച്ചടക്കം

അടക്കിനിര്‍ത്തലല്ല അച്ചടക്കം



നിങ്ങളുടെ കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാനുള്ള മാര്‍ഗംതേടി ഉഴലുകയാണോ നിങ്ങള്‍ ? അതിന് എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ചില പൊടിക്കൈകള്‍ ഇതാ

1. കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കാവുന്ന നിമിഷങ്ങള്‍ കണ്ടെത്താനുള്ള ഔത്സുക്യം മാതാപിതാക്കള്‍ കാട്ടണം. മേശപ്പുറത്തിരുന്ന ഒരു വസ്തു താഴെ വീണതുകണ്ടപ്പോള്‍ അവരതെടുത്ത് യഥാസ്ഥാനത്ത് വെച്ചിട്ടുണ്ടെങ്കില്‍ അതിനെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുക. മൂത്തകുട്ടികളെ കണ്ട് രണ്ടുംമൂന്നും വയസ്സായ കുട്ടികള്‍ എഴുതുകയോ പടംവരക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പുകഴ്ത്തണം.

2. കുട്ടികളെ തിരുത്തുമ്പോള്‍ സൗമ്യഭാവം കൈക്കൊള്ളുക

കുട്ടികളെ ശകാരിച്ചും അവരുടെ നേരെ കോപം പ്രകടിപ്പിച്ചും മോശമായി പെരുമാറാതിരിക്കാന്‍ മാതാപിതാക്കള്‍ കരുതല്‍ കാട്ടണം. എത്രതന്നെ നമ്മില്‍ ദേഷ്യം ഉണ്ടായാലും അത് അടക്കിപ്പിടിച്ച് സൗമ്യഭാവം കൈക്കൊള്ളാന്‍ പരിശീലിക്കണം. നമ്മുടെ ദേഷ്യപ്രകടനം സന്താനങ്ങളെ അവരുടെ സഹോദരങ്ങളോട് പകപോക്കാന്‍ പ്രേരിപ്പിച്ചേക്കാം. എപ്പോഴെങ്കിലും ദേഷ്യംവന്ന് അടിച്ചുപോവുകയോ മറ്റോ ചെയ്താല്‍ അവരോട് സോറി പറയാനും ഖേദം പ്രകടിപ്പിക്കാനും നാം തയ്യാറാകണം. തെറ്റുചെയ്താല്‍ തിരുത്തണമെന്ന പാഠം അതിലൂടെ കുട്ടികള്‍ പഠിക്കും.

3. മനസമ്മര്‍ദ്ദത്തില്‍നിന്ന് നിങ്ങള്‍ മുക്തമാകുക
അടുത്തകാലത്തായി വളരെ കടുത്ത സമ്മര്‍ദ്ദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? അങ്ങേയറ്റം സമ്മര്‍ദ്ദം അനുഭവിക്കുകയാണെങ്കില്‍ നിസ്സാരകാര്യത്തിനുപോലും കുട്ടികളോട് നിങ്ങള്‍ ദേഷ്യപ്പെട്ടേക്കും. ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് അത്തരം ഘട്ടത്തില്‍ കഴിയില്ല. അതിനാല്‍ പ്രസ്തുത സമ്മര്‍ദ്ദം കുറക്കാന്‍ അല്‍പം വിശ്രമിക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ താല്‍പര്യമുള്ള മറ്റ് വിഷയങ്ങളില്‍ ഏര്‍പ്പെട്ടോ, പുസ്തകമോ ഖുര്‍ആനോ വായിച്ചുകൊണ്ടോ സമ്മര്‍ദ്ദം കുറക്കാന്‍ കഴിയും.

4. കുട്ടികളുടെ മനോനില അടുത്തറിയുക

കടുത്ത മനഃസംഘര്‍ഷം അനുഭവിക്കുന്ന കുട്ടി ഏറ്റുമുട്ടല്‍ മനോഭാവത്തോടെയായിരിക്കും കഴിഞ്ഞുകൂടുക. എന്താണ് അവനെ/അവളെ പ്രയാസപ്പെടുത്തുന്നതെന്ന് കണ്ടെത്തി അത് പരിഹരിക്കുക. നിസ്സാരമായ പെരുമാറ്റപ്രശ്‌നങ്ങളെ അവഗണിക്കാനും അതോടൊപ്പം ശ്രദ്ധിക്കണം.

5. കുട്ടികളിലെ പെരുമാറ്റവ്യതിയാനങ്ങള്‍ നിരീക്ഷിക്കുക

റമദാന്‍, പെരുന്നാള്‍ , വേനല്‍ അവധികള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്ന ഘട്ടങ്ങളില്‍ കുട്ടികളില്‍ എന്തെങ്കിലും മാറ്റം ദൃശ്യമാവുന്നുണ്ടോ?അതുപോലെ വീട്ടിലേക്കുള്ള അതിഥി സന്ദര്‍ശനം, വീട് താമസം മാറല്‍ തുടങ്ങിയവ അവനെ അലോസരപ്പെടുത്തുന്നുണ്ടോ? അങ്ങനെയെങ്കില്‍ അനുസരണശീലം കുറയാനാണ് സാധ്യത. തന്റെ പതിവ്ശീലങ്ങളിലും ജീവിതക്രമങ്ങളിലും മാറ്റമുണ്ടാവുന്നത് അവനില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതുകൊണ്ടാണ് അത്. അത്തരം ഘട്ടങ്ങളിലെ അനുസരണക്കേടുകളില്‍ അവനെ ശിക്ഷിക്കാതെ അവന്റെ നന്‍മകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
6. മക്കള്‍ പ്രത്യേകപരിഗണന കൊതിക്കുന്നുവോ?

