Sunday, April 30, 2017

അദ്വൈദ് - അധ്യാപകന്‍റെ പാഠപുസ്തകം

അദ്വൈദ് - അധ്യാപകന്‍റെ പാഠപുസ്തകം
--'------------------------------------'''''''--
             
അദ്വൈദ് - എനിക്കറിയാം എനിക്കവനെയോ അവന് എന്നെയോ മറക്കാന്‍ കഴിയില്ല,
ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരു സെപ്തമ്പര്‍ ഇരുപത്തിനാലാം തീയതിയാണ് ഞാന്‍ അവനെ കാണുന്നത്.അന്ന് ട്രാന്‍സ്ഫര്‍ ആയി വിദ്യാലയത്തിലെത്തിയതായിരുന്നു ഞാന്‍. കാസറഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ ജി.ഡബ്ല്യു.എല്‍ പി സ്കൂള്‍ ബാരയില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് അവന്‍. മറ്റു കുട്ടികളെപ്പോലെ ഓടാനും ചാടാനും തുള്ളിമറിയാനും അവനും ആഗ്രഹമുണ്ട്.പക്ഷെ സെറിബ്രല്‍ പാഴ്സി ബാധിച്ച അവന് അതിനു കഴിയുമായിരുന്നില്ല.‍


വൈകിയുള്ള ചാലകവികാസം എഴുത്തിലും പഠനത്തിലും അവന് പ്രതികൂലാവസ്ഥ സൃഷ്ടിച്ചു.ക്ലാസിലെ ആദ്യനാളുകളില്‍ പഠനത്തില്‍ ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു.ഞാന്‍ അവന്റെ വീട്ടിലെത്തി കുടുംബസാഹചര്യങ്ങളൊക്കെ മനസ്സിലാക്കി.ഓര്‍മ്മശക്തിയില്‍ മിടുക്കനായിരുന്ന അദ്വൈദ് ഗാന്ധിക്വിസില്‍ പങ്കെടുക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു.അവന്റെ എല്ലാകാര്യങ്ങളിലും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുന്ന അമ്മ അജിതയുടെ സഹായത്തോടെ അവന്‍ വാശിയോടെ പഠനം തുടങ്ങി.ഒക്ടോബര്‍ രണ്ടാകാന്‍ അവന്‍ കാത്തിരുന്നു.അതിനിടയില്‍ ഞാനും നാലാംക്ലാസിലെ കൂട്ടുകാരും അവനെ ഗാന്ധിജിയാക്കി ക്ലാസില്‍ സംഗീതശില്പം പരിശീലിക്കാന്‍ ആരംഭിച്ചു.

ഒക്ടോബര്‍ 2 ....അദ്വൈദിന്റെ പ്രകടനം കാണാന്‍ രക്ഷിതാക്കളും അധ്യാപകരും കൂട്ടുകാരും കാത്തിരുന്നു.അവന്‍ ഗംഭീരമായിത്തന്നെ ഗാന്ധിജിയെ അവതരിപ്പിച്ചു.

ഗാന്ധിക്വിസില്‍ വിജയിക്കാന്‍ അദ്വൈദിന് കഴിഞ്ഞുവോ?
നിങ്ങള്‍ക്ക് കാണാം.

അടുത്തദിവസം ഞാന്‍ വിജയികളുടെ വാര്‍ത്താബോര്‍ഡ് തയ്യാറാക്കി ക്സൂളില്‍ പ്രദര്‍ശിപ്പിച്ചു.രാവിലെ അമ്മക്കൊപ്പം അവന്‍ എത്തിയപ്പോള്‍ ഞാന്‍ ആ സസ്പെന്‍സ് പറഞ്ഞു.
എടാ നീ ഇപ്പോള്‍ സ്കൂളിലെ ഹീറോ ആണ്.നിന്റെ ഫോട്ടോ നോക്കാന്‍ രാവിലെ കുട്ടികള്‍ ക്യൂ നില്‍ക്കുകയായിരുന്നു.അവനത് വിശ്വസിച്ചില്ല.ഞാന്‍ അവരെകൂട്ടി വിജയികളുടെ ബുള്ളറ്റിന്‍ ബോര്‍ഡിന് അടുത്തെത്തി.ഫോട്ടോ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.അജിതയുടെ കണ്ണുകള്‍ നിറഞ്ഞു.
പിന്നെ അവള്‍ അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.



ദിവസങ്ങള്‍ മുന്നോട്ടുപോയി.ഇപ്പോള്‍ സ്കൂളിലെത്താന്‍ അവന് വല്ലാത്ത ആവേശമാണ്.മിക്കദിവസങ്ങളിലും രാത്രി എനിക്ക് ഫോണ്‍ ചെയ്യും.എന്റെ കുടുംബത്തിനും അവന്‍ ഏറെ പരിചിതനായി കഴിഞ്ഞു.വീട്ടില്‍ മക്കള്‍ ഫോണില്‍ അവനോട് സംസാരിച്ചിട്ടു മാത്രമേ എനിക്കു തരൂ...
വിദ്യാലയത്തില്‍ ജൈവപച്ചക്കറിക്കൃഷിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു.
എന്ത് നല്ല തുടക്കത്തിനും അദ്വൈദ് നമ്മുടെ കൂടെ ഉണ്ടാകണം എന്നത് ക്ലാസിലെ കുട്ടികളുടെയും ആഗ്രഹമായിരുന്നു.100 ഗ്രോബാഗില്‍ നടീല്‍ ആരംഭിച്ചപ്പോള്‍ ഞാനും അദ്വൈദും കൂടി ഒരു തൈ നട്ടു.ഞാന്‍ പറഞ്ഞു.ഇത് നിന്റെ തൈ....ദിവസവും ഇതിനെ നോക്കണം..അവന്‍ ചിരിച്ചു കൊണ്ട് തലയാട്ടി.

നവമ്പര്‍ 1 സ്കൂള്‍ സ്പോര്‍ട്സ്.ഞാനായിരുന്നു കണ്‍വീനര്‍.മത്സരങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍.അന്നേ ദിവസം അദ്വൈദ് എന്തു ചെയ്യും?ഇതായിരുന്നു എന്റെ സങ്കടം.അവന് പങ്കെടുക്കാവുന്ന മത്സരങ്ങളോന്നും സ്കൂള്‍ സ്പോര്‍ട്സില്‍ ഇല്ല.ക്ലാസില്‍ എത്രയോ തവണ ഇന്‍ഡോര്‍ ഗെയിമുകള്‍ അനുരൂപീകരണം നടത്തി ഞങ്ങള്‍ അവനെ വിജയിപ്പിച്ചിട്ടുണ്ട്.പക്ഷെ ഇന്നേ ദിവസം എങ്ങനെ?
അദ്വൈദിനെ ഇന്ന് അയക്കണോ മാഷേ?
എല്ലാവരും മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ അവന്‍.....അമ്മ
അയക്കണം അവന് എന്റെ കൂടെ സ്പോര്‍ട്സ് നടത്തിപ്പില്‍ ‍ഡ്യൂട്ടി ഇട്ടിട്ടുണ്ട്.
പിറ്റേന്ന് രാവിലെ സ്പോര്‍ട്സ് പരിപാടിയില്‍ ഏറ്റവും തിരക്കുള്ള വ്യക്തി ആരായിരുന്നു എന്നറിയോണ്ടേ?

