Sunday, April 30, 2017

അദ്വൈദ് - അധ്യാപകന്‍റെ പാഠപുസ്തകം

അദ്വൈദ് - അധ്യാപകന്‍റെ പാഠപുസ്തകം
--'------------------------------------'''''''--
             
അദ്വൈദ് - എനിക്കറിയാം എനിക്കവനെയോ അവന് എന്നെയോ മറക്കാന്‍ കഴിയില്ല,
ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരു സെപ്തമ്പര്‍ ഇരുപത്തിനാലാം തീയതിയാണ് ഞാന്‍ അവനെ കാണുന്നത്.അന്ന് ട്രാന്‍സ്ഫര്‍ ആയി വിദ്യാലയത്തിലെത്തിയതായിരുന്നു ഞാന്‍. കാസറഗോഡ് ജില്ലയിലെ ഉദുമ ഗ്രാമപഞ്ചായത്തിലെ ജി.ഡബ്ല്യു.എല്‍ പി സ്കൂള്‍ ബാരയില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് അവന്‍. മറ്റു കുട്ടികളെപ്പോലെ ഓടാനും ചാടാനും തുള്ളിമറിയാനും അവനും ആഗ്രഹമുണ്ട്.പക്ഷെ സെറിബ്രല്‍ പാഴ്സി ബാധിച്ച അവന് അതിനു കഴിയുമായിരുന്നില്ല.‍


വൈകിയുള്ള ചാലകവികാസം എഴുത്തിലും പഠനത്തിലും അവന് പ്രതികൂലാവസ്ഥ സൃഷ്ടിച്ചു.ക്ലാസിലെ ആദ്യനാളുകളില്‍ പഠനത്തില്‍ ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു.ഞാന്‍ അവന്റെ വീട്ടിലെത്തി കുടുംബസാഹചര്യങ്ങളൊക്കെ മനസ്സിലാക്കി.ഓര്‍മ്മശക്തിയില്‍ മിടുക്കനായിരുന്ന അദ്വൈദ് ഗാന്ധിക്വിസില്‍ പങ്കെടുക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു.അവന്റെ എല്ലാകാര്യങ്ങളിലും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുന്ന അമ്മ അജിതയുടെ സഹായത്തോടെ അവന്‍ വാശിയോടെ പഠനം തുടങ്ങി.ഒക്ടോബര്‍ രണ്ടാകാന്‍ അവന്‍ കാത്തിരുന്നു.അതിനിടയില്‍ ഞാനും നാലാംക്ലാസിലെ കൂട്ടുകാരും അവനെ ഗാന്ധിജിയാക്കി ക്ലാസില്‍ സംഗീതശില്പം പരിശീലിക്കാന്‍ ആരംഭിച്ചു.

ഒക്ടോബര്‍ 2 ....അദ്വൈദിന്റെ പ്രകടനം കാണാന്‍ രക്ഷിതാക്കളും അധ്യാപകരും കൂട്ടുകാരും കാത്തിരുന്നു.അവന്‍ ഗംഭീരമായിത്തന്നെ ഗാന്ധിജിയെ അവതരിപ്പിച്ചു.

ഗാന്ധിക്വിസില്‍ വിജയിക്കാന്‍ അദ്വൈദിന് കഴിഞ്ഞുവോ?
നിങ്ങള്‍ക്ക് കാണാം.

അടുത്തദിവസം ഞാന്‍ വിജയികളുടെ വാര്‍ത്താബോര്‍ഡ് തയ്യാറാക്കി ക്സൂളില്‍ പ്രദര്‍ശിപ്പിച്ചു.രാവിലെ അമ്മക്കൊപ്പം അവന്‍ എത്തിയപ്പോള്‍ ഞാന്‍ ആ സസ്പെന്‍സ് പറഞ്ഞു.
എടാ നീ ഇപ്പോള്‍ സ്കൂളിലെ ഹീറോ ആണ്.നിന്റെ ഫോട്ടോ നോക്കാന്‍ രാവിലെ കുട്ടികള്‍ ക്യൂ നില്‍ക്കുകയായിരുന്നു.അവനത് വിശ്വസിച്ചില്ല.ഞാന്‍ അവരെകൂട്ടി വിജയികളുടെ ബുള്ളറ്റിന്‍ ബോര്‍ഡിന് അടുത്തെത്തി.ഫോട്ടോ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.അജിതയുടെ കണ്ണുകള്‍ നിറഞ്ഞു.
പിന്നെ അവള്‍ അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.