മോശം പ്രവൃത്തികളിലൂടെയായാലും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കണം എന്നാഗ്രഹിക്കുന്ന ചില കുട്ടികളെങ്കിലുമുണ്ട്. അത്തരം കുട്ടികളോടൊപ്പം അധികം സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ പരിശ്രമിക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവരെ ശ്രദ്ധിക്കാനും നാം തുനിഞ്ഞാല്‍ മതിയാകും. അവന്‍ നിങ്ങളോട് സംസാരിച്ചുതുടങ്ങിയാല്‍ അത് നല്ലൊരു തുടക്കമാണെന്നുറപ്പിക്കാം.

7. തന്നിഷ്ടം വെച്ചുപുലര്‍ത്തുന്ന കുട്ടികള്‍?

ചിലപ്പോഴൊക്കെ തങ്ങളുടെ തീരുമാനത്തില്‍ വാശിപിടിക്കുന്ന പ്രകൃതം കുട്ടികള്‍ക്കുണ്ടാകാം. കുട്ടികളോട് കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് നിരസിക്കുന്നത് നാം കാണാറുണ്ട്. അത്തരം വേളകളില്‍ മോനേ അബ്ദുല്ലാ, ഇപ്പോഴാണോ അതോ പത്തുമിനിറ്റ് കഴിഞ്ഞിട്ടാണോ നീ കുളിക്കുന്നത് എന്ന് ചോദിക്കുക. അങ്ങനെ കുട്ടികള്‍ക്ക് ചോയ്‌സ് നല്‍കിയാല്‍ അതിലൊന്ന് അവര്‍ തെരഞ്ഞെടുത്തുകൊള്ളും.
8. മതിയായ ഉറക്കം

കുട്ടികള്‍ക്ക് ആവശ്യമായ ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. മതിയായ വിശ്രമമോ ഉറക്കമോ ലഭിക്കാതിരുന്നാല്‍ കുട്ടികള്‍ എപ്പോഴും രോഷാകുലരായിരിക്കും.

9. വിശപ്പ്
അതിയായി വിശന്നിരിക്കുന്ന വേളയില്‍ മക്കള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കും. അതിനാല്‍ കുട്ടികള്‍ പോഷകമൂല്യം നിറഞ്ഞ ആഹാരം വേണ്ടത്ര കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

10. കുട്ടികളില്‍ എന്തെങ്കിലും ന്യൂനത
പഠനവൈകല്യം, ഓട്ടിസം, എഡിഎച്ഡി തുടങ്ങി എന്തെങ്കിലും വളര്‍ച്ചാവൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് കുട്ടികള്‍ പ്രതികരിച്ചെന്നുവരില്ല. അതിനാല്‍ അത്തരം കുഴപ്പങ്ങള്‍ മക്കളിലുണ്ടോയെന്ന് നിരീക്ഷിക്കേണ്ടതാണ്.

11. കുട്ടികളുടെ വാദപ്രതിവാദങ്ങളുടെ ഇരയാവാതിരിക്കുക

കുട്ടികളുടെ പരിപാലിച്ചുവളര്‍ത്തുന്നതില്‍ തികച്ചും രചനാത്മകമായ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമാണല്ലോ അവര്‍ക്കുള്ള വികാരപ്രകടനങ്ങള്‍ അനുവദിക്കുന്നത്. എന്നാല്‍ എപ്പോഴും മാതാപിതാക്കളുമായി വാഗ്വാദങ്ങളിലേര്‍പ്പെടുന്ന മക്കളുടെ രീതി ആശാസ്യമല്ല. അതിനാല്‍ നിങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞശേഷം അവരുടെ മറുവാക്കുകള്‍ക്ക് ചെവി കൊടുക്കാതിരിക്കുകയായിരിക്കും നല്ലത്. പിന്നീട് രംഗം ശാന്തമാകുമ്പോള്‍ അവരുടെ പെരുമാറ്റത്തിലെ അപാകതയും അനൗചിത്യവും ചൂണ്ടിക്കാട്ടാം.
12. കുട്ടികളുടെ മനോവികാരങ്ങളെ അറിയുക
കുട്ടികള്‍ മോശമായാണ് പെരുമാറുന്നതെങ്കില്‍ പോലും അവരുടെ മനോവികാരമെന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. സ്‌കൂളില്‍നിന്ന് മോശംപെരുമാറ്റത്തിന്റെ പേരില്‍ ടീച്ചറുടെ റിപോര്‍ട്ടുമായി വരുന്ന മകനെ കേള്‍ക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. അവന്റെ മനപ്രയാസത്തെ മനസ്സിലാക്കി ആശ്വസിപ്പിക്കുകയും തിരുത്തുകയും ചെയ്യുകയാണ് വേണ്ടത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...