 അനൗണ്‍സര്‍ റോളില്‍ അവന്‍ തിളങ്ങി നിന്നു.
അവന്റെ തമാശകളും ചിരിവര്‍ത്തമാനങ്ങളും അന്ന് എല്ലാവരെയും നന്നെ രസിപ്പിച്ചു.
എനിക്കും വലിയ ആശ്വാസം തോന്നി.ഏതൊരു വിദ്യാലയപ്രവര്‍ത്തനങ്ങളിലും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ക്ക് സന്തോഷകരമായ ഒരു സ്പേസ് കണ്ടെത്താന്‍ കഴിയുമെന്ന് എനിക്ക് മനസ്സിലായി.‌
പിറ്റേദിവസം വിജയികളായ കായിക താരങ്ങള്‍ക്ക് അസംബ്ലിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ഞാന്‍ അവനുവേണ്ടി ഒരു മെഡല്‍ കരുതിയിരുന്നു.മികച്ച അനൗണ്‍സര്‍ക്കുള്ള മെഡല്‍.മദര്‍ പിടിഎ പ്രസിഡണ്ടില്‍ നിന്നും മെഡല്‍ വാങ്ങി അവന്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.


ഇപ്പോള്‍ കുട്ടികള്‍ക്കെല്ലാം അവന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്.കുറച്ച് സമയം നടത്തിക്കുന്നതിലും അസംബ്ലിയില്‍ കസേര എത്തിക്കുന്നതിലും അവനെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിലും സഹായിക്കുന്നതിലും കുട്ടികള്‍ മത്സരിച്ചു.വര്‍ഷയാണ് ഏറ്റവും കരുതല്‍ കാണിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.


പുറംവാതില്‍ പഠനത്തിന് ഞങ്ങള്‍ ക്ലാസില്‍ നിന്നിറങ്ങുമ്പോഴേക്കും കൂട്ടുകാര്‍ അവനുള്ള വീല്‍ ചെയറുമായെത്തും.അവന്റൊപ്പം നടക്കാന്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ്.മാഷിന്റെ പ്രിയപ്പെട്ട കുട്ടിയാണ് അവന്‍ എന്ന ചിന്തയാണോ കുട്ടികളെ അതിന് പ്രേരിപ്പിക്കുന്നത്.ചിലപ്പോള്‍ അങ്ങനെയാകാം.



അദ്വൈദിന്റെ ചെറിയ നേട്ടങ്ങളേപ്പോലും ഞങ്ങള്‍ വിദ്യാലയ അസംബ്ലിയില്‍ കൃത്യമായി അഡ്രസ് ചെയ്തു.സ്നേഹം,പിന്തുണ,അംഗീകാരം,പ്രോത്സഹനം ഇതോക്കെയാണ് ഏതൊരു കുട്ടിയെയും മുന്നോട്ടു നയിക്കുക എന്നത് നിങ്ങളെ പോലെ ഞാനും മനസ്സിലാക്കുന്നു.

വിദ്യാലയത്തല്‍ പരീക്ഷണക്കളരി സംഘടിപ്പിച്ചപ്പോള്‍ അദ്വൈദിന്റെ അച്ഛന്‍ കുഞ്ഞിക്കേളുവും വിദ്യാലയത്തിലെത്തി.അമ്മയെപ്പോലെത്തന്നെ അച്ഛനും പഠനകാര്യങ്ങളിലും വിദ്യാലയപ്രവര്‍ത്തനങ്ങളിലും അവനെ സജീവമായി പിന്തുണക്കുന്നു.എന്നും ഉച്ചക്ക് അദ്ദേഹം സ്കൂളിലെത്തും.ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹം എങ്ങനെയാണ് ഇതിന് സമയം കണ്ടെത്തുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

വിദ്യാലയത്തില്‍ നിന്ന് ഏകദിന പഠനയാത്ര പോയപ്പോള്‍ അദ്വൈദായിരുന്നു ശ്രദ്ധാകേന്ദ്രം.അമ്മ അജിതയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.അമ്മക്കൊപ്പം അവനെ എടുക്കാന്‍ വിമലടീച്ചറും ഞാനും സഹായിച്ചിരുന്നു.അവനെയും എടുത്ത് ബേക്കല്‍ കോട്ടയിലെ ഉയരെയുള്ള കൊത്തളത്തിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സുപറയുന്നുണ്ടായിരുന്നു,ഇതു പോലെ എല്ലാ സ്ഥലങ്ങള്‍ കാണാനും ഉയരങ്ങള്‍ കീഴടക്കാനും ഈ കൊച്ചുമിടുക്കന് ആരെങ്കിലും എന്നും ഒപ്പം ഉണ്ടാകണേ എന്ന്...


മികച്ച പഠനായാത്രാ റിപ്പോര്‍ട്ടിന് ഞാന്‍ ഒരു സമ്മാനം പ്രഖ്യാപിച്ചിരുന്നു.പഠനയാത്രാറിപ്പോര്‍ട്ട് അമ്മയുടെ സഹായത്തോടെ സ്വന്തം കൈപ്പടയില്‍ എഴുതി അദ്വൈദ് തന്നു.ഫലപ്രഖ്യാപനത്തിന് ഞാന്‍ വിമലടീച്ചറുടെ സഹായവും തേടി.ഒന്നാം സ്ഥാനം സൂര്യക്ക് രണ്ടാം സ്ഥാനം അദ്വൈദിന്.പ്രത്യേകം വിളിച്ചു ചേര്‍ത്ത ചടങ്ങില്‍ സ്കൂള്‍ വിതസനസമിതി ചെയര്‍മാന്‍ കുഞ്ഞിക്കൃഷ്ണന്‍ മാങ്ങാട് അദ്വൈദിന് സമ്മാനം വിതരണം ചെയ്തു.

 വിദ്യാലയത്തില്‍ വികസനസെമിനാര്‍ നടന്നപ്പോള്‍ അഞ്ചു ലക്ഷത്തി അറുപത്തി മൂവായിരം രൂപയുടെ സ്പോണ്‍സര്‍‍ിപ്പാണ് വിദ്യാലയത്തിന് ലഭിച്ചത്.ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് സ്പോണ്‍സര്‍ചെയ്ത കുട്ടികള്‍ക്കുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നമ്മള്‍ ചുമതലപ്പെടുത്തിയതും അദ്വൈദിനെ ആയിരുന്നു


സ്കൂളിലെ കൂട്ടുകാര്‍ മാങ്ങടുള്ള വയോജനങ്ങള്‍ക്ക് വേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ടൗണിലെത്തി.അഞ്ചംഗസംഘത്തില്‍ അദ്വൈദിനെയും ഞാന്‍ ഉള്‍പ്പെടുത്തി.അജിതക്ക് സംശയം.അവന്‍ അവിടെ എന്തുചെയ്യാന്‍?
കൂട്ടുകാര്‍ പറഞ്ഞു.അവന്‍ ഒപ്പം വേണം.ഞങ്ങള്‍ സംഘഗാനം പ്ലാന്‍ ചെയ്തിട്ടുണ്ട്.
അങ്ങനെ അദ്വൈദും സംഘവും മനോഹരമായി പരിപാടികള്‍ അവതരിപ്പിച്ചു.
അതെ ഞങ്ങള്‍ അങ്ങനെയാണ് പരിപാടികള്‍ അനൗണ്‍സ് ചെയ്യുക... അദ്വൈദും സംഘവും...അത് കേള്‍ക്കുമ്പോള്‍ ആ കുഞ്ഞുമനസ്സ് എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം.ആ വാക്കുകള്‍ അവന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ടെന്നും എനിക്കറിയാം.