ദിവസങ്ങള്‍ മുന്നോട്ടുപോയി.ഇപ്പോള്‍ സ്കൂളിലെത്താന്‍ അവന് വല്ലാത്ത ആവേശമാണ്.മിക്കദിവസങ്ങളിലും രാത്രി എനിക്ക് ഫോണ്‍ ചെയ്യും.എന്റെ കുടുംബത്തിനും അവന്‍ ഏറെ പരിചിതനായി കഴിഞ്ഞു.വീട്ടില്‍ മക്കള്‍ ഫോണില്‍ അവനോട് സംസാരിച്ചിട്ടു മാത്രമേ എനിക്കു തരൂ...
വിദ്യാലയത്തില്‍ ജൈവപച്ചക്കറിക്കൃഷിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചു.
എന്ത് നല്ല തുടക്കത്തിനും അദ്വൈദ് നമ്മുടെ കൂടെ ഉണ്ടാകണം എന്നത് ക്ലാസിലെ കുട്ടികളുടെയും ആഗ്രഹമായിരുന്നു.100 ഗ്രോബാഗില്‍ നടീല്‍ ആരംഭിച്ചപ്പോള്‍ ഞാനും അദ്വൈദും കൂടി ഒരു തൈ നട്ടു.ഞാന്‍ പറഞ്ഞു.ഇത് നിന്റെ തൈ....ദിവസവും ഇതിനെ നോക്കണം..അവന്‍ ചിരിച്ചു കൊണ്ട് തലയാട്ടി.

നവമ്പര്‍ 1 സ്കൂള്‍ സ്പോര്‍ട്സ്.ഞാനായിരുന്നു കണ്‍വീനര്‍.മത്സരങ്ങള്‍ കൃത്യമായ ആസൂത്രണത്തോടെ നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍.അന്നേ ദിവസം അദ്വൈദ് എന്തു ചെയ്യും?ഇതായിരുന്നു എന്റെ സങ്കടം.അവന് പങ്കെടുക്കാവുന്ന മത്സരങ്ങളോന്നും സ്കൂള്‍ സ്പോര്‍ട്സില്‍ ഇല്ല.ക്ലാസില്‍ എത്രയോ തവണ ഇന്‍ഡോര്‍ ഗെയിമുകള്‍ അനുരൂപീകരണം നടത്തി ഞങ്ങള്‍ അവനെ വിജയിപ്പിച്ചിട്ടുണ്ട്.പക്ഷെ ഇന്നേ ദിവസം എങ്ങനെ?
അദ്വൈദിനെ ഇന്ന് അയക്കണോ മാഷേ?
എല്ലാവരും മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ അവന്‍.....അമ്മ
അയക്കണം അവന് എന്റെ കൂടെ സ്പോര്‍ട്സ് നടത്തിപ്പില്‍ ‍ഡ്യൂട്ടി ഇട്ടിട്ടുണ്ട്.
പിറ്റേന്ന് രാവിലെ സ്പോര്‍ട്സ് പരിപാടിയില്‍ ഏറ്റവും തിരക്കുള്ള വ്യക്തി ആരായിരുന്നു എന്നറിയോണ്ടേ?

 അനൗണ്‍സര്‍ റോളില്‍ അവന്‍ തിളങ്ങി നിന്നു.
അവന്റെ തമാശകളും ചിരിവര്‍ത്തമാനങ്ങളും അന്ന് എല്ലാവരെയും നന്നെ രസിപ്പിച്ചു.
എനിക്കും വലിയ ആശ്വാസം തോന്നി.ഏതൊരു വിദ്യാലയപ്രവര്‍ത്തനങ്ങളിലും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ ക്ക് സന്തോഷകരമായ ഒരു സ്പേസ് കണ്ടെത്താന്‍ കഴിയുമെന്ന് എനിക്ക് മനസ്സിലായി.‌
പിറ്റേദിവസം വിജയികളായ കായിക താരങ്ങള്‍ക്ക് അസംബ്ലിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ഞാന്‍ അവനുവേണ്ടി ഒരു മെഡല്‍ കരുതിയിരുന്നു.മികച്ച അനൗണ്‍സര്‍ക്കുള്ള മെഡല്‍.മദര്‍ പിടിഎ പ്രസിഡണ്ടില്‍ നിന്നും മെഡല്‍ വാങ്ങി അവന്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.


