Thursday, July 6, 2017

മൂന്നു ജോലിക്കാർ


 മൂന്നു ജോലിക്കാർ  


      ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥൻറെ പുത്രന്‍ യു.പി. സ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥൻറെ വീട്ടില്‍ മൂന്നു ജോലിക്കാർ ഉണ്ട്.  മകനെ സ്കൂളില്‍ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരൻറെ കടമയാണ്.   ഒന്നാമൻ കുട്ടിയെ എങ്ങനെയാണ് സ്കൂളില്‍ കൊണ്ടുപോകുന്നത് എന്നു നോക്കുക. ഒന്നാമൻ കുട്ടിയുടെ കൈപിടിച്ച് ഗെയിറ്റുവരെ നടക്കുന്നു.  അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്. തുടര്‍ന്ന് അയാള്‍ അലക്ഷ്യമായി നടക്കുന്നു. കുട്ടിയോട് തൻറെ കൂടെ വരാനായി ആജ്ഞാപിക്കുകയും ചെയ്യുന്നു. അയാളുടെ പുറകെ ആ കുട്ടി നടന്നുകൊണ്ടിരിക്കുന്നു. വഴിയില്‍ വച്ച് അയാള്‍ സിഗരറ്റ്‌ കത്തിച്ചു വലിക്കുന്നത് ആ കുട്ടി കാണുന്നുണ്ട്. വഴിവക്കിൽ നായകളുണ്ട്. നായകളെ പേടിക്കുന്ന കുട്ടി അയാളോട് ചേര്‍ന്ന് നടക്കുന്നു. സ്കൂള്‍ മുറ്റത്തെത്തിയപ്പോൾ അയാള്‍ തിരിഞ്ഞുനോക്കി. കുട്ടി തന്നോടൊപ്പമുണ്ട്. അയാള്‍ കുട്ടിയോട് യാത്ര പറയുകപോലും ചെയ്യാതെ മടങ്ങിപ്പോയി. ഇതു അധമരീതിയിൽ ഒരു കർമ്മം എങ്ങനെ ചെയ്യാം എന്നതിനുളള തെളിവാണ്. അയാള്‍ തൻറെ കർമ്മം ചെയ്തില്ല എന്നു പറഞ്ഞുകൂടാ. അയാള്‍ എന്തെങ്കിലും തെറ്റുചെയ്തു എന്നാരോപിക്കാനും കഴിയില്ല. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലത്  അധമരീതിയിലെങ്കിലും ആ കർമ്മം ചെയ്യുന്നതു തന്നെയാണ്‌.

            രണ്ടാമത്തെ ദിവസം ആ കുട്ടി മധ്യമക്കാരനായ ജോലിക്കാരനോടൊത്താണ് സ്കൂളിലേക്കു വന്നത്. വീട്ടില്‍ നിന്നും അയാൾ കുട്ടിയുടെ കൈയും പിടിച്ച് മുറ്റത്തേക്കിറങ്ങി. പിന്നീട് ആ കൈ വിടുന്നത് സ്കൂളില്‍ എത്തിയ ശേഷമാണ്. അന്നത്തെ ദിവസം ആ കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല. ജോലിക്കാരൻ കൃത്യമായി ജോലി നിർവ്വഹിക്കുന്നവനാണ്. നടന്നു പോകുമ്പോൾ തൻറെ കൈവിട്ട് ഒന്നു സ്വതന്ത്രമാക്കിയിരുന്നെങ്കിൽ എന്നു കുട്ടി വിചാരിച്ചില്ല. അയാള്‍ കൈ വിട്ടില്ല. നടന്നുപോകുമ്പോൾ വേലിക്കരുകിൽ മനോഹരമായ ഒരു പുഷ്പം കുട്ടി കണ്ടു. അതു പൊട്ടിച്ചുതരാമോ എന്നു ആ കുട്ടി ചോദിച്ചു.  ജോലിക്കാരൻ അതു പൊട്ടിച്ചുകൊടുത്തില്ല. ആ പുഷ്പത്തിൻറെ പേരെന്താണെന്ന് കുട്ടി ചോദിച്ചു.  വാസ്തവത്തിൽ ആ പുഷ്പത്തിൻറെ പേര് അയാൾക്കറിയില്ലായിരുന്നു. പുഷ്പത്തിൻറെ പേര് പറഞ്ഞു കൊടുക്കുന്നത് തൻറെ ഉത്തരവാദിത്വമല്ലാത്തതിനാൽ അയാള്‍ ഒന്നും പറയാതെ നടന്നുകൊണ്ടിരുന്നു.  മധ്യമത്തിൽ കർമ്മം ചെയ്തു കൊണ്ടിരുന്ന അയാളെ ഒരിക്കലും കുറ്റപ്പെടുത്തരുത്. ഇത്തരം നല്ല മനുഷ്യർ നാട്ടില്‍ ആവശ്യമാണ്.