മാര്‍ച്ച് മാസം എത്തുമ്പോഴേ അദ്വൈദും ക്ലാസിലെ കുട്ടികളും പറയാന്‍ തുടങ്ങി.ഇവിടെ അഞ്ചാംക്ലാസ് ആരംഭിക്ക് മാഷേ....നമ്മള്‍ക്കിവിടെത്തന്നെ പഠിക്കണം.
അങ്ങനെ അവര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ഒരു നിവേദനം തയ്യാറാക്കി വാര്‍ഡ് മെമ്പറെ ഏര്‍‌പ്പിച്ചു.
അഞ്ചാം ക്ലാസ് തുടങ്ങും എന്ന പ്രതീക്ഷയില്‍ കുട്ടികള്‍ സജീവമായി.
ഞാനും തിരുത്താന്‍ പോയില്ല.അദ്വൈദിനെ സങ്കടപ്പെടുത്താന്‍ ഞാനും തയ്യാറായിരുന്നില്ല.
ഇനി അവന്‍ പഠിക്കുന്ന സ്കൂളില്‍ അവനെ പരിഗണിക്കുന്ന കൂട്ടുകാരും അധ്യാപകരം ഉണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രമാണ് എനിക്കുണ്ടായിരുന്നത്.
ഇപ്പോള്‍ അദ്വൈദ് അസുഖങ്ങള്‍ വന്നാല്‍ പോലും ലീവാക്കില്ല.രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചാലും വീട്ടില്‍ വിശ്രമിക്കില്ല.ഇനി ആകെ എനിക്ക് കൂട്ടുകാരുടെയും മാഷിന്റെയും കൂടെ ഇത്ര ദിവസം,എനിക്ക് സ്കൂളില്‍ പോണം...അവന്‍ വാശി പിടിക്കും.
ദിവസവും കലണ്ടര്‍ നോക്കി ഈ വര്‍ഷം ബാക്കിയുള്ള ദിനങ്ങള്‍ എണ്ണും.രവിലെ സ്കൂളിലെത്തിയാല്‍ പറയും മാഷേ,ഇനി നമ്മള്‍ക്ക് ഇത്ര ദിവസമേ ഉള്ളൂ....വല്ലാത്ത മുഖഭാവത്തോടെ അവന്‍ അത് പറഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത സങ്കടം വരും.
ഇടക്ക് ഒരു നാള്‍ അജിത പറഞ്ഞു.മാഷേ , ഇന്നലെ അവന്‍ ഒട്ടും ഉറങ്ങിയില്ല.വല്ലാത്ത ചുമ..എത്ര പറഞ്ഞിട്ടും സ്കൂളിലേക്കിങ്ങാന്‍ വാശി പിടിക്കുന്നു.മാഷിനൊന്ന് ഫോണില്‍ അവനോട് പറയാമോ...അവന്‍ ഫോണില്‍ നിര്‍ത്താതെ ചുമച്ചിട്ട് എന്നോട് പറയുകയാ,എനിക്ക് ചുമയൊന്നുമില്ല മാഷേ....എല്ലാംമാറീന്ന് ...അജിതയോട് ഞാന്‍ പറഞ്ഞു,അവന്‍ പോന്നോട്ടെ.മരുന്ന് കൊടുത്തുവിട്ടാല്‍ മതി..ഞാന്‍ ശിവിനെയും വര്‍ഷയെയും മരുന്ന് കഴിപ്പിക്കേണ്ട കാര്യം ഓര്‍മ്മിപ്പിക്കും...പക്ഷെ സമയമെത്തുംമുന്നെ ഞാനടക്കമുള്ള എല്ലാവരും ഓര്‍ത്ത് അദ്വൈദിന് മരുന്ന് കുടിക്കാന്‍ സമയമായി എന്നു വിളിച്ച് പറയും.ഇതിനിടയില്‍ എനിക്കവന്‍ ഒരു സമ്മാനം കൊണ്ടുത്തന്നു.നന്നായി വര്‍ണക്കടലാസില്‍ പൊതിഞ്ഞ്...സമ്മാനം തരുമ്പോള്‍ ആ കുഞ്ഞുകണ്ണിലുണ്ടായ സന്തോഷം ഞാന്‍ ആസ്വദിച്ചു.ഞാന്‍ സമ്മാനമെടുത്ത് മേശമേല്‍ വെച്ചു.മാഷിത് വീട്ടില്‍ കൊണ്ടുപോകുന്നില്ലേ..അവന്‍ ചോദിച്ചു.‌
വേനലവധിക്ക് സ്കൂള്‍ പൂട്ടിയപ്പോള്‍ ഞാന്‍ ആ സമ്മാനം വീട്ടിലെ എന്റെ മേശമേല്‍ സൂക്ഷിച്ചു.ആ സ്ഫടികച്ചില്ലില്‍ എനിക്കവന്റെ ചിരിക്കുന്ന മുഖം കാണാന്‍ കഴിയുന്നുണ്ട്.



സ്കൂള്‍ അടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
രക്ഷിതാക്കളും സങ്കടത്തിലായിരുന്നു.ഞാന്‍ അജിതയോട് പറഞ്ഞു.നിങ്ങളെപ്പോലൊരും മാതാപിതാക്കളെ ലഭിച്ചതാണ് അവന്റെ ഏറ്റവും വലിയ ഭാഗ്യം.ഇനി വരുന്ന സ്കൂളിലും പഠനത്തിലും വിദ്യാലയപ്രവര്‍ത്തനങ്ങളിലും അവനെ മുന്നോട്ടു നടത്താന്‍ എല്ലാവരും ഒപ്പമുണ്ടാകും.മാഷിന്റെ ഒപ്പമാണ് അവനിത്രമാത്രം സന്തോഷിച്ച് ഞാന്‍ കണ്ടിട്ടുള്ളത്.അവന്റെ നല്ല വിദ്യാലയ ഓര്‍മ്മക്കായി ഞങ്ങള്‍ക്കെന്തൊങ്കിലും വിദ്യാലയത്തിലേക്ക് ചെയ്യണം.
ഞാന്‍ പറഞ്ഞു അതോന്നും വേണ്ട
എനിക്കറിയാം ..വണ്ടി ഓടിച്ച് ലഭ്യമാകുന്ന വരുമാനത്തില്‍ മുന്നോട്ടു പോകുന്നകുടുംബം,ഇപ്പോള്‍ നടക്കുന്ന വീടു പണി എല്ലാം എനിക്കറിയാം....ഓ പറയാന്‍ വിട്ടു...അതിനിടയില്‍ ഒരു ഞായറാഴ്ച ഞാനും ഭാര്യയും മക്കളും അദ്വൈദിന്റെ വീട്ടില്‍ ചെന്നിരുന്നു.അന്ന് അവന്‍ പുതിയ വീടിന്റെ വിശേഷങ്ങളെല്ലാം നമ്മളോട് പറയുകയുണ്ടായി.
അവന് ഏറ്റവും ഇഷ്ടം എപിജെ അബ്ദുള്‍ കലാമിനെയാണ്.കുട്ടികള്‍ സ്വപ്നം കാണണമെന്ന കലാമിന്റെ വാക്കുകള്‍ ഞാന്‍ ഇടക്കൊക്കെ അവരെ ഓര്‍മ്മിപ്പിക്കുമായിരുന്നു. ,രാവിലെയും വൈകുന്നേരവും കൂടുതല്‍ സമയം വിദ്യാലയത്തില്‍ ചെലവഴിക്കുമ്പോഴും ഞാന്‍ പറയാറുണ്ടായിരുന്നു,അധികസമസം പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയുമാണ് കലാമിന് ഏറെ ഇഷ്ടമെന്ന്..
അജിതയും കുഞ്ഞിക്കേളുവും എന്നോട് ചോജിച്ചു.
അവന്റെ എറ്റവും ഇഷ്ടപ്പെട്ട കലാമിന്റെ ശില്പം അവന്റെ പേരില്‍ സ്കൂളില്‍ ചെയ്യട്ടെ.
അവരുടെ ആഗ്രഹത്തിന്റെ ആഴം മനസ്സിലാക്കിയ ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല.
അങ്ങനെ മാര്‍ച്ച് 31 ന് കലാംശില്പം പൂര്‍ത്തിയായി.