ഇപ്പോള്‍ കുട്ടികള്‍ക്കെല്ലാം അവന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ്.കുറച്ച് സമയം നടത്തിക്കുന്നതിലും അസംബ്ലിയില്‍ കസേര എത്തിക്കുന്നതിലും അവനെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിലും സഹായിക്കുന്നതിലും കുട്ടികള്‍ മത്സരിച്ചു.വര്‍ഷയാണ് ഏറ്റവും കരുതല്‍ കാണിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.


പുറംവാതില്‍ പഠനത്തിന് ഞങ്ങള്‍ ക്ലാസില്‍ നിന്നിറങ്ങുമ്പോഴേക്കും കൂട്ടുകാര്‍ അവനുള്ള വീല്‍ ചെയറുമായെത്തും.അവന്റൊപ്പം നടക്കാന്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമാണ്.മാഷിന്റെ പ്രിയപ്പെട്ട കുട്ടിയാണ് അവന്‍ എന്ന ചിന്തയാണോ കുട്ടികളെ അതിന് പ്രേരിപ്പിക്കുന്നത്.ചിലപ്പോള്‍ അങ്ങനെയാകാം.



അദ്വൈദിന്റെ ചെറിയ നേട്ടങ്ങളേപ്പോലും ഞങ്ങള്‍ വിദ്യാലയ അസംബ്ലിയില്‍ കൃത്യമായി അഡ്രസ് ചെയ്തു.സ്നേഹം,പിന്തുണ,അംഗീകാരം,പ്രോത്സഹനം ഇതോക്കെയാണ് ഏതൊരു കുട്ടിയെയും മുന്നോട്ടു നയിക്കുക എന്നത് നിങ്ങളെ പോലെ ഞാനും മനസ്സിലാക്കുന്നു.

വിദ്യാലയത്തല്‍ പരീക്ഷണക്കളരി സംഘടിപ്പിച്ചപ്പോള്‍ അദ്വൈദിന്റെ അച്ഛന്‍ കുഞ്ഞിക്കേളുവും വിദ്യാലയത്തിലെത്തി.അമ്മയെപ്പോലെത്തന്നെ അച്ഛനും പഠനകാര്യങ്ങളിലും വിദ്യാലയപ്രവര്‍ത്തനങ്ങളിലും അവനെ സജീവമായി പിന്തുണക്കുന്നു.എന്നും ഉച്ചക്ക് അദ്ദേഹം സ്കൂളിലെത്തും.ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹം എങ്ങനെയാണ് ഇതിന് സമയം കണ്ടെത്തുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

വിദ്യാലയത്തില്‍ നിന്ന് ഏകദിന പഠനയാത്ര പോയപ്പോള്‍ അദ്വൈദായിരുന്നു ശ്രദ്ധാകേന്ദ്രം.അമ്മ അജിതയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.അമ്മക്കൊപ്പം അവനെ എടുക്കാന്‍ വിമലടീച്ചറും ഞാനും സഹായിച്ചിരുന്നു.അവനെയും എടുത്ത് ബേക്കല്‍ കോട്ടയിലെ ഉയരെയുള്ള കൊത്തളത്തിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സുപറയുന്നുണ്ടായിരുന്നു,ഇതു പോലെ എല്ലാ സ്ഥലങ്ങള്‍ കാണാനും ഉയരങ്ങള്‍ കീഴടക്കാനും ഈ കൊച്ചുമിടുക്കന് ആരെങ്കിലും എന്നും ഒപ്പം ഉണ്ടാകണേ എന്ന്...