                           പിറ്റേന്നു ആ കുട്ടി മൂന്നാമത്തെ ജോലിക്കാരൻറെ കൂടെയാണ് സ്കൂളില്‍ പോയത്. അയാള്‍ ഉത്തമത്തിൽ ജോലിചെയ്യുന്ന ആളായിരുന്നു. കുട്ടിയുടെ കൈപിടിച്ച് സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാള്‍ കുട്ടിയുടെ കൈപിടിച്ചു.  നായകൾ എതിരെ നടന്നുവരവെ അയാള്‍ കുട്ടിയെ ശ്രദ്ധിച്ചു. നടന്നുപോകുംവഴി ആ കുട്ടി ഒരു മൂളിപ്പാട്ടു പാടിയപ്പോൾ കുട്ടിയെ പ്രോത്സാഹിപ്പിച്ചു. വഴിവക്കിലെ പൂക്കളുടെ പേര് എന്താണെന്ന് കുട്ടി ചോദിച്ചപ്പോൾ അതു പറഞ്ഞു കൊടുത്തു.  ഒരു പുഷ്പം ഇറുത്തെടുത്ത് ആ കുട്ടിക്ക് സമ്മാനിക്കുകയും ചെയ്തു.   കുട്ടി അയാളോട് കഥ പറയാൻ ആവശ്യപ്പെട്ടു. അയാള്‍ കുട്ടിക്ക് ഹരിച്ചന്ദ്രൻറെ കഥ പറഞ്ഞുകൊടുത്തു. ഹരിച്ചന്ദ്രനെപ്പോലെ സത്യസന്ധനായിരിക്കുന്നത് അന്തസ്സുളള കാര്യമാണെന്നു ആ കുരുന്നുമനസ്സിൽ തോന്നുകയും ചെയ്തു. അയാള്‍ കുട്ടിയെ സ്കൂള്‍ വരാന്തയിലാക്കി മടങ്ങുമ്പോൾ കുട്ടിക്ക് മനഃപ്രയാസം.

                  മൂന്നു ജോലിക്കാരും ഒന്നുപോലെ ശമ്പളം വാങ്ങുന്നവരായിരുന്നു. മൂന്നുപേരും അവരുടെ കടമകൾ ചെയ്തു. ഒരു കർമ്മം ചെയ്യുമ്പോൾ അത് ഉത്തമത്തിലോ മധ്യമത്തിലോ അധമത്തിലോ എന്നു ആരും ചിന്തിക്കാറില്ല. സ്വന്തം വാസനകൾക്കനുസരിച്ച് ഓരോരുത്തരും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഉത്തമത്തിൽ കർമ്മങ്ങൾ ചെയ്യുന്നവർ ആദരണീയരാണ്. ഒരു കർമ്മം ഉത്തമത്തിൽ ചെയ്യുന്നതെങ്ങനെ എന്നു പറഞ്ഞു ഫലിപ്പിക്കാനാവില്ല. കുട്ടിക്ക് പൂവ് പറിച്ചുകൊടുത്തതുകൊണ്ടോ കഥ പറഞ്ഞു കൊടുത്തതുകൊണ്ടോ ഉത്തമകർമ്മമാണെന്നു പറയാൻ കഴിയില്ല. അതിന് വകതിരിവ് ആവശ്യമാണ്.

                            കുട്ടി വളർന്നു വലുതായി ഉദ്യോഗം നേടി. സ്തുത്യർഹമായ രീതിയിൽ അയാള്‍ ഭരണം നിർവ്വഹിച്ച് പിരിയുന്ന നേരത്ത് അയാള്‍ മറുപടി പ്രഭാഷണത്തിൽ, തൻറെ ബാല്യത്തെ അനുസ്മരിച്ചു. വീട്ടിലെ ജോലിക്കാരെക്കുറിച്ചും പറഞ്ഞു. അവരെല്ലാം മരിച്ചുപോയിരുന്നുവെങ്കിലും ഉത്തമത്തിൽ ജോലി ചെയ്തിരുന്ന വ്യക്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "അദ്ദേഹം പറഞ്ഞുതന്ന ഹരിച്ചന്ദ്രകഥ എന്നെ സ്വാധീനിച്ചിരുന്നു."

                          ഏതു കർമ്മമെടുത്താലും നമുക്കതിനെ ഉത്തമമാക്കി മാറ്റാം. മധ്യമത്തിൽ അതു ചെയ്തുതീർത്ത് പ്രതിഫലം വാങ്ങാം. അധമമായ രീതിയില്‍ ചെയ്തു ഇത്രയൊക്കെയേ പറ്റൂ എന്നുപറഞ്ഞു സ്ഥലം വിടാം. സർക്കാർ ജീവനക്കാരിൽ ഈ മൂന്നു വിഭാഗക്കാരേയും നമുക്ക് കാണാവുന്നതാണ്. നിസ്സാര കാര്യങ്ങൾക്ക് വലിയ തടസ്സവാദങ്ങൾ പറഞ്ഞു ഫയലുകൾ വൈകിപ്പിക്കുന്നവരുണ്ട്. തടസ്സങ്ങളെ വകതിരിവോടെ നോക്കിക്കണ്ട് ഫയലുകളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നവരും ഉണ്ട്.

                    ഉത്തമത്തിൽ ജോലി ചെയ്യുന്നവരെ നാം ഇഷ്ടപ്പെടുന്നു. അതിനാല്‍ നമുക്ക് ഉത്തമത്തിൽ ഓരോ കർമ്മവും ചെയ്തു സമൂഹത്തിൻറെ ആദരവ് നേടാം.

                                                                                                                         -പി.ആർ. നാഥൻ

No comments:

Post a Comment

Related Posts Plugin for WordPress, Blogger...