ശില്പത്തിനരികെ അദ്വൈദ്

കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ എപിജെ അബ്ദുള്‍ കലാമിന്റെ ശില്പം അനാഛാദനം ചെയ്യുമ്പോള്‍ നാട്ടുകാര്‍ പലരും മനസ്സില്‍‌ ചോദിച്ചിട്ടുണ്ടാകാം.ഈ പരിമിതികള്‍ക്കിടയിലും ഇവരെന്തിനീ.....
പക്ഷെ എനിക്കുത്തരമുണ്ട്.
എല്ലാ കുട്ടികളെയും തുല്യമായി പരിഗണിക്കുന്ന
വെല്ലുവിളിയുള്ള മക്കള്‍ക്ക് അനിവാര്യമായ പിന്തുണ ഉറപ്പാക്കുന്ന പൊതുവിദ്യാലയങ്ങള്‍ക്കുള്ള ആദരമാണ് ഈ ശില്പം.

Thursday, April 13, 2017

കേരളം

കേരളം

കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
63
കേരളത്തിലെ വില്ലേജുകൾ?
1572
കേരളത്തിലെ കോർപ്പറേഷനുകൾ?
5
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
മലനാട്, ഇടനാട്, തീരപ്രദേശം
കേരളത്തിലെജില്ലകളും താലൂക്കുകളും
തിരുവനന്തപുരം: നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട: കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ: ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം: മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി: ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം: പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ,
ത്രിശൂർ: ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം: തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്: വടകര, കോഴിക്കോട്
വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ: കണ്ണൂർ, തലശേരി
കാസർകോട്:കാസർകോട്, ഹോസ്ദുർഗ്
അതിർത്തികൾ
വടക്ക്- കർണാടകം
കിഴക്ക്- ബംഗാൾ ഉൾക്കടൽ
തെക്ക്- തമഴ്നാട്
പടിഞ്ഞാറ്- അറബിക്കടൽ
44 നദികൾ
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപ്പട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം.
കിഴക്കോട്ട് ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ
പ്രധാന കായലുകൾ: വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.
കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി.
പ്രധാന പർവതങ്ങൾ: ആനമല, ശബരിമല, പീരുമേട്, ഏലമല, അഗസ്ത്യകൂടം, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, പാലപ്പിള്ളി, കോടശ്ശേരി, കണ്ഡുമല, തെന്മല, അതിരപ്പിള്ളി.
പ്രധാന ജലസേചനപദ്ധതികൾ: മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ.
പ്രധാന വൈദ്യുതനിലയങ്ങൾ: പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, ഷോളയാർ, ഇടമലയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, പന്നിയാർ, ചെങ്കുളം, നേര്യമംഗലം, കല്ലട, പേപ്പാറ, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, കക്കാട്, ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്, കായംകുളം തെർമൽ പവർപ്ലാന്റ്, കഞ്ചിക്കോട് വിൻഡ് ഫാം.
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ
കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, പാലക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, കായംകുളം, മാവേലിക്കര,ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, കൊച്ചുവേളി.
കേരളത്തി്ലെ വിമാനത്താവളങ്ങൾ: കോഴിക്കോട്, നെടുമ്പാശ്ശേരി, കൊച്ചി, തിരുവനന്തപുരം
കേരളത്തിലെ കോർപ്പറേഷനുകൾ: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്.
കേരളത്തിന്റെ കാലാവസ്ഥ
മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം).  ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
മഞ്ഞുകാലം : ഡിസംബർ പകുതിമുതൽ ഫെബ്രുവരി പകുതി വരെ.
വേനൽക്കാലം: മാർച്ച് മുതൽ മെയ് അവസാനം വരെ.
കേരളം ജനസംഖ്യ (2011)
കേരളത്തിലെ ജനസംഖ്യ - 3,33,87,677
കേരളത്തിലെ ജനസാന്ദ്രത - 859
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം - 1000 പുരു. 1084 സ്ത്രീ
കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം (41,10,956)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട് (8,16,558)
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട (96.63%)
കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട് (88.49%)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം (ച. കി. മീ. 1509)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി (ച. കി. മീ. 254)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് - 4.86%
കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം - തിരുവനന്തപുരം (75,249)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം - തൃശൂർ (31,559)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ - തിരുവനന്തപുരം (7,52,490)
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ - തൃശൂർ (3,15,596)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ - തിരുവനന്തപുരം
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ - തൃശൂർ
കേരളത്തിലെ പുരുഷ ജനസംഖ്യ - 1,60,21,290
കേരളത്തിലെ സ്ത്രീ ജനസംഖ്യ - 1,73,66,387
കേരളത്തിലെ ഏറ്റവും വലുത്
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
കേരളത്തിൽ ഏറ്റവും ആദ്യം
കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ.   ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല: തിരുവനന്തപുരം
കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
മഹാത്മാഗാന്ധിസർവകലാശാ‍ല: കോട്ടയം
ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
കണ്ണൂർ സർവ്വകലാശാല: കണ്ണൂർ
മഗ്സാസെ അവാർഡ് നേടിയ മലയാളികൾ
പി. പി. നാരായണൻ       :1962
വർഗീസ് കുര്യൻ              :1963
എം. എസ്. സ്വാമിനാഥൻ : 1971
ബി. സി. ശേഖർ              : 1973
ബി. ജി. വർഗീസ്              :1975
ടി. എൻ. ശേഷൻ              : 1996
കേരളത്തിലെ തുറമുഖങ്ങൾ
വൻകിട തുറമുഖം- കൊച്ചി
ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
ചെറിയ തുറമുഖങ്ങൾ- വിഴിഞ്ഞം. വലിയതുറ, തങ്കശ്ശേരി, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം നാഷണൽ പാർക്ക്, സൈലന്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻചോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
പറമ്പികുളം, നെയ്യാർ, പീച്ചി-വാഴാനി, ചിമ്മിനി, വയനാട്, ചെന്തരുണി, ഇടുക്കി, പേപ്പാറ, ചിന്നാർ, ആറളം, തട്ടേക്കാട്, പെരിയാർ, മംഗളവനം, കുറിഞ്ഞിമല, ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം - ആനക്കയം
പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം
കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
നിയമസഭാ പ്രക്ഷോഭണം - 1920
മലബാർ സമരം - 1921
വൈക്കം സത്യാഗ്രഹം - 1924
നിയമലംഘന പ്രസ്ഥാനം - 1930
ഗുരുവായൂർ സത്യാഗ്രഹം - 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
ക്വിറ്റ്ന്ത്യാ സമരം - 1946
കേരളം: പ്രധാനസംഭവങ്ങൾ
ആറ്റിങ്ങൽ കലാപം - 1721
കുളച്ചൽ യുദ്ധം ‌- 1741
അവസാനത്തെ മാമാങ്കം - 1755
ശ്രീ രംഗപട്ടണം സന്ധി - 1792
കുണ്ടറ വിളംബരം - 1809
കുറിച്യർ ലഹള - 1812
ചാന്നാർ ലഹള - 1859
അരുവിപ്പുറം പ്രതിഷ്ഠ - 1888
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
മലബാർ ലഹള - 1921
വൈക്കം സത്യാഗ്രഹം - 1924
ഗുരുവായൂർ സത്യാഗ്രഹം - 1931
നിവർത്തന പ്രക്ഷോഭം - 1932
ക്ഷേത്ര പ്രവേശന വിളംബരം - 1936
കയ്യൂർ സമരം - 1941
പുന്നപ്ര വയലാർ സമരം - 1946
കേരള സംസ്ഥാന രൂപീകരണം - 1956
വിമോചന സമരം - 1959
മലയാളത്തിലെ ആത്മകഥകൾ
ജീവിതസമരം - സി. കേശവൻ
കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
സ്മൃതിദർപ്പണം - എം. പി. മന്മഥൻ
കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ
ജ്ഞാനപീഠം നേടിയ കേരളീയർ
ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
എസ്. കെ.  പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
തകഴി ശിവശങ്കര പിള്ള - കയർ(1984)
എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ
1993- ശൂരനാട് കുഞ്ഞൻപിള്ള
1994- തകഴി ശിവശങ്കരപ്പിള്ള
1995‌- ബാലാമണിയമ്മ
1996- ഡോ. കെ. എം. ജോർജ്
1997- പൊൻകുന്നം വർക്കി
1998- എം. പി. അപ്പൻ
1999- കെ. പി. നാരയണപിഷാരോടി
2000- പാലാ നാരായണൻ നായർ
2001- ഒ. വി. വിജയൻ
2002- കമലാ സുരയ്യ
2003- ടി. പത്മനാഭൻ
2004- സുകുമാർ അഴീക്കോട്
2005- എസ്. ഗുപ്തൻ നായർ
2006- കോവിലൻ
2007- ഒ. എൻ. വി. കുറുപ്പ്
2008- അക്കിത്തം
2009- സുഗതകുമാരി
2010- എം. ലീലാവതി
2011- എം. ടി. വാസുദേവൻ നായർ
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ
ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
സി. അച്യുതമേനോൻ - ധനകാര്യം
ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ - വ്യവസായം
വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
കെ. സി. ജോർജ് - ഭക്ഷ്യം, വനം
ടി. എ. മജീദ് - പൊതുമരാമത്ത്
പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ - ആരോഗ്യം
ഉപമുഖ്യമന്ത്രിമാർ
കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
അപരനാമങ്ങൾ
പമ്പയുടെ ദാനം - കുട്ടനാട്
കേരളത്തിന്റെ നെല്ലറ - കുട്ടനാട്
തേക്കടിയുടെ കവാടം - കുമളി
പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
അറബിക്കടലിന്റെ റാണി - കൊച്ചി
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
അക്ഷരനഗരം - കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
ചെറിയ മക്ക - പൊന്നാനി
വയനാടിന്റെ കവാടം - ലക്കിടി
ചന്ദനക്കാടിന്റെ നാട് - മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആ‍റന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ
ദക്ഷിണ കേരളത്തിലെ ഗുരുവായൂർ - അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം - കാന്തളൂർ ശാല
വ്യവസായ കേന്ദ്രങ്ങൾ
കയർ - ആലപ്പുഴ
കശുവണ്ടി - കൊല്ലം
കളിമണ്ണ് - കുണ്ടറ
മരത്തടി - കല്ലായി
ബീഡി - കണ്ണൂർ
പേപ്പർ - വെള്ളൂർ
പഞ്ചസാര - ചിറ്റൂർ, പന്തളം
സിമന്റ് - വാളയാർ, കൊല്ലം
ഗ്ലാസ് - ആലുവ, ആലപ്പുഴ
ഓട് - തൃശൂർ, കോഴിക്കോട്
സോപ്പ് - കോഴിക്കോട്, എറണാ‍കുളം
കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
തീപ്പെട്ടി - But കൊല്ലം, തൃശൂർ