മികച്ച പഠനായാത്രാ റിപ്പോര്‍ട്ടിന് ഞാന്‍ ഒരു സമ്മാനം പ്രഖ്യാപിച്ചിരുന്നു.പഠനയാത്രാറിപ്പോര്‍ട്ട് അമ്മയുടെ സഹായത്തോടെ സ്വന്തം കൈപ്പടയില്‍ എഴുതി അദ്വൈദ് തന്നു.ഫലപ്രഖ്യാപനത്തിന് ഞാന്‍ വിമലടീച്ചറുടെ സഹായവും തേടി.ഒന്നാം സ്ഥാനം സൂര്യക്ക് രണ്ടാം സ്ഥാനം അദ്വൈദിന്.പ്രത്യേകം വിളിച്ചു ചേര്‍ത്ത ചടങ്ങില്‍ സ്കൂള്‍ വിതസനസമിതി ചെയര്‍മാന്‍ കുഞ്ഞിക്കൃഷ്ണന്‍ മാങ്ങാട് അദ്വൈദിന് സമ്മാനം വിതരണം ചെയ്തു.

 വിദ്യാലയത്തില്‍ വികസനസെമിനാര്‍ നടന്നപ്പോള്‍ അഞ്ചു ലക്ഷത്തി അറുപത്തി മൂവായിരം രൂപയുടെ സ്പോണ്‍സര്‍‍ിപ്പാണ് വിദ്യാലയത്തിന് ലഭിച്ചത്.ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് സ്പോണ്‍സര്‍ചെയ്ത കുട്ടികള്‍ക്കുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നമ്മള്‍ ചുമതലപ്പെടുത്തിയതും അദ്വൈദിനെ ആയിരുന്നു


സ്കൂളിലെ കൂട്ടുകാര്‍ മാങ്ങടുള്ള വയോജനങ്ങള്‍ക്ക് വേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ടൗണിലെത്തി.അഞ്ചംഗസംഘത്തില്‍ അദ്വൈദിനെയും ഞാന്‍ ഉള്‍പ്പെടുത്തി.അജിതക്ക് സംശയം.അവന്‍ അവിടെ എന്തുചെയ്യാന്‍?
കൂട്ടുകാര്‍ പറഞ്ഞു.അവന്‍ ഒപ്പം വേണം.ഞങ്ങള്‍ സംഘഗാനം പ്ലാന്‍ ചെയ്തിട്ടുണ്ട്.
അങ്ങനെ അദ്വൈദും സംഘവും മനോഹരമായി പരിപാടികള്‍ അവതരിപ്പിച്ചു.
അതെ ഞങ്ങള്‍ അങ്ങനെയാണ് പരിപാടികള്‍ അനൗണ്‍സ് ചെയ്യുക... അദ്വൈദും സംഘവും...അത് കേള്‍ക്കുമ്പോള്‍ ആ കുഞ്ഞുമനസ്സ് എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം.ആ വാക്കുകള്‍ അവന് എത്രമാത്രം ആത്മവിശ്വാസം പകരുന്നുണ്ടെന്നും എനിക്കറിയാം.