Friday, April 7, 2017

പെട്രോളിയം (Petroleum)

പെട്രോളിയം (Petroleum)

ലോക ചരിത്രപ്രകാരം പെട്രോളിയം ആധുനിക ലോകത്തിന്‌ മാത്രം
അറിയുന്ന വസ്തുവല്ല.
ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസിന്റെ വിവരണത്തിൽ
ബാബിലോണിലെ മതിലുകളും ഗോപുരങ്ങളും നിർമ്മിക്കാൻ അസ്ഫാൾട്ട് ഉപയോഗിച്ചിരുന്നു. ബാബിലോണിന്‌ സമീപമുള്ള അർദേരിക്കയിൽ
എണ്ണ കുഴികളുണ്ടായിരുന്നു. ഉയർന്ന അളവിൽ ഇവ നദീതീരങ്ങളിലും മറ്റും ഇവ കാണപ്പെടുകയും ചെയ്തിരുന്നു. പുരാതന പേർഷ്യയിലെ സമൂഹത്തിലെ മുകൾതട്ടുകാർ ഔഷധങ്ങൾക്കും വിളക്ക് കൊളുത്താനും പെട്രോളിയം ഉപയോഗിച്ചിരുന്നു. ഇന്ന് ലോകംതന്നെ ഓടുന്നത് പെട്രോളിയത്തിന്റെ സഹായത്താലാണ്.

ഭൂമിയിൽ പ്രകൃത്യാ കണ്ടുവരുന്നതും കത്താൻ കഴിവുള്ളതുമായ ദ്രാവകമാണ് പെട്രോളിയം. ഭൂമിയുടെ പുറം‌പാളിയിൽ രൂപപ്പെടുന്ന ശിലകൾക്കിടയിലായാണ് പെട്രോളിയം കൂടുതലും കാണപ്പെടുന്നത്. എണ്ണ മണലുകളിലും ഇവ കാണപ്പെടാറുണ്ട്.
വിവിധ തരത്തിലുള്ള ഹൈഡ്രോകാർബണുകളുടെ സങ്കീർണ്ണമായ മിശ്രിതമാണ്‌ ഇവ, കൂടെ മറ്റുള്ള ജൈവസം‌യുക്തങ്ങളും കാണപ്പെടുന്നു. പെട്രോളിയത്തെ crude oil എന്നും പറയാറുണ്ട്.1546 ൽ ജർമൻ ശാസ്ത്രജ്ഞനായ ജോർജ് ബൗർ ആണ്‌ പെട്രോളിയം എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

ആല്‍ഗകള്‍ പോലുള്ള കടലിലെ സൂക്ഷ്മജീവികള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ക്രമേണ ഭൂമിക്കുള്ളിലേക്ക് കടന്ന്  അവിടുത്തെ ശക്തമായ ചൂടിലും മര്‍ദ്ദത്തിലും പെട്രോളിയമായി മാറി എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
അങ്ങനെയല്ല, ജൈവവസ്തുക്കളില്ലാതെയാണ് പെട്രോളിയമുണ്ടായത് എന്ന് ചില സോവിയറ്റ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു.
പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സിദ്ധാന്തമനുസരിച്ച് അതിപുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്ന് രൂപപ്പെടുന്നതാണ് പെട്രോളിയം. പെട്രോളിയത്തിൽനിന്ന് വേർതിരിച്ചെടുത്ത തന്മാത്രകൾ അറിയപ്പെടുന്ന ജൈവതന്മാത്രകളുടെ ഘടനയുമായുള്ള സാമ്യം നിരീക്ഷിക്കപ്പെട്ടതിൽ നിന്നാണ് ആദ്യമായി ഈ സിദ്ധാന്തം രൂപപ്പെടാൻ കാരണമായത്.

ഉയർന്ന ഊർജദായക ശേഷി, കൈമാറ്റം ചെയ്യപ്പെടാനുള്ള കഴിവ്, സമൃദ്ധമായ ലഭ്യത തുടങ്ങിയവ പെട്രോളിയത്തെ ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ സ്രോതസ്സാക്കി മാറ്റി. 1950 കളിലാണ്‌ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയത്. ഔഷധങ്ങൾ, ലായകങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, പലതരം പ്ലാസ്റ്റിക്കുകൾ തുടങ്ങി പല രാസ ഉല്പന്നങ്ങളുടെയും അസംസ്കൃതവസ്തുവാണ്‌ പെട്രോളിയം. ഊർജ്ജോത്പാദനത്തിന് ഉപയോഗിക്കപ്പെടാത്ത 16% മേൽ വിവരിച്ച മറ്റുപല വസ്തുക്കളും നിർമ്മിക്കുവാനാണുപയോഗിക്കുന്നത്.

പെട്രോളിയം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് പ്രധാന ഊർജ സ്രോതസ്സായപെട്രോൾ, ഡീസൽ എന്നിവ
ഉല്പാദിപ്പിക്കുവാനാണ്‌. ലഘുവിഭാഗത്തിൽപ്പെട്ട എണ്ണയിൽ നിന്നാണ് ഈ ഇന്ധനങ്ങൾ എളുപ്പത്തിൽ ഉല്പാദിപ്പിക്കുവാനാകുക. പക്ഷെ ലോകത്തുള്ള ലഘു എണ്ണ നിക്ഷേപങ്ങൾ ഉപയോഗിച്ചു തീർന്നുകൊണ്ടിരിക്കുന്നതിനാ ഇനി ലഭിക്കുന്ന ഘന എണ്ണയേയും ബിറ്റുമിനേയും ഓയിൽ റിഫൈനറികൾവെച്ച് കൂടുതൽ സംസ്കരണ പ്രവർത്തനങ്ങൾക്ക് വിധേയമാക്കേണ്ടി വരുകയും, ആവശ്യമുള്ള ഉല്പന്നങ്ങളുടെ ഉല്പാദനത്തിന് കൂടുതൽ ചെലവുള്ളതും സങ്കീർണ്ണവുമായ പ്രക്രിയകൾ നടത്തേണ്ടിയും വരുന്നു. ഘന എണ്ണയിൽ കാർബൺ കൂടുതലും ഹൈഡ്രജൻ കുറഞ്ഞ അളവിലുമായതിനാൽ, ഇത്തരം പ്രക്രിയകളിൽ കൂടുതലും എണ്ണയിലെ തന്മാത്രകളിൽനിന്ന് ഒന്നുകിൽ അധികമുള്ള കാർബൺ നീക്കം ചെയ്യുകയോ ആവശ്യത്തിന് ഹൈഡ്രജൻ ചേർക്കുകയോ ചെയ്യുകയും. പിന്നീട് നീളം കൂടിയ ഹൈഡ്രോകാർബൺ തന്മാത്രകളെ ഇന്ധനങ്ങളിൽ കാണപ്പെടുന്ന ലഘുവും നീളം കുറഞ്ഞതുമായ തന്മാത്രകളാക്കുന്നതിന് വേണ്ടി ദ്രവ്യോല്പ്രേരിത വിഘടനത്തിന്  വിധേയമാക്കുകയും ചെയ്യുന്നു.

സ്വാഭാവിക എണ്ണ (ക്രൂഡ് ഓയിൽ) മാത്രമാണ് പെട്രോളിയത്തിൽ
അടങ്ങിയിരിക്കുന്നത്. എന്നാൽ ചില പ്രദേശങ്ങളിൽ പെട്രോളിയത്തിൽ സ്വാഭാവിക എണ്ണയും പ്രകൃതിവാതകവും അടങ്ങിയിരിക്കുന്ന രീതിയിലായിരിക്കും. സ്വാഭാവിക എണ്ണയും പ്രകൃതിവാതകവും ഹൈഡ്രോകാർബൺ മിശ്രിതങ്ങളാണ്. ലളിത ഹൈഡ്രോകാർബണുകളായ മീഥെയ്ൻ, എഥെയ്ൻ, പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവ ഭൗമോപരിതല മർദ്ദത്തിലും താപനിലയിലും വാതകരൂപത്തിലാണെങ്കിൽ, പെന്റെയ്ൻ മുതലങ്ങോട് ഭാരം കൂടിയ ഹൈഡ്രോ
കാർബണുകൾ ദ്രാവകരൂപത്തിലും ഖരരൂപത്തിലുമായിരിക്കും. എന്നാൽ ഭൂമിക്കടിയിൽ അവയുടെ സ്ഥാനത്തിന്റെ ചുറ്റുപാടനുസരിച്ച് അവയുടെ പദാർത്ഥനിലയിൽ മാറ്റം വരുന്നതാണ്.

പെട്രോളിയത്തിൽ അടങ്ങിയിട്ടുള്ള ഹൈഡ്രോകാർബണുകൾ കൂടുതലായും ആൽക്കെയ്നുകൾ, സൈക്ലോആൽക്കെയ്നുകൾ, ആരോമാറ്റിക്ക് ഹൈഡ്രോകാർബണുകൾ എന്നിവയാണ്‌, മറ്റുള്ള ജൈവസം‌യുക്തങ്ങളിൽ കൂടുതലായും നൈട്രജൻ, ഓക്സിജൻ, സൾഫർ എന്നിവയും നേരിയതോതിൽ ഇരുമ്പ്, നിക്കൽ, ചെമ്പ്, വനേഡിയം തുടങ്ങിയ ലോഹങ്ങളും കാണപ്പെടുന്നു. തന്മാത്രകളുടെ കൃത്യമായ അനുപാതം വളരെ വ്യത്യാസപ്പെടാറുണ്ട്.

പെട്രോളിയം ലഭിക്കുന്ന സ്ഥലം പ്രാധാന്യമുള്ളതാണ്‌ കാരണം അത് ഇതിന്റെ കൊണ്ട്പോകാനുള്ള ചെലവ് വർദ്ധിപ്പിക്കുന്നു. സ്വാഭാവിക എണ്ണയ്ക്കാണ്‌ കൂടുതൽ പ്രാമുഖ്യം എന്തെന്നാൽ ഇവ കൂടുതൽ ഗാസോലീൻ അടങ്ങിയതായിരിക്കും. അമ്ല എണ്ണയിൽ സൾഫറിന്റെ അളവ് കൂടുതലായിരിക്കും, സൾഫർ പരിസ്ഥിതി മലിനീകരണത്തിന്‌ കാരണമാകുന്നതിനാൽ കൂടുതൽ സംസ്കരണം വേണ്ടി വരുന്നു. ഒരോ സ്വാഭാവിക എണ്ണയ്ക്കും അതിന്റേതായ ഗുണവിശേഷണങ്ങളായിരിക്കും ഇത് പെട്രോളിയം പരീക്ഷണശാലകളിൽ നടത്തുന്ന സ്വാഭാവിക എണ്ണ ഗുണമേന്മാ അപഗ്രഥനം വഴി മനസ്സിലാക്കുന്നു. ഇത് പ്രകാരം എണ്ണയുടെ വില നിശ്ചയിക്കപ്പെടുകയും ചെയ്തു.  വിവിധ പ്രദേശങ്ങളിൽ
നിന്നുള്ള എണ്ണകൾ സമിശ്രമാക്കപ്പെടുകയും,
വിവിധ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