മാര്‍ച്ച് മാസം എത്തുമ്പോഴേ അദ്വൈദും ക്ലാസിലെ കുട്ടികളും പറയാന്‍ തുടങ്ങി.ഇവിടെ അഞ്ചാംക്ലാസ് ആരംഭിക്ക് മാഷേ....നമ്മള്‍ക്കിവിടെത്തന്നെ പഠിക്കണം.
അങ്ങനെ അവര്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ഒരു നിവേദനം തയ്യാറാക്കി വാര്‍ഡ് മെമ്പറെ ഏര്‍‌പ്പിച്ചു.
അഞ്ചാം ക്ലാസ് തുടങ്ങും എന്ന പ്രതീക്ഷയില്‍ കുട്ടികള്‍ സജീവമായി.
ഞാനും തിരുത്താന്‍ പോയില്ല.അദ്വൈദിനെ സങ്കടപ്പെടുത്താന്‍ ഞാനും തയ്യാറായിരുന്നില്ല.
ഇനി അവന്‍ പഠിക്കുന്ന സ്കൂളില്‍ അവനെ പരിഗണിക്കുന്ന കൂട്ടുകാരും അധ്യാപകരം ഉണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രമാണ് എനിക്കുണ്ടായിരുന്നത്.
ഇപ്പോള്‍ അദ്വൈദ് അസുഖങ്ങള്‍ വന്നാല്‍ പോലും ലീവാക്കില്ല.രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചാലും വീട്ടില്‍ വിശ്രമിക്കില്ല.ഇനി ആകെ എനിക്ക് കൂട്ടുകാരുടെയും മാഷിന്റെയും കൂടെ ഇത്ര ദിവസം,എനിക്ക് സ്കൂളില്‍ പോണം...അവന്‍ വാശി പിടിക്കും.
ദിവസവും കലണ്ടര്‍ നോക്കി ഈ വര്‍ഷം ബാക്കിയുള്ള ദിനങ്ങള്‍ എണ്ണും.രവിലെ സ്കൂളിലെത്തിയാല്‍ പറയും മാഷേ,ഇനി നമ്മള്‍ക്ക് ഇത്ര ദിവസമേ ഉള്ളൂ....വല്ലാത്ത മുഖഭാവത്തോടെ അവന്‍ അത് പറഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത സങ്കടം വരും.
ഇടക്ക് ഒരു നാള്‍ അജിത പറഞ്ഞു.മാഷേ , ഇന്നലെ അവന്‍ ഒട്ടും ഉറങ്ങിയില്ല.വല്ലാത്ത ചുമ..എത്ര പറഞ്ഞിട്ടും സ്കൂളിലേക്കിങ്ങാന്‍ വാശി പിടിക്കുന്നു.മാഷിനൊന്ന് ഫോണില്‍ അവനോട് പറയാമോ...അവന്‍ ഫോണില്‍ നിര്‍ത്താതെ ചുമച്ചിട്ട് എന്നോട് പറയുകയാ,എനിക്ക് ചുമയൊന്നുമില്ല മാഷേ....എല്ലാംമാറീന്ന് ...അജിതയോട് ഞാന്‍ പറഞ്ഞു,അവന്‍ പോന്നോട്ടെ.മരുന്ന് കൊടുത്തുവിട്ടാല്‍ മതി..ഞാന്‍ ശിവിനെയും വര്‍ഷയെയും മരുന്ന് കഴിപ്പിക്കേണ്ട കാര്യം ഓര്‍മ്മിപ്പിക്കും...പക്ഷെ സമയമെത്തുംമുന്നെ ഞാനടക്കമുള്ള എല്ലാവരും ഓര്‍ത്ത് അദ്വൈദിന് മരുന്ന് കുടിക്കാന്‍ സമയമായി എന്നു വിളിച്ച് പറയും.ഇതിനിടയില്‍ എനിക്കവന്‍ ഒരു സമ്മാനം കൊണ്ടുത്തന്നു.നന്നായി വര്‍ണക്കടലാസില്‍ പൊതിഞ്ഞ്...സമ്മാനം തരുമ്പോള്‍ ആ കുഞ്ഞുകണ്ണിലുണ്ടായ സന്തോഷം ഞാന്‍ ആസ്വദിച്ചു.ഞാന്‍ സമ്മാനമെടുത്ത് മേശമേല്‍ വെച്ചു.മാഷിത് വീട്ടില്‍ കൊണ്ടുപോകുന്നില്ലേ..അവന്‍ ചോദിച്ചു.‌
വേനലവധിക്ക് സ്കൂള്‍ പൂട്ടിയപ്പോള്‍ ഞാന്‍ ആ സമ്മാനം വീട്ടിലെ എന്റെ മേശമേല്‍ സൂക്ഷിച്ചു.ആ സ്ഫടികച്ചില്ലില്‍ എനിക്കവന്റെ ചിരിക്കുന്ന മുഖം കാണാന്‍ കഴിയുന്നുണ്ട്.