എണ്ണപ്പാടങ്ങളിലുള്ള എണ്ണക്കിണറുകൾ വഴിയുള്ള ഉൽഖനനമാണ്‌ സാധാരണമായ രീതി. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെയും ഹൈഡ്രോകാർബണുകളുടെ വർദ്ധിച്ച ആവശ്യവും എണ്ണയുടെയും വാതകത്തിന്റെയും ഫലപ്രദമായ തരത്തിലുള്ള പര്യവേഷണത്തിന് ഹേതുവായിട്ടുണ്ട്. ഭൗമാന്തർഭാഗത്ത് നിലനിൽക്കുന്ന മർദ്ദത്തിന്റെ സഹായത്തോടെ ഉൽഖനനം ചെയ്തെടുക്കുന്നതാണ്‌ ഒരു രീതി, ഇതുവഴി ഏകദേശം നിലവിലുള്ള 20% എണ്ണയും പുറത്തെടുക്കാം. മർദ്ദത്തിന്റെ ഉറവിടം വിവധങ്ങളാകാം, എണ്ണയുടെ അടിയിൽ കിടക്കുന്നു ജലത്തിന്റെ മർദ്ദം ഇങ്ങനെയുള്ളതിനെ ജലനിയത്രിത നിക്ഷേപം എന്നും, എണ്ണയുടെ മുകളിൽ കാണപ്പെടുന്ന വാതകം ചെലുത്തുന്ന മർദ്ദമാണെങ്കിൽ വാതകനിയന്ത്രിതം എന്നും പറയുന്നു. ഇങ്ങനെയുള്ള മർദ്ദത്തിന്റെ സഹായത്തോടെ എണ്ണ ഖനനം നടത്തുമ്പോൾ മർദ്ദം കുറഞ്ഞ് ഒരു ഘട്ടം കഴിഞ്ഞാൽ മർദ്ദത്തിന്‌ എണ്ണയെ ഉപരിതലത്തിൽ എത്തിക്കാൻ കഴിയാതെ വരുന്നു, ശേഷമുള്ള രണ്ടാം ഘട്ടത്തിൽ 5 മുതൽ 10 % വരെ എണ്ണ പുറത്തെടുക്കാം. ജലനിയന്ത്രിത നിക്ഷേപങ്ങളിൽ ജലം എണ്ണക്കടിയിലേക്ക് കടത്തിവിട്ടും, വാതകനിയന്ത്രിത നിക്ഷേപങ്ങളിൽ മുകളിലുള്ള വാതക പാളിയിലേക്ക് വാതകം കടത്തിവിട്ടും വീണ്ടും മർർദ്ദം നിലനിർത്താൻ സാധിക്കും. ഇങ്ങനെ രണ്ടാം ഘട്ടത്തിലൂടെയുള്ള ഉൽഖനനവും ഫലപ്രദമാകാതെ വരുമ്പോൾ എണ്ണയുടെ വിസ്കോസിറ്റി കുറച്ചുകൊണ്ട് കൂടുതൽ എണ്ണ പുറത്തെത്തിക്കാനുള്ള മൂന്നാം ഘട്ടത്തിലേക്ക് നടക്കുന്നു, താപം പ്രവഹിപ്പിക്കുക, എണ്ണയുടെ പ്രതലബലം വർദ്ധിപ്പിക്കാനുള്ള വസ്തുക്കൾ പ്രയോഗിക്കുക, കാർബൺഡൈഓക്സൈഡ് പോലെയുള്ള വാതകങ്ങൾ ശക്തിയായി പ്രവഹിപ്പിക്കുക എന്നിവ ഈ ഘട്ടത്തിൽ നടത്തുന്നു.

ഇപ്പോഴുള്ള പെട്രോളിയം നിക്ഷേപം 190 ക്യുബിക് കി.മീ എന്നും, എണ്ണമണലുകൾ ഉൾപ്പെടെ ഇത് 595 ക്യുബിക് കി.മീ  എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ഉപഭോഗം ഒരു ദിവസം 84 മില്യൺ വീപ്പകൾ അഥവാ വർഷത്തിൽ 4.9 ക്യുബിക് കി.മീ ആണ്‌. പെട്രോളിയം നിക്ഷേപങ്ങളിൽ നിന്നെടുക്കാവുന്ന പെട്രോളിന്റെ അളവ് കാലക്രമേണ കുറഞ്ഞ് വരുന്നുണ്ട് , ഉപഭോഗത്തിൽ ഗണ്യമായ വർദ്ധനവ് സംഭവിച്ചിട്ടുമുണ്ട് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത് ശേഖരിച്ച് വച്ചിട്ടുള്ള എണ്ണയാണ്‌, പെട്രോളിന്റെ ശേഖരം 2039 ആവുന്നതോടെ ഉപയോഗിച്ച് തീരുമെന്നും കണക്കാക്കുന്നു, ഇതെല്ലാം ലോകത്തെ വൻ ഊർജ്ജ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് കണക്കാക്കുന്നു. എന്നാലും പല ഘടകങ്ങളും ഈ അനുമാനത്തെ മുന്നോട്ടോ പിന്നോട്ടോ മാറ്റാൻ സാധ്യതയുണ്ട്. ഇന്ത്യ, ചൈന, തുടങ്ങി മറ്റുള്ള വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ വർദ്ധിച്ച ഉപഭോഗം,പുതിയ കണ്ടുപിടിത്തങ്ങൾ,മറ്റു ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം, പരമ്പരാഗതമല്ലാത്ത എണ്ണ സ്രോതസ്സുകളുടെ കണ്ടുപിടിത്തം എന്നിവയെല്ലാം ഇതിനെ ബാധിക്കാവുന്ന കാര്യങ്ങളാണ്‌.

ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ആല്‍ഗകളില്‍നിന്നും മറ്റുമാണ് എണ്ണയുണ്ടായത് എന്ന സിദ്ധാന്തം സത്യമാണെങ്കില്‍ ഭൂമിയിലുള്ള പെട്രോളിയത്തിന് പരിധി ഉണ്ടായേ തീരൂ. മനുഷ്യജീവിതത്തിന്റെ കാലയളവിലെങ്കിലും അത് പുനരുല്‍പ്പാദിപ്പിക്കാന്‍ സാദ്ധ്യമല്ല എന്നു തീര്‍ത്തും പറയാം. 2062 നും 2094 നും മധ്യേ പെട്രോളിയം തീര്‍ന്നുപോകുമെന്ന് 1999 ല്‍ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഒരു ലക്ഷത്തി നാല്‍പ്പതിനായിരം കോടി ബാരലിനും രണ്ടുലക്ഷം കോടി ബാരലിനും ഇടയ്ക്കാണ് ഭൂമിയില്‍  ആകെയുള്ള എണ്ണയുടെ അളവെന്നും ദൈനംദിന ഉപഭോഗം ഏതാണ്ട് എട്ടുകോടി ബാരലുകളാണെന്നുമുള്ള കണക്കിനെ അടിസ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ കാലഘട്ടം അവര്‍ നിര്‍ണയിച്ചത്. ഈ കണക്കുകള്‍ പുനഃപരിശോധിച്ചപ്പോള്‍ ഭൂമിയില്‍ ലഭ്യമായത് ഒന്നേകാല്‍ ലക്ഷംകോടി ബാരല്‍ എണ്ണ മാത്രമാണെന്നും ദൈനംദിന ഉപഭോഗം എട്ടര കോടി ബാരല്‍ ആയിട്ടുണ്ടെന്നും മനസിലായി.
ഇന്ത്യയും ചൈനയും പോലെയുള്ള ജനസംഖ്യ കൂടിയ രാഷ്ട്രങ്ങളില്‍ വാഹനങ്ങളുടെ എണ്ണം പെരുകുമ്പോള്‍ എണ്ണയുടെ ഉപഭോഗം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുമല്ലോ. 2030 ലോ അതിനു മുമ്പുതന്നെയോ പെട്രോളിയത്തിന്റെ ഉല്‍പ്പാദനം കുറഞ്ഞു തുടങ്ങും എന്നു പല വിദഗ്ദരും വിശ്വസിക്കുന്നു. ഉല്‍പ്പാദനം കുറയുകയും ഉപഭോഗം അതിനനുസരിച്ച് കുറയാതിരിക്കുകയും ചെയ്താല്‍ വില കൂടുമല്ലോ.
പല എണ്ണപ്പാടങ്ങളിലെയും ഉല്‍പ്പാദനം ഇപ്പോഴേ കുറഞ്ഞു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പെട്രോളിയത്തിന്റെ വില ഉയര്‍ന്നുകൊണ്ടിരിക്കും എന്നാണ് കരുതേണ്ടത്.
കിണറുകളില്‍ അവശേഷിക്കുന്ന എണ്ണയുടെയും പ്രതിദിന ഉല്‍പ്പാദനത്തിന്റെയും കണക്കുകള്‍ പല രാജ്യങ്ങളും നല്‍കുന്നത് പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പറ്റില്ല എന്ന് അഭിപ്രായമുള്ള വിദഗ്ധരുണ്ട്. എണ്ണ ഖനനം ചെയ്യുന്ന ചില പ്രമുഖ രാഷ്ട്രങ്ങളില്‍ അവര്‍ അവകാശപ്പെടുന്നത്രയും എണ്ണ വാസ്തവത്തില്‍ ഇനി ബാക്കിയുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്തായാലും, എണ്ണയുടെ അളവ് രാജ്യങ്ങള്‍ അവകാശപ്പെടുന്നതിനേക്കാള്‍ കുറവാകാനേ സാധ്യതയുള്ളൂ. അതുകൊണ്ട് എണ്ണ ഇനി എത്ര കാലത്തേയ്ക്ക് ശേഷിക്കും എന്ന് കൃത്യമായി കണക്കാക്കാനാവില്ല എന്നവര്‍ പറയുന്നു.

എണ്ണ വേഗം തീര്‍ന്നുപോകും എന്ന് കരുതുന്നത് തന്നെയാണ് നമ്മുടെ ഭാവിക്കും നല്ലത്. എണ്ണ ലഭ്യമല്ലാതാകുന്ന ഒരു ദിവസത്തേക്ക് നമ്മള് നേരത്തേതന്നെ തയാറായി ഇരിക്കുന്നതാവില്ലേ, അങ്ങനെ ഒരു സാഹചര്യം പെട്ടെന്നുണ്ടാകുന്നതിനേക്കാള്‍ ഭേദം. മാത്രമല്ല, നാം അങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കാനും മറ്റ് ഊര്‍ജ്ജസ്രോതസ്സുകളെ കൂടുതല്‍ ആശ്രയിക്കാനുമുള്ള താല്‍പ്പര്യവും ശ്രമങ്ങളും ഊര്‍ജ്ജിതമാകുകയും ചെയ്യും. ഇത് ആഗോളതാപനത്തിനും വായൂമലിനീകരണത്തിനും ശമനം വരുത്താന്‍ സഹായിക്കും.

Thursday, April 6, 2017

തീരെ സമയമില്ല.

''മാഷേ... ഭാര്യ ഗര്‍ഭിണിയായി. കുറെ കഴിഞ്ഞിട്ട് മതിയെന്ന് ഞങ്ങൾ നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളി..മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായി....."

എനിക്ക്‌ എന്നും ഉപദേശം തന്നിരുന്ന മാഷോട്‌ ഞാൻ കാര്യം പറഞ്ഞു.

മാഷ് കുറേനേരം എന്നെത്തന്നെ  നോക്കി......

ഞാൻ സൂചിപ്പിച്ചു:
"ഇത്‌ ആറാം മാസമാണ്. എനിക്ക്‌ എന്തായാലും ലീവ്‌ പറ്റില്ല. അപ്പോൾ അവള്‍ ഒറ്റയ്ക്ക്?''

മാഷ് പരിഹാരം പറഞ്ഞുതുടങ്ങി:

"സുധാകരാ...പേടിക്കണ്ട; ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ അഡ്മിറ്റാക്കാം. പ്രസവാനന്തര ചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും........അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ.... "

മാഷോട്‌ നന്ദിയും യാത്രയും ഒരുമിച്ചു പറഞ്ഞു ഞാൻ തിരിഞ്ഞുനടന്നു...
>>>>>>>>>>

മാസങ്ങൾക്കു ശേഷം.....ഞാൻ മാഷിനെ അന്വേഷിച്ചിറങ്ങി....

''മാഷേ....കുട്ടിക്ക് നാലു മാസമായി....ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല. എനിക്കാണെങ്കില്‍ ജോലിക്കയറ്റം കിട്ടി"

മാഷിന് കാര്യം മനസിലായി.

മാഷ് പരിഹാരം പറഞ്ഞു:
"മൂന്ന് വയസ്സുവരെ കുട്ടിയെ നോക്കുന്ന പാക്കേജുണ്ട്. രാവിലെ വരും വൈകീട്ടു പോകും....ഫുള്‍ടൈം വേണമെന്നുണ്ടെങ്കില്‍ പാക്കേജിന്റെ സ്വഭാവം മാറും.....ഫോൺ നമ്പർ എഴുതിക്കോളൂ"

സന്തോഷമായി; ഞാൻ പോന്നു.
>>>>>>>>

മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ഞാൻ  വീണ്ടും ചെന്നു.

"മാഷേ, കുട്ടിക്ക് നാലു വയസ്സാകുന്നു. ഞങ്ങളുടെ ജോലി ഒന്നുകൂടി ടൈറ്റായിവരുന്നു. കുഞ്ഞിന്റെ വിദ്യാഭ്യാസം....!?"

മാഷ് ചെറുചിരിയോടെ പറഞ്ഞു:

''ഇത്തിരി വലിയ പാക്കേജാണ്. ഡേകെയര്‍ മുതൽ.. നല്ല ഡിഗ്രിയെടുത്ത് കൈയില്‍ തരും. കുട്ടിയെ മാസത്തിലൊരിക്കല്‍ വേണമെങ്കില്‍ ചെന്നുകാണാം...."

എന്തു നല്ല മാഷ്‌!! അഡ്രസ്സും വാങ്ങി ഞാനിറങ്ങി.....
>>>>>>>>>>>

വര്‍ഷങ്ങള്‍ പലതു പിന്നിട്ടു....
മാഷിനെ അന്വേഷിച്ച്‌ ഒരു യുവാവ്‌ വന്നു....

മാഷിന്റെ കാഴ്ച്ചക്ക്‌ മങ്ങലേറ്റിട്ടുണ്ട്‌. ഓർമ്മശേഷിയും കുറവ്‌. കേട്ട് സാമ്യമുള്ള ശബ്ദമായതിനാൽ മാഷ്‌ തിരിച്ചറിഞ്ഞു.

"സുധാകരന്റെ മോൻ.....ല്ലേ...?"

"അതേ.....പപ്പ  മാഷിനെക്കുറിച്ച് പറയാറുണ്ട്...."

മകൻ ബാക്കി കാര്യം പറഞ്ഞു:
"പപ്പയ്ക്കും മമ്മിക്കും വല്ലാത്ത ഓർമ്മക്കുറവ്, ഓവർ സംസാരം. കുട്ടികളുടെതു പോലെ പിടിവാശി, വയസ്സ്‌ ഒത്തിരിയായില്ലേ...."

മകൻ തുടർന്നു.
"എനിക്ക്‌ തീരെ സമയമില്ല. വൈഫിനാണെങ്കിൽ ജോലിയും...പിന്നെ അവൾ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തുപോകുന്ന പ്രകൃതവുമല്ല.."

മാഷിന് കാര്യം ബോധ്യമായി.

മാഷ്‌ പരിഹാരം പറഞ്ഞുതുടങ്ങി:

"...നല്ല പരിചരണത്തോടെ നോക്കുന്ന ഒരു പാക്കേജുണ്ട്.  മരിച്ചാല്‍ അതാത് മതപ്രകാരം സംസ്‌കരിക്കുകയും ചെയ്യും. സാധാരണ വൃദ്ധസധനമല്ല..."

മകൻ സന്തോഷത്തോടെ അഡ്രസ്സെഴുതിയെടുത്തു.... നംബർ തെറ്റാതിരിക്കാൻ ഒന്നുകൂടി വായിച്ചുകേൾപ്പിച്ചു....

മാഷിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്നുവീണു...
മാഷ്‌ ആലോചിച്ചു, നാം എന്താണോ  കൊടുക്കുന്നത്; അതു തന്നെ തിരിച്ചു കിട്ടുന്നു.

ആശയം നല്ലതെന്ന് തോന്നി.. നിങ്ങളിലേക്ക് പങ്കുവെക്കുന്നു...

Related Posts Plugin for WordPress, Blogger...