സ്കൂള്‍ അടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
രക്ഷിതാക്കളും സങ്കടത്തിലായിരുന്നു.ഞാന്‍ അജിതയോട് പറഞ്ഞു.നിങ്ങളെപ്പോലൊരും മാതാപിതാക്കളെ ലഭിച്ചതാണ് അവന്റെ ഏറ്റവും വലിയ ഭാഗ്യം.ഇനി വരുന്ന സ്കൂളിലും പഠനത്തിലും വിദ്യാലയപ്രവര്‍ത്തനങ്ങളിലും അവനെ മുന്നോട്ടു നടത്താന്‍ എല്ലാവരും ഒപ്പമുണ്ടാകും.മാഷിന്റെ ഒപ്പമാണ് അവനിത്രമാത്രം സന്തോഷിച്ച് ഞാന്‍ കണ്ടിട്ടുള്ളത്.അവന്റെ നല്ല വിദ്യാലയ ഓര്‍മ്മക്കായി ഞങ്ങള്‍ക്കെന്തൊങ്കിലും വിദ്യാലയത്തിലേക്ക് ചെയ്യണം.
ഞാന്‍ പറഞ്ഞു അതോന്നും വേണ്ട
എനിക്കറിയാം ..വണ്ടി ഓടിച്ച് ലഭ്യമാകുന്ന വരുമാനത്തില്‍ മുന്നോട്ടു പോകുന്നകുടുംബം,ഇപ്പോള്‍ നടക്കുന്ന വീടു പണി എല്ലാം എനിക്കറിയാം....ഓ പറയാന്‍ വിട്ടു...അതിനിടയില്‍ ഒരു ഞായറാഴ്ച ഞാനും ഭാര്യയും മക്കളും അദ്വൈദിന്റെ വീട്ടില്‍ ചെന്നിരുന്നു.അന്ന് അവന്‍ പുതിയ വീടിന്റെ വിശേഷങ്ങളെല്ലാം നമ്മളോട് പറയുകയുണ്ടായി.
അവന് ഏറ്റവും ഇഷ്ടം എപിജെ അബ്ദുള്‍ കലാമിനെയാണ്.കുട്ടികള്‍ സ്വപ്നം കാണണമെന്ന കലാമിന്റെ വാക്കുകള്‍ ഞാന്‍ ഇടക്കൊക്കെ അവരെ ഓര്‍മ്മിപ്പിക്കുമായിരുന്നു. ,രാവിലെയും വൈകുന്നേരവും കൂടുതല്‍ സമയം വിദ്യാലയത്തില്‍ ചെലവഴിക്കുമ്പോഴും ഞാന്‍ പറയാറുണ്ടായിരുന്നു,അധികസമസം പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയുമാണ് കലാമിന് ഏറെ ഇഷ്ടമെന്ന്..
അജിതയും കുഞ്ഞിക്കേളുവും എന്നോട് ചോജിച്ചു.
അവന്റെ എറ്റവും ഇഷ്ടപ്പെട്ട കലാമിന്റെ ശില്പം അവന്റെ പേരില്‍ സ്കൂളില്‍ ചെയ്യട്ടെ.
അവരുടെ ആഗ്രഹത്തിന്റെ ആഴം മനസ്സിലാക്കിയ ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല.
അങ്ങനെ മാര്‍ച്ച് 31 ന് കലാംശില്പം പൂര്‍ത്തിയായി.

ശില്പത്തിനരികെ അദ്വൈദ്

കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ എപിജെ അബ്ദുള്‍ കലാമിന്റെ ശില്പം അനാഛാദനം ചെയ്യുമ്പോള്‍ നാട്ടുകാര്‍ പലരും മനസ്സില്‍‌ ചോദിച്ചിട്ടുണ്ടാകാം.ഈ പരിമിതികള്‍ക്കിടയിലും ഇവരെന്തിനീ.....
പക്ഷെ എനിക്കുത്തരമുണ്ട്.
എല്ലാ കുട്ടികളെയും തുല്യമായി പരിഗണിക്കുന്ന
വെല്ലുവിളിയുള്ള മക്കള്‍ക്ക് അനിവാര്യമായ പിന്തുണ ഉറപ്പാക്കുന്ന പൊതുവിദ്യാലയങ്ങള്‍ക്കുള്ള ആദരമാണ് ഈ ശില്പം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...